യാത്രക്കിടെ രണ്ടുപേര്‍ക്ക് നമസ്കരിക്കാനായി ബസ് നിർത്തി, ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ

0
377

ബറേലി (ഉത്തര്‍പ്രദേശ്): യാത്രക്കിടെ രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാനായി ബസ് അഞ്ച് മിനിട്ട് അധികം നിർത്തിയതിനെ തുടർന്ന് ബസ് ഡ്രൈവർക്കും സഹായിക്കും സസ്പെൻഷൻ. യുപി സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (യുപിഎസ്ആർടിസി) ഡ്രൈവറെയും സഹ ഡ്രൈവറെയുമാണ് തിങ്കളാഴ്ച സസ്പെൻഡ് ചെയ്തത്. ഞായറാഴ്ച രാത്രിയാണ് സംഭവം. ദില്ലിയിലേക്കുള്ള ‘ജൻരത്’ എസി ബസാണ് യാത്രക്കാർക്കായി കുറച്ച് നേരം നിർത്തിയത്. 14 യാത്രക്കാരുമായി യുപിഎസ്ആർടിസി ബസ് രാത്രി 9 മണിയോടെ ബറേലി ടെർമിനലിൽ നിന്ന് പുറപ്പെട്ട് റാംപൂർ ജില്ലയിലെ മിലാക് ഏരിയയിൽ ദേശീയപാത -24 ൽ ഷെഡ്യൂൾ ചെയ്യാതെ നിർത്തിയന്നതാണ് നടപടിക്ക് കാരണം. രണ്ട് യാത്രക്കാർക്ക് നമസ്കരിക്കാൻ സബ് നിർത്തിയത് ചില യാത്രക്കാർ ചോദ്യം ചെയ്യുകയും വീഡിയോ എടുത്ത് ട്വിറ്ററിൽ ഷെയർ ചെയ്യുകയും ചെയ്തു.

പരാതിയെ തുടർന്ന് ഡ്രൈവർ കെപി സിങ്, സഹ ഡ്രൈവർ മോഹിത് യാദവ് എന്നിവരെ സസ്പെൻഡ് ചെയ്തു. അതേസമയം, ബസിൽ 14 യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും കുറച്ചുപേർക്ക് ശുചിമുറിയിൽ പോകാനായി ബസ് നിർത്തിയെന്നും ഡ്രൈവർ പറഞ്ഞു. ഈ സമയം രണ്ട് യാത്രക്കാർ നമസ്കരിക്കാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ അഞ്ച് മിനിറ്റ് അധികം നിർത്തിയെന്നും അദ്ദേഹം പറഞ്ഞു. എന്തെങ്കിലും തെറ്റ് ചെയ്തതായി കരുതുന്നില്ല. സസ്പെൻഷനെതിരെ നിയമപരമായി പോരാടുമെന്നും ഡ്രൈവർമാർ പറഞ്ഞു.

യാത്രക്കാരിൽ നിന്ന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിയെന്നും തിരക്കേറിയ ഹൈവേയിൽ ബസ് നിർത്തി യാത്രക്കാരുടെ സുരക്ഷ അപകടത്തിലാക്കിയതിനാണ് ഡ്രൈവറെയും സഹ ഡ്രൈവറെയും സസ്പെൻഡ് ചെയ്ത‌തെന്ന് യുപിഎസ്ആർടിസി റീജിയണൽ മാനേജർ (ബറേലി), ദീപക് ചൗധരി പറഞ്ഞു, അതേസമയം, സസ്‌പെൻഡ് ചെയ്ത രണ്ട് ജീവനക്കാർക്കും എംപ്ലോയീസ് വെൽഫെയർ അസോസിയേഷൻ പിന്തുണ നൽകി. കൃത്യമായ അന്വേഷണമില്ലാതെ ജീവനക്കാരെ സസ്‌പെൻഡ് ചെയ്യാൻ കഴിയില്ലെന്നും അത്തരം പരാതികളിൽ സമിതി രൂപീകരിച്ച് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം നടപടിയെടുക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ഹരിമോഹൻ മിശ്ര പറഞ്ഞു.

മറ്റ് യാത്രക്കാർക്കായി ബസ് നിർത്തി. ഒപ്പം ഞങ്ങൾക്ക് പ്രാർത്ഥന നടത്താൻ സമയം നൽകിയതിന് ഇത്തരമൊരു നടപടി സ്വീകരിച്ചതിൽ ആശ്ചര്യപ്പെടുന്നു. ജീവനക്കാരെ പിന്തുണയ്ക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് യാത്രക്കാരിലൊരാളായ അഹമ്മദാബാദ് സ്വദേശി ഹുസൈൻ മൻസൂരി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here