പ്രധാനമന്ത്രിയുടെ മൗനത്തിനെതിരെ തെരുവിലിറങ്ങി മണിപ്പൂർ ജനത‌; ‘മൻ കി ബാത്ത്’ സംപ്രേഷണ റേഡിയോ റോഡിലെറിഞ്ഞ് തകർത്ത് പ്രതിഷേധം

0
211

ഇംഫാൽ: മണിപ്പൂരിൽ കലാപം രൂക്ഷമായി തുടരുമ്പോഴും പ്രധാനമന്ത്രി നരേന്ദ്രമോദി മൗനം പാലിക്കുന്നതിൽ വൻ പ്രതിഷേധം. പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ ‘മൻ കി ബാത്ത്’ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവുമായി ജനം തെരുവിലിറങ്ങി. ‘മൻ കി ബാത്ത്’ സംപ്രേഷണം ചെയ്യുന്ന റേഡിയോ ട്രാൻസിസ്റ്റർ ജനങ്ങൾ റോഡിലെറിഞ്ഞ് തകർത്ത ശേഷം ചവിട്ടിമെതിച്ചു. ഇതിന്റെ വീഡിയോ പുറത്തുവന്നു.

പരിപാടിയുടെ പുതിയ എപ്പിസോഡിലും മണിപ്പൂർ വിഷയം പരാമർശിക്കാതിരുന്നതാണ് ജനങ്ങളെ ചൊടിപ്പിച്ചത്. സംപ്രേഷണത്തിനിടെ ഇംഫാൽ വെസ്റ്റ് ജില്ലയിലെ സിങ്ജാമെയ് മാർക്കറ്റിലും 48 കിലോമീറ്റർ അകലെയുള്ള കാക്കിങ് മാർക്കറ്റിലുമാണ് റേഡിയോ തകർക്കൽ പ്രതിഷേധം നടന്നതെന്ന് ദി ടെലിഗ്രാഫ് റിപ്പോർട്ട് ചെയ്യുന്നു.

അശാന്തിയും സംഘർഷവും തുടർന്നിട്ടും മരണസംഖ്യയും കൊള്ളിവയ്പ്പും വർധിച്ചിട്ടും മൻ കി ബാത്തിൽ പോലും പ്രധാനമന്ത്രി മണിപ്പൂരിലെ സാഹചര്യത്തെക്കുറിച്ച് ഒരു പരാമർശവും നടത്താത്തതാണ് ജനങ്ങളുടെ രോഷത്തിന് കാരണമായത്. സ്ത്രീകളും പുരുഷന്മാരും റേഡിയോ ചവിട്ടിമെതിച്ച് പ്രതിഷേധിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്.

ആദ്യമൊരാൾ റേഡിയോയിലെ ‘മൻ കി ബാത്ത്’ എല്ലാവരെയും കേൾപ്പിക്കുന്നു. തുടർന്ന് റേഡിയോ റോഡിൽ എറിഞ്ഞ് തകർക്കുകയും ചവിട്ടിമെതിക്കുകയും ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. ചുറ്റും കൂടിനിൽക്കുന്നവരിൽ സ്ത്രീകളടക്കം മറ്റു ചിലരും റേഡിയോയിൽ ചവിട്ടിമെതിച്ച് പ്രതിഷേധിച്ചു.

സിങ്ജാമെയിൽ, സ്ത്രീകൾ റോഡിന്റെ ഇരുവശത്തും അണിനിരന്ന് മോദിക്കും ഭരണകക്ഷിയായ ബിജെപിക്കുമെതിരെ മുദ്രാവാക്യം ഉയർത്തി. ‘ഞാൻ മൻ കി ബാത്തിനെ എതിർക്കുന്നു’, ‘നാണക്കേട്, മിസ്റ്റർ മോദി. മൻ കി ബാത്തിൽ മണിപ്പൂരിനെ കുറിച്ച് ഒരു വാക്കുപോലും ഇല്ല’, ‘മൻ കി ബാത്ത് വേണ്ട, മണിപ്പൂർ കി ബാത്ത് ആണ് വേണ്ടത്’, ‘മിസ്റ്റർ പിഎം മോദി, മൻ കി ബാത്തിൽ ഇനി നാടകം വേണ്ട’ എന്നിങ്ങനെ എഴുതിയ പ്ലക്കാർഡുകളും പ്രതിഷേധക്കാർ ഉയർത്തി.

മെയ് മൂന്ന് മുതൽ തുടരുന്ന സംഘർഷത്തിൽ ഇതിനോടകം 110 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. 60,000 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ‘മൻ കി ബാത്ത്’ റേഡിയോ പ്രക്ഷേപണത്തിൽ മണിപ്പൂർ സംഘർഷത്തെ കുറിച്ച് സംസാരിക്കാത്തതിൽ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് രം​ഗത്തെത്തിയിരുന്നു. വടക്കുകിഴക്കൻ സംസ്ഥാനത്തെ അന്ത്യമില്ലാത്ത അക്രമത്തെക്കുറിച്ച് മോദി എപ്പോഴാണ് എന്തെങ്കിലും പറയാനോ ചെയ്യാനോ പോവുന്നതെന്ന് അവർ ചോദിച്ചു.

അതേസമയം, വിഷയത്തിൽ പ്രതിപക്ഷത്തിന് പിന്നാലെ പ്രധാനമന്ത്രിയുടെ ഇടപെടൽ തേടി സ്പീക്കറുടെ നേതൃത്വത്തിലുള്ള സംഘവും ഡൽഹിയിൽ തുടരുകയാണ്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്കായി 10 പ്രതിപക്ഷ പാർട്ടികളുടെ പ്രതിനിധികൾ 11 ദിവസമായി ഡൽഹിയിലുണ്ട്. ഇന്നലെ രാത്രിയിലെ സംഘർഷത്തിൽ കാന്റോ സബലിൽ അഞ്ച് വീടുകൾ തീയിടുകയും സൈനികന് പരിക്കേൽക്കുകയും ചെയ്തിരുന്നു.

സംഘർഷം ആരംഭിച്ച് ഒരുമാസം പിന്നിട്ടിട്ടും പ്രധാനമന്ത്രി മണിപ്പൂർ സന്ദർശിക്കുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല. ഇന്നലെ നടന്ന മന്‍ കി ബാത്തില്‍ ഗുജറാത്തിലെ പ്രളയ സാഹചര്യത്തില്‍ ആശങ്കയറിയിച്ച പ്രധാനമന്ത്രി മണിപ്പൂരിനെ പരാമര്‍ശിച്ചില്ല. ജി20 ഉച്ചകോടിയോട് അനുബന്ധിച്ചുള്ള ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി മോദി ഇന്ന് രാത്രി അമേരിക്കയിലേക്ക് പോവുന്നതിന് മുമ്പായി അദ്ദേഹത്തെ ആശങ്ക അറിയിക്കാനാണ് പ്രതിപക്ഷത്തിന്റെയും സ്പീക്കർ ടി സത്യബ്രതയുടെ നേതൃത്വത്തിലുള്ള എട്ടഗ സംഘത്തിന്റേയും തീരുമാനം.

എന്നാൽ, ഇരുകൂട്ടരെയും കാണാൻ പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടില്ല. അതിനിടെ, മണിപൂർ മുഖ്യമന്ത്രി ബിരേൻ സിങ് മോദിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് സൂചനയുണ്ട്. കാന്റോ സബലിലുണ്ടായ തീവെപ്പിനും വെടിവെപ്പിനും ശേഷം കൂടുതൽ സേനയെ പ്രദേശത്ത് വിന്യസിച്ചു.

മണിപ്പൂർ കലാപം രാഷ്ട്രീയ അജണ്ടയുടെ ഭാഗമെന്ന് ക്രൈസ്തവ സംഘടനകൾ ആരോപിച്ചിരുന്നു. ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാൻ ബി.ജെ.പി സർക്കാർ കൈവിട്ട കളി നടത്തുകയാണെന്നും അവർ ചൂണ്ടിക്കാട്ടി. ഇംഫാൽ സിറ്റിയിൽ 251 ക്രിസ്ത്യൻ ദേവാലയങ്ങളും അഞ്ച് സെമിനാരികളും തകർത്തുവെന്ന് മണിപ്പൂർ സന്ദർശിച്ച ക്രൈസ്തവ സുവിശേഷ സംഘടനാ നേതാക്കൾ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here