ന്യൂഡൽഹി: ‘അവരെ ഞങ്ങൾ സ്നേഹത്തോടെ പുറന്തള്ളും. സൗഹാർദത്തോടെ തന്നെ ഇവിടെ നിന്ന് പിടിച്ചുപുറത്താക്കും. ഇവിടെ കച്ചവടം ചെയ്യാൻ ഇനി ഞങ്ങൾ അവരെ അനുവദിക്കില്ല. കടകൾ തുറക്കാൻ പോലും അനുവദിക്കില്ല. അതോടെ സ്വന്തം നിലക്ക് അവർ പൊയ്ക്കൊള്ളും’- ബി.ജെ.പി പട്ടിക ജാതി മോർച്ച ഉത്തരകാശി ജില്ലാ പ്രസിഡന്റ് പ്രകാശ് കുമാർ ദബ്രാലിന്റേതാണ് വാക്കുകൾ. ഉത്തരകാശി ജില്ലയിലെ പുരോല പട്ടണത്തിലെ മുസ്‍ലിംകൾക്കുള്ളതാണ് ഈ മുന്നറിയിപ്പ്. കഴിഞ്ഞ മാസം 26 മുതൽ ഹിന്ദുത്വ തീവ്രവാദികൾ ‘ലവ് ജിഹാദ്’ വിദ്വേഷ പ്രചാരണത്തിലൂടെ പുരോല വിട്ടുപോകാൻ മുസ്‍ലിംകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
പുരോലയിൽ മെയ് 26ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരു ഹിന്ദുവും മുസ്‍ലിമും അറസ്റ്റിലായതോടെയാണ് വർഗീയ പ്രചാരണത്തിന്റെ തുടക്കം. ഇരുവരും റിമാൻഡിലായി ജയിലിലാണ്. ഉബൈദ് ഖാൻ(24) എന്ന കിടക്ക വിൽപനക്കാരനും ജിതേന്ദ്ര സൈനി (23) എന്ന മോട്ടോർ സൈക്കിൾ മെക്കാനിക്കും അറസ്റ്റിലായ കേസിൽ ജിതേന്ദ്ര സൈനിയുടെ പേര് മറച്ചുവെച്ച് ഉബൈദ് ഖാനെ മാത്രം ഉയർത്തിക്കാണിച്ച് ഹിന്ദുത്വ തീവ്രവാദികൾ ഇത് ലവ് ജിഹാദ് കേസായി അവതരിപ്പിക്കുകയായിരുന്നു.
പ്രതികളെ അറിയില്ല; ലവ് ജിഹാദ് കേസല്ല
അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞത്: ‘‘ഈ കേസിൽ പിടിയിലായ പ്രതികളെ ഈ പെൺകുട്ടിക്ക് അറിയില്ല. ഇതിനൊരു ലവ് ജിഹാദ് ആംഗിൾ ഇല്ല. പ്രതികളെ നേരത്തെ അറിയാമായിരുന്നുവെങ്കിലല്ലേ ലവ് ജിഹാദ് എന്ന് പറയാനാകൂ. ഒന്നുകിൽ അവർ തമ്മിൽ സൗഹൃദമുണ്ടായിരിക്കണം. അല്ലെങ്കിൽ മറ്റാരെങ്കിലും പെൺകുട്ടിയെ പ്രതികൾക്ക് പരിചയപ്പെടുത്തി കൊടുക്കണം. ഈ കേസിൽ അത് രണ്ടുമില്ല.’’
എന്നാൽ അറസ്റ്റിന്റെ പിറ്റേന്ന് ഹിന്ദുത്വ തീവ്രവാദ ഗ്രൂപ്പുകളും വ്യാപാരികളുടെ ട്രേഡ് യൂനിയനുകളും നാട്ടുകാരിൽ ചിലരും ചേർന്ന് പട്ടണത്തിലേക്ക് പുറത്ത് നിന്ന് വന്നവർക്കെതിരെ പ്രതിഷേധ റാലികൾ സംഘടിപ്പിച്ചു. കടകൾ അടച്ച് കച്ചവടം നിർത്തി പോയില്ലെങ്കിൽ ഗുരുതര ഭവിഷ്യത്ത് നേരിടേണ്ടി വരുമെന്ന് റാലികളിൽ മുസ്‍ലിംകൾക്ക് മുന്നറിയിപ്പ് നൽകി. ഇതേ തുടർന്ന് കഴിഞ്ഞ രണ്ടാഴ്ചയായി മുസ്‍ലിംകളുടെ 40ാളം വ്യാപാര സ്ഥാപനങ്ങൾ ഉത്തരഖണ്ഡിൽ അടഞ്ഞുകിടക്കുകയാണ്.
കടകൾക്ക് മേൽ പതിച്ച അന്ത്യ ശാസനം
‘‘2023 ജൂൺ 15ലെ മഹാപഞ്ചായത്തിന് മുമ്പ് കടകൾ കാലിയാക്കണം. അങ്ങിനെ ചെയ്തില്ലെങ്കിൽ പിന്നീടെന്ത് സംഭവിക്കുമെന്ന് സമയം പറയും’’ എന്നാണ് ‘ദേവ്ഭൂമി രക്ഷാ അഭിയാൻ’ എന്ന സംഘടനയുടെ പേരിൽ ഹിന്ദുത്വ തീവ്രവാദികൾ പുരോല പട്ടണത്തിലെ മുസ്‍ലിംകളുടെ വ്യാപാരസ്ഥാപനങ്ങൾക്ക് മേൽ പതിച്ചിരിക്കുന്ന അന്ത്യശാസന പോസ്റ്റർ. മേയ് 26ന് ശേഷം മുസ്‍ലിംകളുടെ 30 കടകൾ ഇത്തരത്തിൽ പൂട്ടിപ്പോയെന്ന് പുരോലയിലെ വ്യാപാരിയായ ഇംറോസ് പറഞ്ഞു.
വ്യാപാരം മുസ്‍ലിംകളുടേതാണെങ്കിലും കെട്ടിടം ഹിന്ദുക്കളുടേതായതിനാൽ മുസ്‍ലിംകളെ പുറന്തള്ളാനുള്ള ആഹ്വാനം എളുപ്പത്തിൽ നടപ്പാകുകയാണ്. നിരവധി മുസ്‍ലിം കുടുംബങ്ങൾ പുരോലയിൽ നിന്ന് പലായനം ചെയ്തു. എന്നിട്ടും അതൊരു ‘മീഡിയ ഹൈപ്’ എന്ന് പറഞ്ഞു തള്ളിക്കളയുകയാണ് അധികൃതർ. മുസ്‍ലിംകൾക്ക് ഒരുതരത്തിലുള്ള ഭീഷണിയുമില്ലെന്നും അവരെല്ലാം പുരോല വിട്ടുപോകുന്നത് സ്വന്തം ഇഷ്ടപ്രകാരമാണ് എന്നുമാണ് പുരോല സബ്ഡിവിഷനൽ മജിസ്ത്രേട്ട് ദേവാനന്ദ് ശർമ പറയുന്നത്.
ബി.ജെ.പിയിൽ ചേർന്ന സാഹിദിനും രക്ഷയില്ല
ആറ് വർഷം മുമ്പാണ് ഉത്തരകാശിയിൽ 18 വർഷമായി റെഡിമെയ്ഡ് ഷോപ്പ് നടത്തുന്ന സാഹിദ് മാലിക് ബി.ജെ.പിയിൽ ചേർന്നത്. ഈ മാസം ഏഴിന് രാത്രി കടയിലുള്ളതെല്ലാം പെറുക്കി കൂട്ടി വണ്ടിയിൽ കയറ്റി വിട്ടു സ്വന്തം കടക്ക് താഴിട്ടു. സാഹിദിന്റെ ജ്യേഷ്ഠ സഹോദരൻ അബ്ദുൽ വാഹിദ് 30 വർഷമായി നടത്തികൊണ്ടിരുന്ന ടൈലറിങ് ഷോപ്പ് അദ്ദേഹം മരിച്ച ശേഷം നടത്തുന്ന മകൻ ഷാനവാസിനും കട പൂട്ടിയേ തീരൂ. മെയ് 28ന് പുരോല പട്ടണത്തിൽ നടന്ന വൻ റാലിയിൽ മുസ്‍ലിംകളുടെ കടകൾക്ക് നേരെ ആക്രമണവും നടന്നു. ബോർഡുകളും ഫ്ലക്സുകളും നശിപ്പിച്ചു. ഏതാനും ദിവസം കഴിയുമ്പോൾ സാധാരണനിലയിലേക്ക് വരുമെന്നാണ് സാഹിദ് കരുതിയത്. എന്നാൽ ബാർകോട്ടിൽ മറ്റൊരു റാലി നടന്നു. കാര്യങ്ങൾ വഷളായി. അതോടെ പുരുലിയ വിടാൻ തീരുമാനിച്ചുവെന്ന് സാഹിദ് പറഞ്ഞു.
ഉത്തരകാശിയിൽ നിന്ന് ഉത്തരഖണ്ഡ് ഒന്നാകെ
പുരോലയിൽ നിന്ന് മുസ്‍ലിംകൾക്കെതിരായ വിദ്വേഷ പ്രചാരണം മറ്റു ഭാഗങ്ങളിലേക്കും പടർന്നത് വളരെ പെട്ടെന്നാണ്. ബാർകോട്ട്, ചിന്യാലിസോർ, നോഗോവ്, ഡാംട്ട, ബർണിഗാഡ്, ശനട്വർ, ഭട്വാരി എന്നിവിടങ്ങളിലേക്കും ഈ വിദ്വേഷപ്പുക പടർന്നു കഴിഞ്ഞു. മുഖ്യമന്ത്രി പുഷ്‍കർ സിങ്ങ് ധാമി തന്നെ ‘ലവ് ജിഹാദി’നെ രംഗത്തുവന്നതോടെ ഈ വിദ്വേഷ പ്രചാരണത്തിന് ഉത്തരഖണ്ഡിൽ ഔദ്യോഗിക സ്വഭാവം കൈവന്നു. തെഹ്‍രി ഗഡ്‍വാളിൽ മാലിന്യം പെറുക്കിയും ഐസ്ക്രീം വിറ്റും ജീവിക്കുന്ന ഒരു പ്രത്യേക സമുദായത്തിൽപ്പെട്ട ആളുകളെ പുറത്താക്കിയില്ലെങ്കിൽ ജൂൺ 20ന് ദേശീയ പാത ഉപരോധിക്കുമെന്നാണ് ഹിന്ദു യുവ വാഹിനിയുടെയും തെഹ്‍രി ഗഡ്‍വാൾ വ്യാപരി യൂണിയന്റെയും മുന്നറിയിപ്പ്.