കേരളത്തിലേക്ക് റെയില്‍വെയുടെ വന്ദേമെട്രോ ഉടന്‍; പ്രധാന സ്ഥലങ്ങളിലേക്കെല്ലാം സര്‍വീസ്, 130 കിലോമീറ്റര്‍ വേഗം

0
219

പത്തനംതിട്ട: വന്ദേഭാരതിന് പിന്നാലെ സംസ്ഥാനത്തേക്ക് റെയില്‍വേ പുതുതായി പുറത്തിറക്കുന്ന വന്ദേ മെട്രോയും എത്തുന്നതായി റിപ്പോര്‍ട്ട്. ട്രെയിന്‍ റൂട്ടുകള്‍ സംബന്ധിച്ച് റെയില്‍വേ ബോര്‍ഡ് ആലോചന തുടങ്ങിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. ഓരോ സോണിനോടും അഞ്ചുവീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാര്‍ശ ചെയ്യാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ദക്ഷിണ റെയില്‍വേയുടെ ശുപാര്‍ശ അനുസരിച്ചാകും റെയില്‍വേ ബോര്‍ഡിന്റെ തീരുമാനം.

അടുത്തവര്‍ഷം ജനുവരിക്കുശേഷം തിരുവനന്തപുരം മുതല്‍ കൊച്ചിവരെയുള്ള വന്ദേമെട്രോ എത്തുമെന്ന് കേന്ദ്ര റെയില്‍മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ വ്യക്തമാക്കിയിരുന്നു. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-പാലക്കാട്, പാലക്കാട്-കോട്ടയം, എറണാകുളം-കോയമ്പത്തൂര്‍, തിരുവനന്തപുരം-എറണാകുളം, കൊല്ലം-തിരുനെല്‍വേലി, കൊല്ലം-തൃശൂര്‍, മംഗളൂരു-കോഴിക്കോട്, നിലമ്പൂര്‍-മേട്ടുപാളയം റൂട്ടുകളാണ് പരിഗണനയിലുള്ളത്.

പാസഞ്ചര്‍ ട്രെയിനുകളുടെ എല്ലാ സ്റ്റോപ്പുകളും വന്ദേ മെട്രോയ്ക്ക് ഉണ്ടാവുകയില്ല. പൂര്‍ണമായും ശീതികരിച്ച പന്ത്രണ്ട് കോച്ചുകളാവും ഈ ട്രെയിനില്‍ ഉണ്ടാവുക. സൗകര്യങ്ങള്‍ ഏറക്കുറെ വന്ദേഭാരതിന് സമാനമായിരിക്കും. മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗത്തിലാവും വന്ദേ മെട്രോ ഓടുക. സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റെയില്‍ പാതകളുടെ വളവ് നിവര്‍ത്തലും മറ്റ് അറ്റക്കുറ്റപ്പണികളുമെല്ലാം അധികം വൈകാതെ തന്നെ പൂര്‍ത്തിയാവും. അതിനാല്‍ വന്ദേമെട്രോയ്ക്ക് ഇത്രയും വേഗം കൈവരിക്കുന്നതില്‍ തടസമുണ്ടാകില്ലെന്നാണ് കരുതുന്നത്.

ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയിലാണ് വന്ദേമെട്രോയ്ക്ക് ആവശ്യമായ റേക്ക് നിര്‍മ്മിക്കുന്നത്. നവംബര്‍ അവസാനത്തോടെയാവും ആദ്യറേക്ക് പുറത്തിറക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here