മണൽക്കടത്ത് പിടിക്കാനെത്തിയ ഹെഡ് കോൺസ്റ്റബിളിനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി

0
154

ബംഗളൂരു: അനധികൃത മണൽക്കടത്ത് പിടികൂടാനെത്തിയ പൊലീസുകാരനെ ട്രക്ക് ഇടിച്ചുകൊലപ്പെടുത്തി. കലബുറഗി ജില്ലയിലെ നാരായണപുരയിലാണ് സംഭവം. ജില്ലയിലെ നിലോഗി പൊലീസ് സ്റ്റേഷനിൽ ഹെഡ്‌കോൺസ്റ്റബിളായ മൈസൂർ ചൗഹാൻ ആണ് കൊല്ലപ്പെട്ടത്.

അനധികൃത മണൽക്കടത്ത് നടക്കുന്നതായുള്ള രഹസ്യവിവരം ലഭിച്ചാണ് മൗസൂർ ചാഹാൻ നാരായണപുരയിലെത്തുന്നത്. കോൺസ്റ്റബിൾ പ്രമോദ് ദോഡ്മാണിയെ കൂട്ടി ബൈക്കിലാണ് സംഭവസ്ഥലത്തേക്ക് തിരിച്ചത്. ട്രക്കിലാണ് മണൽ കടത്താൻ ശ്രമമുണ്ടായത്. മണൽക്കടത്തു സംഘത്തെ തടയുകയും ചോദ്യംചെയ്യുകയും ചെയ്യുന്നതിനിടയിൽ പൊലീസുകാരന്റെ ദേഹത്തേക്ക് ട്രക്ക് ഇടിക്കുകയായിരുന്നു സംഘം.

തൽക്ഷണം തന്നെ ചൗഹാൻ മരിച്ചു. പ്രതികളെ അറസ്റ്റ് ചെയ്തതായാണ് വിവരം. കലബുറഗി ജില്ലയിലെ അഫ്‌സൽപൂർ സ്വദേശിയാണ് മരിച്ച മൈസൂർ ചൗഹാൻ. ചൗഹാന്റെ മരണത്തിൽ കർണാടക ഉന്നത വിദ്യാഭ്യാസ മന്ത്രി എം.സി സുധാകർ അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന് എല്ലാ പിന്തുണയും നൽകുമെന്ന് അദ്ദേഹം ഉറപ്പുനൽകി.

അതേസമയം, സംഭവത്തെ രാഷ്ട്രീയായുധമാക്കാനുള്ള നീക്കത്തിലാണ് ബി.ജെ.പി. ആഴ്ചകൾക്കുമുൻപ് അധികാരമേറ്റ കോൺഗ്രസ് സർക്കാരിനെ അടിക്കാനുള്ള സുവർണാവസരമായാണ് ഇതിനെ ബി.ജെ.പി ഉപയോഗിക്കുന്നത്. സംസ്ഥാനത്തെ ക്രമസമാധാനനില തകർന്നതിന്റെ തെളിവാണ് സംഭവമെന്ന് ബി.ജെ.പി പ്രതികരിച്ചു. കോൺഗ്രസ് മണൽമാഫിയയ്ക്കും നിയമവിരുദ്ധ സംഘങ്ങൾക്കും എല്ലാ പിന്തുണയും നൽകുന്നുണ്ടെന്നും ബി.ജെ.പി ദേശീയ വക്താവ് ഷെസാദ് പൂനവാല ആരോപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here