ടൈറ്റൻ അന്തർവാഹിനി തകർന്നു, യാത്രക്കാർ മരിച്ചതായി ഓഷ്യൻ ​ഗേറ്റ്: പേടകത്തിന്റെ അവശിഷ്ടങ്ങൾ ടൈറ്റാനികിന് സമീപം

0
240

അറ്റ്‍ലാന്റിക് സമുദ്രത്തിൽ കാണാതായ സമുദ്രപേടകം ടൈറ്റൻ തകർന്നതായി സ്ഥിരീകരണം. ടൈറ്റനിലെ അഞ്ച് യാത്രക്കാരും കൊല്ലപ്പെട്ടതായി അമേരിക്കൻ തീര സംരക്ഷണ സേനയും ഓഷ്യൻ ഗേറ്റ് കമ്പനിയും അറിയിച്ചു. ടൈറ്റാനിക് കപ്പലിന് ഒന്നര കിലോമീറ്ററോളം അകലെയാണ് പേടകത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനിക് കപ്പൽ കാണാൻ‌ പോയ സംഘം അപകടത്തിൽപെട്ടത് ഞായറാഴ്ചയാണ്. ടൈറ്റന് മദർഷിപ്പുമായുളള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

കാത്തിരിപ്പും പ്രാർത്ഥനകളും വിഫലം. ലോകത്തിന്റെ മുഴുവൻ ശ്രദ്ധയും നേടി നടന്ന തെരച്ചിലിന് സങ്കടകരമായ അവസാനം. വർഷങ്ങൾക്ക് മുൻപേ കടലിന്റെ ആഴങ്ങളിൽ ആണ്ടുപോയ കൂറ്റൻ കപ്പൽ ടൈറ്റാനിക് തേടിപ്പോയ സമുദ്രപേടകം ടൈറ്റനും അറ്റ്‍ലാന്റിക് സമുദ്രത്തിന്റെ അഗാധതകളിൽ മറഞ്ഞു. ഓക്സിജന്റെ അളവ് തീരുന്നു എന്ന ആശങ്കകൾക്കിടയിലും പുരോഗമിച്ച തെരച്ചിൽ ദൗത്യം ഒടുവിൽ അവശിഷ്ടങ്ങളിൽ തട്ടി അവസാനിച്ചു.

അമേരിക്കൻ തീര സംരക്ഷണ സേനയാണ് തകർന്ന ടൈറ്റന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. ടൈറ്റാനികിന് 1600 മീറ്റർ അകലെയായിരുന്നു അഞ്ച് ഭാഗങ്ങളായി അവശിഷ്ടങ്ങൾ കിടന്നിരുന്നത്. ഇന്ത്യൻ സമയം പുലർച്ചെ 1.30 ഓടെ ടൈറ്റന്റെ ഉടമസ്ഥരായ ഓഷ്യൻ ഗേറ്റ് കമ്പനിയുടെ സ്ഥിരീകരണമെത്തി. തങ്ങളുടെ സിഇഒ, സ്റ്റോക്ടൻ റഷ് ഉൾപ്പെടെ പേടകത്തിലെ 5 യാത്രക്കാരും മരിച്ചതായി കമ്പനി സ്ഥിരീകരിച്ചു. കടലിന്നടിയിലെ മർദ്ദം താങ്ങാനാകാതെ പേടകം പൊട്ടിത്തെറിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.

കൃത്യമായ കാരണം അന്വേഷണത്തിന് ശേഷമേ വെളിപ്പെടൂ. പാകിസ്ഥാനി വ്യവസായി ഷഹ്സാദ ദാവൂദ്, മകൻ സുലൈമാൻ ദാവൂദ്, ദുബായിലെ ബ്രിട്ടീഷ് വ്യവസായി ഹാമിഷ് ഹാർഡിങ്, പൈലറ്റ് പോൾ ഹെൻറി നാർസലെ എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാർ. ഇവരുടെ മൃതദേഹം എവിടെ എന്ന് വ്യക്തമല്ല. അത് കണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യുഎസ് തീര സംരക്ഷണ സേന വ്യക്തമാക്കി.

ടൈറ്റാനികിന്റെ അവശിഷ്ടങ്ങൾ കാണാൻ സാഹസികരായ യാത്രക്കാരേയും വഹിച്ച് ഞായറാഴ്ചയാണ് ടൈറ്റൻ കടലിന്രെ അടിത്തട്ടിലേക്ക് പുറപ്പെട്ടത്. 2021ലും 22ലും സമാന ദൗത്യം ടൈറ്റൻ വിജയകരമായി പൂർത്തിയാക്കിയിരുന്നു. എന്നാൽ ഇക്കുറി യാത്ര പുറപ്പെട്ട് ഒന്നേ മുക്കാൽ മണിക്കൂർ പിന്നിട്ടപ്പോഴേക്കും മദർഷിപ്പ് പോളാർ പ്രിൻസുമായുള്ള ബന്ധം നഷ്ടമാകുകയായിരുന്നു. 5 യാത്രക്കാർക്ക് 96 മണിക്കൂർ ശ്വസനത്തിന് ആവശ്യമായ ഓക്സിജനാണ് പേടകത്തിലുണ്ടായിരുന്നത്.

തുടർന്ന് നടന്ന സമാനകളില്ലാത്ത രക്ഷാ ദൗത്യത്തിൽ അമേരിക്കയും കാനഡയും ഫ്രാൻസും ബ്രിട്ടനും എല്ലാം പങ്കാളികളായി. വിമാനങ്ങളും കപ്പലുകളും റോബോട്ടുകളും 17,000 ചതുരശ്ര കിലോമീറ്ററിൽ പരതി. ഇതിനിടെ ടൈറ്റനിൽ നിന്നെന്ന് സംശയിക്കുന്ന സിഗ്നലുകൾ കനേഡിയൻ വിമാനത്തിന് ലഭിച്ചതായി വിവരമെത്തിയത് പ്രതീക്ഷ കൂട്ടി. പക്ഷേ പ്രതീക്ഷകളെല്ലാം വിഫലമാക്കി, വ്യാഴാഴ്ച രാത്രി 12.15 ഓടെ ടൈറ്റൻ തകർന്നെന്ന വിവരം എത്തുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here