പ്രവാസികളുടെ രാജ്യത്തേക്കുളള കടന്ന് വരവിന് വേഗത കൂട്ടാനും, വ്യത്യസ്ഥമായ തൊഴില്‍, പ്രൊഫഷന്‍ എന്നിവകളില്‍ കഴിവ് തെളിയിച്ചവര്‍ക്ക് രാജ്യത്തിലേക്ക് എളുപ്പത്തില്‍ പ്രവേശനം ഉറപ്പാക്കുന്നതിനുമായി വ്യത്യസ്ഥമായ നിരവധി വിസകള്‍ യു.എ.ഇ പ്രവാസികള്‍ക്കായി അവതരിപ്പിക്കുന്നുണ്ട്. ഏറെക്കാലം രാജ്യത്ത് തൊഴില്‍ ചെയ്തതിന് ശേഷം വിരമിച്ച യു.എ.ഇയില്‍ തന്നെ തുടരാന്‍ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ട് യു.എ.ഇ വിസ അവതരിപ്പിച്ചിട്ടുണ്ട്. പ്രസ്തുത വിസക്കായി മുന്നോട്ട് വെച്ചിരിക്കുന്ന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയുന്നവര്‍ക്കെല്ലാം, അപേക്ഷ നല്‍കാവുന്നതാണ്.
2021ലായിരുന്നു ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷവും യു.എ.ഇയില്‍ തുടരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി രാജ്യം, വിസ പുറത്തിറക്കിയത്.
55 വയസോ, അതില്‍ കൂടുതലോ പ്രായമുളളവര്‍ക്ക് മാത്രമാണ് പ്രസ്തുത വിസക്കായി അപേക്ഷിക്കാന്‍ സാധിക്കുന്നത്. അഞ്ച് വര്‍ഷമാണ് വിസയുടെ കാലാവധിയായി കണക്കാക്കപ്പെടുന്നത്. കൂടാതെ ഇവര്‍ കുറഞ്ഞത് 15 വര്‍ഷമെങ്കിലും രാജ്യത്ത് തൊഴില്‍ ചെയ്തവരും ആയിരിക്കണം. ഇതിനൊപ്പം വിസ അനുവദിക്കുന്നതിന് മുന്നോടിയായി ഇത്തരക്കാരുടെ നിക്ഷേപവും പരിഗണിക്കും. രാജ്യത്ത് തുടര്‍ന്ന് താമസിക്കാനുളള വരുമാനം കയ്യിലുളളവരാണോ, അപേക്ഷകര്‍ എന്ന് ഉറപ്പ് വരുത്താനായിട്ടാണിത് ചെയ്യുന്നത്.
വിസ ലഭിക്കുന്നതിന് ആവശ്യമായ മറ്റു മാനദണ്ഡങ്ങള്‍
10 ലക്ഷം ദിര്‍ഹം മൂല്യംവരുന്ന സ്വത്തുള്ള വ്യക്തിയാകണം. പണയം വച്ച ആസ്തിയാകരുത്. – 10 ലക്ഷം ദിര്‍ഹത്തിന്റെ സമ്പാദ്യം വേണം, അല്ലെങ്കില്‍ 10 ലക്ഷം ദിര്‍ഹമിന്റെ മൂന്ന് വര്‍ഷ സ്ഥിര നിക്ഷേപം വേണം. – പ്രതിവര്‍ഷം 180000 ദിര്‍ഹം വരുമാനമുള്ള വ്യക്തിയാകണം. അല്ലെങ്കില്‍ പ്രതിമാസം 15000 ദിര്‍ഹം. – മേല്‍പ്പറഞ്ഞ എല്ലാംകൂടി ചേര്‍ത്ത് അഞ്ച് ലക്ഷം ദിര്‍ഹം മാസ വരുമാനമുള്ളവര്‍ക്കും അപേക്ഷിക്കാം.
മുകളില്‍ കൊടുത്തിരിക്കുന്ന നാലില്‍ ഏതെങ്കിലും യോഗ്യതയുളള വ്യക്തിക്ക് അഞ്ച് വര്‍ഷത്തേക്കുളള വിസക്ക് അപേക്ഷിക്കാം. ഇതിനായി ബന്ധപ്പെട്ട രേഖകളും വിസയ്ക്ക് അപേക്ഷിക്കുന്ന വേളയില്‍ നല്‍കേണ്ടതുണ്ട്. അപേക്ഷകന്റെയും ആശ്രിതരുടെയും പാസ്പോര്‍ട്ട് പകര്‍പ്പ്, പങ്കാളി കൂടെയുണ്ടെങ്കില്‍ വിവാഹ പത്രത്തിന്റെ പകര്‍പ്പ്, നിലവിലുള്ള വിസയുടെയും എമിറേറ്റ്സ് ഐഡിയുടെയും പകര്‍പ്പ്, ജോലിയില്‍ നിന്ന് വിരമിച്ച രേഖ എന്നിവയാണ് ആവശ്യം.
കൂടാതെ മറ്റുചില രേഖകള്‍ കൂടി അപേക്ഷന്‍ സമര്‍പ്പിക്കേണ്ടതുണ്ട്. വരുമാന രേഖ, ആറ് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ജോലിയില്‍ നിന്ന് വിരമിച്ച രേഖ, സമ്പാദ്യ രേഖ, സ്വത്ത് രേഖ എന്നിവയാണ് കൈവശമുണ്ടായിരിക്കേണ്ടത്. മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഇല്ലാതെയും അഞ്ച് വര്‍ഷത്തെ താമസ വിസയ്ക്ക് അപേക്ഷിക്കാം. വിസുടെ അപേക്ഷ അംഗീകരിച്ചാല്‍, ആരോഗ്യ പരിശോധന നടത്തി രേഖകള്‍ നേടണം.