കണ്ണൂരില്‍ പതിനൊന്നുകാരനെ തെരുവ് നായ്ക്കള്‍ കടിച്ചുകൊന്നതിന്റെ ഞെട്ടലിലാണ് നാട് ഇപ്പോള്‍. സംസാരശേഷിയില്ലാത്ത നിഹാല്‍ ആളൊഴിഞ്ഞ വീട്ടുമുറ്റത്ത് കളിക്കാനെത്തിയപ്പോഴാണ് തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിക്കുന്നത്. വീട്ടില്‍ നിന്നും നിഹാലിനെ കാണാതായതോടെ നാട്ടുകാര്‍ മണിക്കൂറുകളോളം തിരച്ചില്‍ നടത്തിയ ശേഷമാണ് ദേഹമാസകലം കടിയേറ്റ നിലയില്‍ കുട്ടിയെ കണ്ടെത്തുന്നത്. ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടില്‍ കുട്ടിയുടെ തല മുതല്‍ കാല്‍പ്പാദം വരെ നിരവധി മുറിവുകള്‍ ഉണ്ടന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. നിഹാലിന്റെ കഴുത്തിന് പിന്‍വശത്തും ചെവിയുടെ പുറകിലും ഇടത് കണ്ണിന് താഴെയും ആഴത്തിലാണ് മുറിവേറ്റിരിക്കുന്നത്. സംസാരശേഷി ഇല്ലാത്തതിനാല്‍ ആക്രമണ സമയത്ത് നിഹാലിന് നിലവിളിക്കാന്‍ കഴിഞ്ഞില്ലായിരുന്നു.
Also Read:കണ്ണൂരിൽ 11 വയസ്സുകാരനെ തെരുവുനായ കടിച്ചു കൊന്നു
ഇന്നലെ വൈകിട്ട് അഞ്ച് മണിയോടെയാണ് നിഹാലിനെ വീട്ടില്‍ നിന്നും കാണാതാവുന്നത്. തുടര്‍ന്ന് നാട്ടുകാരും പോലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്റര്‍ അകലെ ആളൊഴിഞ്ഞ പുരയിടത്തിന് സമീപം ചലനമറ്റ നിലയില്‍ രാത്രി എട്ടരയോടെ കുട്ടിയെ കണ്ടെത്തുന്നത്. ഓട്ടിസ രോഗബാധിതനായ നിഹാലിന് സംസാരശേഷിയുമില്ലായിരുന്നു. തിരച്ചിലിനൊടുവില്‍ നിഹാലിനെ കണ്ടെത്തുമ്പോള്‍ അരയ്ക്ക് താഴെ മാംസം മുഴുവന്‍ നായ്ക്കള്‍ കടിച്ചെടുത്ത നിലയിലായിരുന്നു. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഉടന്‍ തന്നെ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രക്തം വാര്‍ന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം നടപടി പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറും.
അതേസമയം സംഭവം നടന്ന മുഴപ്പിലങ്ങാട് കേട്ടിനകം പ്രദേശത്തെ നാട്ടുകാര്‍ ഭീതിയോടെയാണ് കഴിയുന്നത്. പുറത്തേക്ക് ഇറങ്ങുമ്പോള്‍ നായയുടെ ആക്രമത്തെ പ്രതിരോധിക്കാന്‍ ഇവര്‍ വടിയുമായാണ് പോകുന്നത്. നിഹാലിന്റെ മരണശേഷം സ്ഥലത്ത് വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനെ തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് നായ്ക്കളെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചു.
എന്നാല്‍ തെരുവുനായ കുട്ടിയെ കടിച്ചുകൊന്ന സംഭവത്തില്‍ കോടതി ഇടപെടണമെന്ന് ആവശ്യം കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ മുന്നോട്ടുവച്ചു. ജനങ്ങളുടെ ജീവനാണ് വില നല്‍കേണ്ടതെന്നും, അക്രമകാരിയായ തെരുവു നായ്ക്കളെ കൊല്ലാന്‍ അനുമതി നല്‍കണമെന്നും, സുപ്രീം കോടതിയെ വരെ ഇതിനായി സമീപിക്കുമെന്നും കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് വ്യക്തമാക്കി.