കൊച്ചി: ‘തൊപ്പി’യെന്ന പേര് ആദ്യം കേൾക്കുന്നവരുണ്ടാകാം. എന്നാൽ യൂട്യൂബിൽ ഈ പേരും പേരിനുടമയും വൈറലാണ്. 6.9 ലക്ഷം സബ്സ്ക്രൈബേഴ്സും, 7.5 ലക്ഷം ഫോളോവേഴ്സുമുണ്ട് തൊപ്പി എന്നറിയപ്പെടുന്ന യൂട്യൂബ് വ്‌ളോഗറായ കണ്ണൂർ മാങ്ങാട് സ്വദേശി മുഹമ്മദ് നിഹാദിന്. ഇന്നലെ മുതലാണ് ഈ പേര് മാധ്യമങ്ങളിൽ നിറയുന്നത്. തൊപ്പിക്കെതിരെ കേസെടുത്തു എന്ന വാർത്ത ആദ്യമെത്തുന്നത് ഉച്ചക്ക് ശേഷമാണ്. അശ്ലീല പരാമർശം നടത്തുകയും ഗതാഗതം തടസ്സപ്പെടുത്തുകയും ചെയ്തു എന്നാണ് ഇയാൾക്കെതിരെയുള്ള കേസ്. മലപ്പുറം വളാഞ്ചേരിയിൽ ഒരു ഉദ്ഘാടന പരിപാടിക്കെത്തിയപ്പോൾ അശ്ലീല പരാമർശം നടത്തിയെന്നും ഇയാളെത്തിയതിനെ തുടർന്നുണ്ടായ ഗതാഗത തടസ്സവുമായിരുന്നു കേസിനാധാരം.
അശ്ലീലവും സ്ത്രീവിരുദ്ധതയുമാണ് തൊപ്പിയുടെ വീഡിയോ ഉള്ളടക്കം എന്ന് ഒരു വിഭാഗം പറയുമ്പോൾ തന്നെ തൊപ്പിയെ കസ്റ്റഡിയിലെടുത്ത രീതിയിൽ പൊലീസിനെതിരെ വിമർശനമുയരുന്നുണ്ട്. മുറിയുടെ വാതിൽ ചവിട്ടിപ്പൊളിച്ചാണ് തൊപ്പിയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. അതിനിടെ പൊലീസ് എത്തുന്ന ദൃശ്യങ്ങളടങ്ങിയ വീഡിയോയും ഇയാൾ പോസ്റ്റ് ചെയ്തിരുന്നു. ഈ വീഡിയോയിൽ പൊലീസ് വാതിലിൽ തട്ടുന്നത് കാണാം. വാതിലിന്റെ അടിഭാഗം പൊലീസ് ചവിട്ടിപ്പൊളിക്കുന്നുണ്ട്. പൊലീസാണോ എന്ന തൊപ്പിയുടെ ചോദ്യത്തിന് അതെ എന്ന മറുപടിയും കിട്ടുന്നുണ്ട്.
അതേ സമയം കേസെടുത്തതിനെ തുടർന്ന് ഹാജരാകാൻ ഇയാളോട് ആവശ്യപ്പെട്ടിരുന്നു എന്നും വരാൻ പറ്റില്ല എന്നായിരുന്നു ഇയാളുടെ മറുപടി എന്നും പൊലീസ് വിശദീകരിക്കുന്നു. തൊപ്പിയുടെ കൈവശം അശ്ലീല കണ്ടന്റ് ഉണ്ടെന്ന സൂചനകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ തെളിവുകൾ നശിപ്പിക്കാതിരിക്കാനാണ് പെട്ടെന്ന് കസ്റ്റഡിയിൽ എടുത്തതെന്ന് പൊലീസ് പറയുന്നു. ഒരു മണിക്കൂറോളം വാതിലിനു പുറത്തു കാത്തിരുന്നു. ഒടുവിൽ തുറക്കാനുള്ള ശ്രമത്തിനിടെ വാതിൽ ലോക്കായിപ്പോയി. തെളിവുകൾ നശിപ്പിക്കാതിരിക്കാൻ ആണ് ചവിട്ടി പൊളിക്കേണ്ടി വന്നതെന്നും പൊലീസ് വിമർശനത്തിന് വിശദീകരണം നൽകുന്നു. ഇയാളുടെ ലാപ്ടോപ്പും മറ്റ് ഉപകരണങ്ങളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.
തൊപ്പിക്കെതിരെ കണ്ണപുരം പൊലീസും കേസെടുത്തിട്ടുണ്ട്. സ്ത്രീവിരുദ്ധതയും അശ്ലീല സംഭാഷണങ്ങളും സമൂഹമാധ്യമങ്ങളിൽ വഴി പ്രചരിപ്പിച്ചതിനാണ് കണ്ണപുരം പൊലീസ് കേസെടുത്തിട്ടുള്ളത്. നിലവിൽ വളാഞ്ചേരി പൊലീസിന്റെ കസ്റ്റഡിയിലാണ് ഇയാളുള്ളത്. ഇവിടുത്തെ നടപടികൾ പൂർത്തിയാക്കിയാൽ കണ്ണൂരിലെത്തിച്ച് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തും.
യുട്യൂബർ തൊപ്പി കുട്ടികളിലുണ്ടാക്കിയ സ്വാധീനത്തിൽ ആശങ്കയെന്ന് മന്ത്രി ആർ ബിന്ദു പ്രതികരിച്ചിരുന്നു. ‘മുൻകാലങ്ങളിലെ പോലെയല്ല, കുട്ടികൾക്ക് വലിയ മാറ്റങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുകയാണ്. ആ മാറ്റങ്ങൾ നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. കാലത്തിന്റെ മാറ്റങ്ങൾ നമ്മുടെ കുഞ്ഞുങ്ങളെ എങ്ങനെ ബാധിക്കുന്നുവെന്ന് വേവലാതിയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞ ദിവസം തൊപ്പി എന്ന പേരിലൊരുത്തൻ വളാഞ്ചേരിയിൽ വന്നപ്പോൾ കുഞ്ഞുങ്ങൾ ആരാധനയോടെ ഓടിച്ചെന്നുവെന്നും തൊപ്പി സംസാരിക്കുന്ന സാമൂഹ്യവിരുദ്ധതക്ക് കുഞ്ഞുങ്ങൾ കയ്യടിച്ചുവെന്നും അറിഞ്ഞപ്പോൾ അധ്യാപിക എന്ന നിലയിലും അമ്മ എന്ന നിലയിലും വേദന തോന്നി’. ഏഷ്യാനെറ്റ് ന്യൂസിന്റെ പോയിന്റ് ബ്ലാങ്ക് എന്ന പരിപാടിയിലാണ് മന്ത്രിയുടെ വിമർശനം.