പിണക്കം മറന്നു; നയതന്ത്രബന്ധം പുനഃസ്ഥാപിച്ച് ഖത്തറും യുഎഇയും

0
295

വർഷങ്ങള്‍ നീണ്ട വൈരാഗ്യത്തിന് ശേഷം യുഎഇയും ഖത്തറും നയന്ത്രബന്ധം പുനഃസ്ഥാപിച്ചു. ആറുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരു രാജ്യങ്ങള്‍ക്കുമിടയിലെ മഞ്ഞുരുകല്‍ സാധ്യമായത്. ഇതോടെ അബുദാബിയിലെ ഖത്തർ എംബസിയും ദുബായിലെ ഖത്തർ കോൺസുലേറ്റും ദോഹയിലെ എമിറാത്തി എംബസിയും പ്രവർത്തനം പുനരാരംഭിച്ചതായി ഇരു രാജ്യങ്ങളും വ്യക്തമാക്കി. യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാമാണ് വാർത്ത പുറത്തുവിട്ടത്

അതേസമയം, ഇരു രാജ്യങ്ങളുടെയും അംബാസഡർമാർ സ്ഥലത്തുണ്ടോ എന്നതിനെ കുറിച്ചും എംബസികള്‍ പൊതുജനങ്ങൾക്കായി തുറന്നിട്ടുണ്ടോ എന്നതിനെ കുറിച്ചുമുള്ള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. നയതന്ത്ര ബന്ധം ദൃഢമാക്കാന്‍ ഇരു രാജ്യങ്ങളും തമ്മില്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ തീരുമാനം.

തീവ്രാദത്തെ പ്രോത്സാഹിക്കുന്നെന്നാരോപിച്ച് 2017ലാണ് സൗദി അറേബ്യ, യുഎഇ, ഈജിപ്ത്, ബഹ്റിന്‍ എന്നീ രാജ്യങ്ങള്‍ ഖത്തറുമായുള്ള ബന്ധം അവസാനിപ്പിച്ചത്. പൊളിറ്റിക്കല്‍ ഇസ്ലാമിന്റെ വക്താക്കളായി ഖത്തര്‍ മാറുന്നു എന്നായിരുന്നു ഇവരുടെ പ്രധാന ആരോപണം. എന്നാല്‍ ആരോപണങ്ങളെല്ലാം ഖത്തർ നിഷേധിച്ചു

ഗൾഫ് അറബ് രാജ്യങ്ങൾക്കിടയിലെ നയതന്ത്ര പ്രതിസന്ധി തുടക്കത്തിൽ വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. എന്നാല്‍ രാജ്യത്തെ വാതക സമ്പത്തും തുർക്കിയുമായും ഇറാനുമായുള്ള അടുത്ത ബന്ധവുമെല്ലാം ഉപരോധവേളയിലും ഖത്തറിന് മുതല്‍ക്കൂട്ടായി. ഇതും മറ്റൊരര്‍ഥത്തില്‍ മഞ്ഞുരുകലിന് കാരണമായി.

വര്‍ഷങ്ങള്‍ നീണ്ടു നിന്ന പിണക്കത്തിനൊടുവില്‍ 2021ല്‍ ഈജിപ്തും,സൗദിയും ഖത്തറുമായുള്ള ബന്ധം മെച്ചപ്പെടുത്തിയിരുന്നു. ഫിഫ വേള്‍ഡ് കപ്പിന്റെ ഭാഗമായി ഖത്തറിലെത്തിയ സൗദി അറേബ്യ, ഈജിപ്ത്,യുഎഇ എന്നീ രാജ്യങ്ങളുടെ നേതാക്കളെ ഖത്തര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചിരുന്നു. ഇതെല്ലാം അതിന്റെ വലിയ തെളിവുകളായിരുന്നു. ഇതിനു പിന്നാലെയാണ് യുഎഇയും ഖത്തറുമായുള്ള നയതന്ത്രബന്ധം പുനഃസ്ഥാപിച്ചത്. അതേസമയം, ബഹ്റിന്‍ ഇപ്പോഴും ഖത്തറിനോട് അകലം പാലിക്കുന്നത് തുടരുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here