ചോദിച്ചിട്ട് നല്‍കാത്ത വിരോധത്തില്‍ കാര്‍ തകര്‍ത്തു, ഉടമയെ അക്രമിച്ചു; നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേര്‍ അറസ്റ്റില്‍

0
189

കുമ്പള: പച്ചമ്പളയിലും പരിസരങ്ങളിലും അടിക്കടിയുണ്ടാകുന്ന ഗുണ്ടാ വിളയാട്ടത്തിനെതിരെ കുമ്പള പൊലീസ് ശക്തമായ നടപടി തുടങ്ങി. കാര്‍ ചോദിച്ചിട്ട് നല്‍കാത്തതിന്റെ വിരോധത്തില്‍ പത്തംഗ സംഘം കാര്‍ തല്ലിതകര്‍ക്കുകയുണ്ടായി. ചോദിക്കാന്‍ ചെന്ന വീട്ടുടമയെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തു. സംഭവത്തില്‍ നിരവധി കേസുകളില്‍ പ്രതികളായ രണ്ടുപേരെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. എട്ടുപേരെ അന്വേഷിച്ചുവരുന്നു.

പച്ചമ്പളയിലെ അബ്ദുല്‍ ഇര്‍ഷാദ് എന്ന ലുട്ടാപ്പി ഇര്‍ഷാദ് (33), ഉപ്പളയിലെ സുഹൈല്‍ (23) എന്നിവരെയാണ് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐ. വി.കെ. അനീഷ് എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. മിയാപദവിലെ റഹീം, ലത്തീഫ്, അമ്മി എന്നിവരടക്കം എട്ടുപേരെയാണ് അന്വേഷിച്ചുവരുന്നത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി. ഇവരെ റിമാണ്ട് ചെയ്തു. അടുക്ക ബൈദലയിലെ മുജീബ് റഹ്മാന്റെ പരാതിയിലാണ് കേസ്.

അക്രമി സംഘത്തിലെ ഒരാള്‍ മുജീബ് റഹ്മാനോട് കാര്‍ ചോദിച്ചിരുന്നുവത്രെ. കാര്‍ നല്‍കാത്തതിന്റെ വിരോധത്തില്‍ 12ന് രാത്രി ഇര്‍ഷാദിന്റെ നേതൃത്വത്തിലുള്ള സംഘം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ആള്‍ട്ടോ കാറിന്റെ ഗ്ലാസുകള്‍ തല്ലിത്തകര്‍ക്കുകയും ശബ്ദം കേട്ട് വീട്ടില്‍ നിന്ന് ഇറങ്ങി വന്ന് ചോദ്യം ചെയ്തപ്പോള്‍ മുജീബ് റഹ്മാനെ ചവിട്ടി താഴെയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്നാണ് പരാതി. കത്തി ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കാട്ടി കൊലവിളി നടത്തിയാണ് ഗുണ്ടാസംഘം മടങ്ങിയത്. തട്ടിക്കൊണ്ടുപോകല്‍, കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, ഗുണ്ടാ വിളയാട്ടം തുടങ്ങിയ ഏഴ് കേസുകളിലെ പ്രതിയാണ് ഇര്‍ഷാദെന്ന് പൊലീസ് പറഞ്ഞു. സുഹൈല്‍ അഞ്ചോളം കേസുകളില്‍ പ്രതിയാണ്.

സംഘത്തില്‍പ്പെട്ട മിയാപ്പദവിലെ റഹീം 20 ലേറെ കേസുകളിലും അമ്മി പത്തോളം കേസുകളിലും മറ്റുള്ളവരും നിരവധി കേസുകളില്‍ പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. രാത്രി കാലങ്ങളില്‍ സംഘം പച്ചമ്പളയിലും പരിസരത്തും തമ്പടിച്ച് വഴിയാത്രക്കാരെ കത്തികാട്ടി ഭീഷണിപ്പെടുത്തി പണം തട്ടല്‍, തട്ടിക്കൊണ്ടുപോകല്‍, ബഹളമുണ്ടാക്കി വീട്ടുകാരെ ശല്യപ്പെടുത്തല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

രാത്രികാലങ്ങളില്‍ മയക്കുമരുന്ന് ലഹരിയില്‍ കടകള്‍ കുത്തിത്തുറന്ന് മോഷണം നടത്തുകയും കടകളുടെ പുറത്ത് സൂക്ഷിച്ച സാധങ്ങള്‍ കടത്തി കൊണ്ടുപോകുന്ന മറ്റൊരു സംഘവും പ്രവര്‍ത്തിക്കുന്നുണ്ട്. പ്രദേശത്ത് പരാക്രമങ്ങള്‍ വര്‍ധിച്ചതോടെയാണ് ഗുണ്ടാ സംഘങ്ങള്‍ക്കെതിരെ വിലങ്ങിടാന്‍ പൊലീസ് തീരുമാനിച്ചത്. രാത്രി കാലങ്ങളില്‍ പരിശോധന കര്‍ശനമാക്കും. അര്‍ധരാത്രി സംശയ സാഹചാര്യത്തില്‍ കാണുന്നവരെയും വാഹനങ്ങളെയും കസ്റ്റഡിയിലെടുക്കും. കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഇ. അനൂപ് കുമാര്‍, എസ്.ഐമാരായ വി.കെ.അനീഷ്, രജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.

 

LEAVE A REPLY

Please enter your comment!
Please enter your name here