കുല്‍ഗാം: വിജയത്തിലേക്കുള്ള പാതയില്‍ മദ്രസയിലെ വിദ്യാഭ്യാസവും ഹിജാബും വെല്ലുവിളിയല്ലെന്ന് വ്യക്തമാക്കി ആദ്യ പരിശ്രമത്തില്‍ തന്നെ നീറ്റ് പരീക്ഷയില്‍ മികച്ച വിജയം നേടി കശ്മീരിലെ ഇരട്ട സഹോദരിമാര്‍. കശ്മീരിലെ കുല്‍ഗാമിലെ വാറ്റോ ഗ്രാമത്തിലെ ഇമാമായ സയ്യിദ് സജദിന്‍റെ ഇരട്ടപ്പെണ്‍കുട്ടികളാണ് നീറ്റ് പരീക്ഷയില്‍ മിന്നുന്ന വിജയം നേടിയത്. ആദ്യ പരിശ്രമത്തില്‍ തന്നെയാണ് സയ്യിദ് താബിയയും സയ്യിദ് ബിസ്മയും ഈ നേട്ടം സ്വന്തമാക്കിയത്. പിതാവ് ഇമാമായിട്ടുള്ള ഹുജ്റയിലെ മോസ്കിന്‍റെ പരിസരത്തുള്ള ചെറിയ ക്വാര്‍ട്ടേഴ്സില്‍ നിന്നാണ് ഇരട്ട സഹോദരിമാരുടെ നേട്ടം.
വളരെ കുറഞ്ഞ ഔദ്യോഗിക വിദ്യാഭ്യാസമാണ് ലഭിച്ചതെങ്കിലും പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം വേണമെന്ന പിതാവിന്‍റെ ആഗ്രഹമാണ് ഇരട്ട സഹോദരിമാര്‍ക്ക് ഊര്‍ജ്ജമായത്. സമൂഹത്തിലെ ഏറ്റവും ദുര്‍ബലരെ സഹായിക്കാന്‍ മക്കള്‍ക്ക് അവസരം ലഭിക്കുന്നതില്‍ ദൈവത്തിന് നന്ദി പറയുകയാണ് സയ്യിദ് സജദ്. സജദിന്‍റെ ഗ്രാമമായ വാറ്റോയില്‍ ഇന്‍റര്‍നെറ്റ് സംവിധാനം പോലും തടസമില്ലാതെ ലഭിക്കാത്ത സാഹചര്യമാണുള്ളത്. നീറ്റ് പോലുള്ള മത്സര പരീക്ഷകളുടെ തയ്യാറെടുപ്പിന് ഇന്‍റര്‍നെറ്റ് അടക്കമുള്ള സേവനങ്ങള്‍ ഇടതടവില്ലാതെ ലഭിക്കേണ്ട സമയത്താണ് ഇതെന്നും സജദ് പ്രാദേശിക മാധ്യമങ്ങളോട് പറയുന്നത്. വിവിധ കോച്ചിംഗ് സെന്‍ററുകളില്‍ നിന്ന് നോട്ട് അടക്കം തയ്യാറാക്കിയാണ് ഈ പിതാവ് മക്കളുടെ പഠനത്തിന് വേണ്ടി മുന്നോട്ട് വന്നത്. 12ാം ക്ലാസ് പഠനത്തിന് ശേഷം പെണ്‍കുട്ടികളെ ശ്രീനഗറിലെ പരീക്ഷാ പരിശീലന കേന്ദ്രത്തിലാക്കാനും ഈ പിതാവ് മടിച്ചില്ല.