‘കോഴിയില്ലാതെ കോഴിയിറച്ചി’ ; ലാബിൽ വളർത്തിയ കോഴിയിറച്ചിക്ക് വില്പനാനുമതി നൽകി യുഎസ്

0
195

കൃത്രിമമായി വളർത്തിയെടുക്കുന്ന കോഴിയിറച്ചിക്ക് അംഗീകാരം നൽകി അമേരിക്ക. മൃഗ കോശങ്ങൾ ഉപയോഗിച്ച് നിർമിച്ചെടുക്കുന്ന കോഴിയിറച്ചിയുടെ വില്പനയ്ക്കാണ് യുഎസ് റെഗുലേറ്റേഴ്‌സ് പച്ചക്കൊടി കാട്ടിയിരിക്കുന്നത്. മൃഗങ്ങളെ അറുത്തെടുക്കുന്ന മാംസം ഒഴിവാക്കുന്നതിന്റെ ഭാഗമായിട്ടുള്ള ആദ്യ പടിയാണിത്. “സെൽ കൃഷി” എന്നറിയപ്പെടുന്ന ഈ കൃത്രിമ മാംസ നിർമ്മാതാക്കൾ യുഎസ് കമ്പനിയായ അപ്‌സൈഡ് ഫുഡ്‌സ് ആൻഡ് ഗുഡ് മീറ്റാണ്.

ഗുഡ് മീറ്റുമായി ചേർന്ന് പ്രവർത്തിക്കുന്ന ജോയിൻ ബയോളജിക്‌സ് എന്ന കമ്പനിക്കും ഉത്പന്നങ്ങൾ നിർമ്മിക്കാൻ അനുമതി ലഭിച്ചിട്ടുണ്ട്. മൃഗങ്ങൾക്ക് നേരെയുള്ള ക്രൂരതകൾ തടയുക, അറുക്കാൻ വേണ്ടി വളർത്തുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നതിനായി പ്രകൃതിയെ ചൂഷണം ചെയ്യുന്നത് തടയുക, പാരിസ്ഥിതിക ആഘാതങ്ങൾ കുറയ്ക്കുക എന്നിവയാണ് വിപ്ലവകരമായ ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.

ഇതിന്റെ ഭാഗമായി മാംസം, കോഴിയിറച്ചി എന്നിവയുടെ വിൽപനയുമായി ബന്ധപ്പെട്ടുള്ള ഫെഡറൽ പരിശോധനകൾ നടത്തുന്നതിനും കമ്പനികൾക്ക് അനുമതി ലഭിച്ചു. കമ്പനികൾ നിർമിക്കുന്ന മാംസ ഉത്പന്നങ്ങൾ ഭക്ഷ്യയോഗ്യമാണെന്ന് യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ വിലയിരുത്തി മാസങ്ങൾക്ക് ശേഷമാണ് അനുമതി.

ജീവനുള്ള മൃഗങ്ങളിൽ നിന്നോ ബീജസങ്കലനം ചെയ്ത മുട്ടയിൽ നിന്നോ സംഭരിക്കുന്ന കോശങ്ങളോ, ബാങ്കുകളിൽ സൂക്ഷിച്ചിരിക്കുന്ന കോശങ്ങളോ സ്റ്റീൽ ടാങ്കുകളിൽ വളർത്തിയെടുത്താണ് മാംസം ഉത്പാദിപ്പിക്കുക. ഇവ പിന്നീട് ചിക്കൻ കട്ലറ്റിന്റെയോ സോസേജ് രൂപത്തിലോ ഉള്ള വലിയ ഷീറ്റുകളായിട്ടാണ് അപ്‌സൈഡ് ഫുഡ്‌സ് ഉത്പാദിപ്പിക്കുക.

എന്നാൽ കൃത്രിമ മാംസ വില്പന യുഎസ് വിപണികളിൽ ഉടനെ ഉണ്ടാകാൻ സാധ്യതയില്ല. ലാബിൽ വളർത്തിയെടുക്കുന്ന മാംസത്തിന് സാധാരണ ഇറച്ചിയേക്കാൾ വില കൂടുതലായിരിക്കും എന്നതാണ് കാരണം. നിലവിൽ വിപണിയിൽ ലഭ്യമായിട്ടുള്ള മാംസത്തിന്റെ അളവിൽ ഉത്പാദിപ്പിക്കാൻ മാത്രം ഉടനെ സാധ്യമാകില്ലെന്നതും മറ്റൊരു കാരണമാണ്. ആദ്യഘട്ടം ശ്രദ്ധേയമായ റെസ്റ്റോറന്റുകളിൽ മാംസം വിതരണം ചെയ്യാനാണ് കമ്പനികളുടെ പദ്ധതി.

എന്നാൽ കൃത്രിമമായി നിർമ്മിക്കുന്ന മാംസം വിശ്വാസയോഗ്യമല്ലെന്നാണ് ഭൂരിഭാഗം ജനങ്ങളുടെയും അഭിപ്രായം.

ആഗോളതലത്തിൽ നൂറ്റിയൻപതിലധികം കമ്പനികൾ കോശങ്ങളിൽ നിന്നുള്ള മാംസ ഉത്പാദനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ചിക്കൻ മാത്രമല്ല പന്നി, ആട്, മീൻ, ബീഫ് തുടങ്ങിയവയുടെ കൃത്രിമ മാംസങ്ങളും ഉത്പാദിപ്പിക്കാനുള്ള ശ്രമം നടക്കുകയാണ്.

സിംഗപ്പൂരിൽ മനുഷ്യ നിർമിത മാംസ ഉത്പാദനം ആദ്യമായി ആരംഭിച്ചത് ഗുഡ് മീറ്റാണ്. കൃത്രിമ മാംസ ഉത്പാദനം ആദ്യമായിട്ടനുവദിക്കുന്ന രാജ്യം കൂടിയാണ് സിംഗപ്പൂർ. ഉത്പാദിപ്പിക്കുന്ന ചിക്കൻ സെല്ലുകളെ കട്ലറ്റ്, നഗറ്റുകൾ, ചെറിയ മാംസ കഷ്ണങ്ങൾ എന്നിവയാക്കി മാറ്റുകയാണ് ഗുഡ് മീറ്റിന്റെ രീതി.

LEAVE A REPLY

Please enter your comment!
Please enter your name here