എഐ ക്യാമറയുടെ കണ്ണ് വെട്ടിക്കാന്‍ പലവഴിയാണ് ആളുകള്‍ പയറ്റുന്നത്. കുറച്ചുദൂരം ഓടിയാലും ക്യാമറയില്ലാത്തവഴിയിലൂടെ പോവുകയാണ് പലരും ചെയ്യുന്നത്. എന്നാല്‍ ക്യാമറയുള്ള വഴിയിലൂടെ തന്നെ പോയെ പറ്റൂ എന്നുള്ളവര്‍ പയറ്റുന്ന പല പണികള്‍ക്കും മറുപടിയുമായി എത്തിയിരിക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്.
നിയമം ലംഘിച്ച് കാമറയുടെ മുന്നിലെത്തുമ്പോള്‍ വാഹന നമ്പര്‍ കൈകൊണ്ടും സ്റ്റിക്കര്‍ പതിച്ചും മറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കാണ് നിലവില്‍ പണികിട്ടിത്തുടങ്ങിയിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ നിയമലംഘനം നടത്തിയ ഉച്ചാരക്കടവ് സ്വദേശിയായ വിദ്യാര്‍ഥിയെ കണ്ടെത്തി വാഹനം പിടിച്ചെടുത്ത് 13,000 രൂപ പിഴ ചുമത്തിയത് ഒരു ഉദാഹരണം മാത്രമാണ്. വിദ്യാര്‍ഥിയുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ബൈക്കില്‍ യാത്ര ചെയ്തിരുന്ന രണ്ടുപേരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. ആളെ തിരിച്ചറിയാതിരിക്കാന്‍ അപകടം വരുത്തുംവിധം ഒരു കൈകൊണ്ട് വാഹനം ഓടിച്ച് മറ്റേ കൈ ഉപയോഗിച്ച് നമ്പര്‍ മറച്ചായിരുന്നു കബളിപ്പിക്കല്‍. ഉച്ചാരക്കടവില്‍ നിന്നും പിടികൂടിയ വാഹനം ആര്‍സിയുടെ പേരുള്ള ഉടമയുടെ കൈവശമല്ല. അദ്ദേഹം വിറ്റ ശേഷം രണ്ട് തവണ വാഹനം കൈമാറ്റം ചെയ്തു. എന്നിട്ടും വെറും രണ്ട് മണിക്കൂര്‍ കൊണ്ടാണ് എം.വി.ഡി നിയമം ലംഘിച്ചയാളെ പിടികൂടിയത്.
റോഡ് നിയമം ലംഘിച്ച് കാമറയെ പറ്റിക്കുന്നവര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌മെന്റ് വിഭാഗം വന്‍ തുകയാണ് ഈടാക്കുന്നത്. ക്യാമറയില്‍ വാഹനത്തിന്റെയും അതില്‍ സഞ്ചരിക്കുന്നയാളുടെയും ചിത്രം വ്യക്തമായിട്ടാണ് പതിയുന്നത്. നിങ്ങളിനി നമ്പര്‍ പ്ലേറ്റ് മറിച്ചുപിടിച്ചാലും എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് വാഹനത്തേയും ആളുകളെയും ഈ ചിത്രത്തില്‍ നിന്ന് തിരിച്ചറിയാനാകും. കുറച്ചുദിവസങ്ങളായി നമ്പര്‍പ്ലേറ്റ് ഇത്തരത്തില്‍ മറിച്ചുപിടിച്ചുള്ള യാത്ര കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ നമ്പര്‍പ്ലേറ്റ് മറച്ചുപിടിച്ച് യാത്ര ചെയ്യുന്നതിനെതിരെ കേരള പൊലിസും എം.വി.ഡിയും മുന്നറിയിപ്പ് നല്‍കിയിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു മുന്നറിയിപ്പ് നല്‍കിയത്.
‘അപകടകരമായ അഭ്യാസമാണ് നിങ്ങള്‍ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി അറിയിക്കുന്നു’ – എന്നാണ് കേരള പൊലിസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞിരുന്നത്.
ക്യാമറയില്‍ നിന്ന് രക്ഷപ്പെടുന്നതിന് വേണ്ടി മുല്ലപ്പൂ ചൂടുന്ന പോലെ തലയില്‍ ഹെല്‍മറ്റ് എടുത്ത് തിരിച്ചുവച്ച് യാത്ര ചെയ്യുന്നവര്‍ക്കും എം.വിഡി മുന്നറിയിപ്പ് നല്‍കിയിരുന്നു.
താടി ഭാഗങ്ങള്‍ അടക്കം പൂര്‍ണ്ണമായി മൂടുന്നതും തലയ്ക്ക് കൃത്യമായി ഇണങ്ങുന്നതും പൂര്‍ണ്ണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുമായ ഹെല്‍മെറ്റ് ഉപയോഗിക്കുക മാത്രമല്ല ഒരു വിരല്‍ കടക്കാവുന്ന ഗ്യാപ്പില്‍ ചിന്‍സ് സ്ട്രാപ്പ് മുറുക്കി ഹെല്‍മെറ്റ് ഉപയോഗിച്ചാല്‍ മാത്രമേ അത് യാത്രകളില്‍ തലയ്ക്ക് സംരക്ഷണം നല്‍കൂവെന്നും എം.വി.ഡി വ്യക്തമാക്കിയിരുന്നു.