ദുബായിയിലെ ഏറ്റവും വിലയേറിയ വീട് വിൽപനക്ക്, വാങ്ങാൻ ഇന്ത്യക്കാരും; വിലയും പ്രത്യേകതയും അറിയാം

0
275

ദുബായ്: ദുബായിലെ ഏറ്റവും വിലയേറിയ വീട് വിൽപനക്ക്. ആഡംബരത്തിന്റെ അവസാന വാക്ക് എന്ന വിശേഷണമുള്ള വീടാണ് വിൽപനക്ക് വെച്ചത്. ഇന്ത്യക്കാരടക്കമുള്ള ശതകോടീശ്വരന്മാർ വീട് വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. 750 ദശലക്ഷം ദിർഹമാണ് (204 ദശലക്ഷം ഡോളർ-ഏകദേശം 2000 കോടി ഇന്ത്യൻ രൂപ) വില പറയുന്നത്. ദുബൈയിലെ ഏറ്റവും ഉയർന്ന ചെലവിൽ നിർമിച്ച ആഡംബര വീടാണിത്. എമിറേറ്റ്‌സ് ഹിൽസിന് സമീപമാണ് വീട് സ്ഥിതി ചെയ്യുന്നത്. 60,000 ചതുരശ്ര അടിയാണ് വീടിന്റെ അകത്തെ വിസ്തീർണം. വെറും അഞ്ച് പ്രധാന കിടപ്പുമുറികൾ മാത്രമേയുള്ളൂവെങ്കിലും ഓരോ മുറിയും 4000 ചതുരശ്ര അടിയാണ് വിസ്തീർണം. കിടപ്പുമുറി തന്നെ വലിയൊരു വീടിനേക്കാൾ വലുതാണ്. താഴത്തെ നിലയിൽ ഡൈനിങ്ങിനും വിനോദത്തിനുമായി പ്രത്യേകം മുറികളുണ്ട്. 15-കാർ ഗാരേജ്, 19 ബാത്ത്റൂമുകൾ, ഇൻഡോർ, ഔട്ട്ഡോർ പൂളുകൾ, രണ്ട് ഡോമുകൾ, 80,000 ലിറ്റർ കോറൽ റീഫ് അക്വേറിയം, ഒരു പവർ സബ്സ്റ്റേഷൻ, പാനിക് റൂമുകൾ എന്നിവയാണ് മറ്റ് സൗകര്യങ്ങൾ.

രണ്ടാമത്തെ ഏറ്റവും വലിയ കിടപ്പുമുറി സ്യൂട്ട് 2,500 ചതുരശ്ര അടിയാണ്. അതിഥി മുറികൾ ഓരോന്നിനും 1,000 ചതുരശ്ര അടി വിസ്തീർണമുണ്ട്. ഒരെണ്ണം വൈൻ സൂക്ഷിക്കാനായി ക്രമീകരിച്ചിരിക്കുന്നു. 25 പേർക്കുള്ള 12 സ്റ്റാഫ് റൂമുകളും രണ്ട് ബാങ്ക് നിലവറകളുമുണ്ട്. വലിയ പ്രതീക്ഷകളോടെയാണ് ഉടമ വീട് നിർമിച്ചത്. എന്നാൽ, വിവാഹമോചനത്തെത്തുടർന്ന് ഇദ്ദേഹം ഒറ്റക്കാണ് കൂറ്റൻ വീട്ടിൽ താമസിക്കുന്നത്.

മാർബിൾ പാലസ് എന്നാണ് വീടിനെ വിളിക്കുന്നത്. 80 ദശലക്ഷം ദിർഹം മുതൽ 100 ​​ദശലക്ഷം ദിർഹം വരെ ഇറ്റാലിയൻ മാർബിൾ ഉപയോഗിച്ചാണ് നിർമ്മിച്ചത്. 12 വർഷമെടുത്താണ് നിർമാണം പൂർത്തിയായത്. 2018 ൽ പൂർത്തിയായതായി പ്രോപ്പർട്ടി ബ്രോക്കർമാരായ ലക്‌സാബിറ്റാറ്റ് സോഥെബിയുടെ ഇന്റർനാഷണൽ റിയാലിറ്റി പറയുന്നു. ഒൻപത് മാസത്തിലധികം 70 വിദഗ്ധ തൊഴിലാളികളാണ് വീട് നിർമാണത്തിൽ പങ്കെടുത്തത്. 19-ആം നൂറ്റാണ്ടിലെയും 20-ആം നൂറ്റാണ്ടിലെയും പ്രതിമകളും പെയിന്റിംഗുകളും വീടിനെ അലങ്കരിക്കുന്നു. വിൽപനയിൽ ഫർണിച്ചറും അലങ്കാര വസ്തുക്കളും ഉൾപ്പെടും. ലോകത്തെ വൻ സമ്പന്നരിൽ പത്തോളം പേർ വീട് വാങ്ങാനായി താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്ന് ലക്‌സാബിറ്റാറ്റ് സോഥെബി ബ്രോക്കർ കുനാൽ സിങ് പറഞ്ഞു. എമിറേറ്റ്‌സ് ഹിൽസിൽ ഇതിനകം മൂന്ന് പ്രോപ്പർട്ടികൾ ഉള്ള ഒരു ഇന്ത്യൻ സമ്പന്നനും വീട് കാണാനെത്തി.

LEAVE A REPLY

Please enter your comment!
Please enter your name here