“ഉറക്കത്തെ പിടിച്ചുനിർത്താൻ തലച്ചോറിന് കഴിയില്ല..” ഡ്രൈവര്‍മാരെ ഓര്‍മ്മിപ്പിച്ച് കേരളാ പൊലീസ്

0
175

അടുത്തകാലത്തായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. ശരീരത്തിന്റെ വിവിധഭാഗങ്ങള്‍ ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍ മാത്രമേ നല്ല രീതിയില്‍ വാഹനമോടിക്കാന്‍ മാത്രമല്ല മറ്റെന്തിനും നമുക്ക് കഴിയുകയുള്ളൂ. ഇക്കാര്യങ്ങള്‍ ആവര്‍ത്തിച്ച് ഓര്‍മ്മിപ്പിക്കുകയാണ് കേരളാ പൊലീസ്.

Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!

ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് പൊലീസിന്‍റെ മുന്നറിയിപ്പ്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല എന്ന് പോലീസ് പറയുന്നു.മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണെന്നും ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കണമെന്നും പൊലീസ് ഓര്‍മ്മിപ്പിക്കുന്നു.

പൊലീസിന്‍റെ കുറിപ്പിന്‍റെ പൂര്‍ണ രൂപം വായിക്കാം

എത്ര മികച്ച ഡ്രൈവർ ആണെങ്കിലും, ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിർത്താൻ നമ്മുടെ തലച്ചോറിന് സാധിക്കുകയില്ല. മിക്ക ഹൈവേകളിലും ഉണ്ടാകുന്ന രാത്രികാല അപകടങ്ങൾ ഡ്രൈവർ പകുതിമയക്കത്തിലാകുന്നത് കൊണ്ടാണ്.   ഉറക്കം തോന്നിയാൽ വണ്ടി നിറുത്തി വിശ്രമിക്കുക.  പൂർണ ആരോഗ്യസ്ഥിതിയിൽ മാത്രമേ ഒരു വ്യക്തി വാഹനം ഓടിക്കാവൂ. കാരണം തീരുമാനങ്ങൾ എടുക്കാൻ ഏറ്റവും കുറവ് സമയം ലഭിക്കുന്നത് ഇവർക്കാണ്.

നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളും ശരിയായ രീതിയിൽ പ്രവർത്തിച്ചാൽ മാത്രമേ അപകടങ്ങൾ ഒഴിവാക്കാൻ സാധിക്കൂ. തിരക്കേറിയ റോഡിലൂടെ വാഹനം ഓടിക്കുന്ന വ്യക്തി എതിരെ വരുന്ന ആറു വാഹനങ്ങളെയെങ്കിലും ഒരു സെക്കറ്റിൽ കൺമുൻപിൽ കാണേണ്ടിവരുന്നു. മാത്രവുമല്ല ഓടിക്കുന്ന വാഹനത്തിന്റെ മുൻപിലും പിന്നിലുമുള്ള വാഹനങ്ങൾ, റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ, കാൽനട യാത്രക്കാർ, റോഡിന്റെ വശങ്ങൾ തുടങ്ങി നിരവധികാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായി വരുന്നു.

വാഹനങ്ങൾ നമ്മെ ഓടിക്കുമ്പോഴാണ് അപകടങ്ങൾ ഉണ്ടാവുന്നത്. എതിരെ വരുന്ന വാഹനം അല്ലെങ്കിൽ യാത്രക്കാരൻ ഏതു രീതിയിൽ പ്രവർത്തിക്കുമെന്ന് മുൻകൂട്ടി മനസിലാക്കാനുള്ള കഴിവ് ഡ്രൈവർക്ക് ഉണ്ടായിരിക്കണം. അതായത് കൺമുൻപിൽ കാണുന്ന ഒരു കാര്യം കണ്ണിലൂടെ സംവേദനം ചെയ്ത് തലച്ചോറിൽ എത്തുകയും അവിടെ തീരുമാനമെടുത്ത് കൈകാലുകളിൽ തിരിച്ചെത്തി അത് വാഹനത്തിൽ പ്രവർത്തിച്ച് റോഡിൽ പ്രതിഫലിക്കണം. ഇത്രയും കാര്യങ്ങൾ ഒരു സെക്കന്റിൽ പ്രവർത്തിക്കേണ്ട കാര്യങ്ങളാണ്. അതുകൊണ്ടാണ് ഡ്രൈവറിന് ശാരീരികവും മാനസികവുമായ ആരോഗ്യം ആവശ്യമാണെന്ന് പറയുന്നത്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

  • വയറു നിറച്ച് ഭക്ഷണം കഴിച്ച ശേഷമോ ഭക്ഷണം കഴിക്കാതെയോ വാഹനം ഓടിക്കാൻ പാടില്ല.
  • തുടർച്ചയായി നാലു മണിക്കൂർ ഡ്രൈവ് ചെയ്‍ത ശേഷം നിർബന്ധമായും 10 മിനിറ്റ് എങ്കിലും വിശ്രമിക്കുക.
  • നടുവേദനയുള്ളപ്പോൾ വാഹനം ഓടിക്കാതിരിക്കുക.
  • യാത്രക്കിടെ വെള്ളം കുടിക്കുക. ഇത് ക്ഷീണം അകറ്റാൻ സഹായിക്കും.
  • പൂർണ ആരോഗ്യവാണെങ്കിൽ മാത്രം വാഹനം ഓടിക്കാവു.
  • രാത്രികാല യാത്രകൾ പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക.
  • രോഗങ്ങൾക്കുള്ള മരുന്നുകൾ കഴിക്കുന്നവർ മരുന്ന് കഴിച്ചു ആറ് മണിക്കൂറുകൾക്കു ശേഷമേ വാഹനം ഓടിക്കാവൂ.
  • യാത്രക്കിടെ ഡ്രൈവർ ഉറങ്ങാതിരിക്കാൻ ഒപ്പമിരിക്കുന്ന വ്യക്തി ശ്രദ്ധിക്കേണ്ടതാണ്.
  • വാഹനം ഓടിക്കുമ്പോൾ ശാരീരിക മാനസിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ ഉടൻ തന്നെ മറ്റുള്ളവരുടെ സഹായം തേടുക.
  • ക്ഷമയോടു കൂടി വാഹനം ഓടിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here