വാഹനപ്രേമികളുടെ കാത്തിരിപ്പിന് വിരാമം; മിഡ്‌സൈസ് എസ്യുവി എലിവേറ്റ് എത്തി

0
126

ഹോണ്ടയുടെ മിഡ്‌സൈസ് എസ്യുവി എലിവേറ്റ് ഇന്ത്യയില്‍ അവതരിച്ചു. എസ്യുവി വിപണിയിലേക്കുള്ള വമ്പന്‍ തിരിച്ചുവരവ് ലക്ഷ്യം വച്ചെത്തിക്കുന്ന എലിവേറ്റിന്റെ ഗ്ലോബല്‍ അണ്‍വീലിങ് ന്യൂഡല്‍ഹിയിലാണ് നടന്നത്. ഇതാദ്യമായാണ് മിഡ്‌സൈസ് എസ്യുവി ഹോണ്ട ആഗോളതലത്തില്‍ അവതരിപ്പിക്കുന്നത്. ജാപ്പനീസ് ഓട്ടോമൊബൈല്‍ ഭീമനില്‍ നിന്നുള്ള ആദ്യത്തെ മിഡ്-സൈസ് എസ്യുവിയുമാണ് ഹോണ്ട എലിവേറ്റ്.

ഹ്യുണ്ടായ് ക്രെറ്റ, കിയ സെല്‍റ്റോസ്, മാരുതി സുസുക്കി ഗ്രാന്‍ഡ് വിറ്റാര തുടങ്ങിയ കാറുകളോടായിരിക്കും എലിവേറ്റ് മത്സരിക്കുക. എലിവേറ്റിനായുള്ള ബുക്കിങ് ജൂലൈയില്‍ ആരംഭിക്കും. അതിനു പിന്നാലെ ഏതെങ്കിലും ഫെസ്റ്റിവല്‍ സീസണില്‍ ആയിരിക്കും വാഹനം ലോഞ്ച് ചെയ്യുക. ഇന്ത്യയില്‍ പ്രതിമാസം 8,000 യൂണിറ്റുകള്‍ നിര്‍മിക്കുന്ന വാഹനം വിദേശവിപണികളിലേക്ക് അടക്കം എത്തിക്കാന്‍ കമ്പനി തയാറെടുക്കുകയാണ്.

ഹോണ്ട സിറ്റിയുടെ അതേ പ്ലാറ്റ്ഫോമിലാണ് പുതിയ ഹോണ്ട എലിവേറ്റും നിര്‍മിച്ചിരിക്കുന്നത്. ടിപ്പിക്കല്‍ ഹോണ്ട കാറാണ് എലിവേറ്റ്. മുന്‍ഭാഗത്തെ ഗ്രില്‍ നല്ല കനമുള്ളതാണ്. മനോഹരവും കനം കുറഞ്ഞതുമായതാണ് ഹെഡ്ലാംപും ടെയില്‍ ലാംപും. എലിവേറ്റിന് 4.2 മീറ്റര്‍ നീളവും 1.65 മീറ്റര്‍ ഉയരവും 1.79 മീറ്റര്‍ വീതിയുമുണ്ട്. 220 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്.

പ്രീമിയം ആന്‍ഡ് സ്‌പേഷ്യസ് എന്നു ഇന്റീരിയറിനെ വിശേഷിപ്പിക്കാം. ലെഗ്‌റൂം യാത്രക്കാര്‍ക്ക് സൗകര്യപ്രദമാണ്. 10.25 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ക്കുള്ള എച്ച്ഡി കളര്‍ TFT 7 ഇഞ്ച് ആണ്. കൂടാതെ വയര്‍ലെസ് സ്മാര്‍ട്ട്ഫോണ്‍ ഇന്റഗ്രേഷനുമായാണ് വാഹനം എത്തുന്നത്.

ഹോണ്ടയുടെ 1.5 ലിറ്റര്‍ ഐവിടെക് ഡിഒഎച്ച്‌സി എന്‍ജിനാണ് എലിവേറ്റിന്റെ ഹൃദയം. 6 സ്പീഡ് മാനുവല്‍, 7 സ്പീഡ് സിവിറ്റി ഗിയര്‍ബോക്‌സുകളുമായി വാഹനമെത്തും. എന്‍ജിന്‍ 121PS കരുത്തും 145.1 ടോര്‍ക്കും ഉല്‍പാദിപ്പിക്കും.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന എലിവേറ്റ് കൊണ്ടുവരുമെന്ന് ഹോണ്ട പറയുന്നു. നിലവില്‍ സെഡാനുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍ക്കുന്നത്.

ഓട്ടോണമസ് ബ്രേക്കിങ്, അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ഹോണ്ട സെന്‍സിംഗ് ADAS ഫീച്ചറുകള്‍ പോലുള്ളവ പുതിയ ഹോണ്ട എലിവേറ്റിലുണ്ട്. ലെയ്ന്‍ വാച്ച്, ഹില്‍ ക്ലൈംബ് അസിസ്റ്റ്, ലെയ്ന്‍ കീപ്പ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ ഫീച്ചറുകളും ഹോണ്ട വാഗ്ദാനം ചെയ്യുന്നു. അലക്‌സാ സപ്പോര്‍ട്ടുള്ള എലിവേറ്റ് ആപ്പിള്‍, ആന്‍ഡ്രോയിഡ് വാച്ച് കണക്ടിവിറ്റിയും പിന്തുണയ്ക്കുന്നു. വില പിന്നീടാരിക്കും പ്രഖ്യാപിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here