‘പറക്കുന്ന വിമാനത്തിന്‍റെ ചില്ല് തകര്‍ത്ത് പക്ഷി, രക്തത്തില്‍ കുളിച്ച് പൈലറ്റ്’; വൈറല്‍ വീഡിയോ

0
400

ആകാശചാരികളായ വിമാനങ്ങളും പക്ഷികളും തമ്മില്‍ ശത്രുതയൊന്നും ഇല്ലെങ്കിലും മനുഷ്യനിര്‍മ്മിത വിമാനങ്ങളെ ആകാശത്ത് വച്ച് തകര്‍ക്കാന്‍ പക്ഷികള്‍ക്ക് കഴിയും. എന്നാലിത് ബോധപൂര്‍വ്വമുള്ള പ്രവര്‍ത്തിയല്ല. മറിച്ച് പറന്ന് പോകുമ്പോള്‍ വിമാനങ്ങളുടെ ചിറകില്‍ നിന്നുള്ള വായു പ്രവാഹത്തില്‍ അകപ്പെട്ട് അതിലേക്ക് പക്ഷികള്‍ വലിച്ച് അടുപ്പിക്കപ്പെടുകയും ഇത് വഴി വിമാനത്തിന്‍റെ യന്ത്രങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുകയും ചെയ്യുമ്പോഴാണ് ഇത്തരം അപകടങ്ങള്‍ക്ക് സാധ്യതയുള്ളത്, അത്യപൂര്‍വ്വമായാണ് ഇത്തരം അപകടങ്ങള്‍ സംഭവിക്കുന്നതെങ്കിലും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിച്ച ഒരു വീഡിയോ കാഴ്ചക്കാരെ ഭയപ്പെടുത്തുകയും ആശങ്കയിലാക്കുകയും ചെയ്തു.

വീഡിയോയുടെ തുടക്കത്തില്‍ ശക്തമായ കാറ്റില്‍ തൂങ്ങിയാടുന്ന ഒരു പക്ഷിയുടെ കാല്‍ അടക്കമുള്ള പിന്‍ഭാഗമാണ് കാണുക. പിന്നാലെ വീഡിയോ ഒരു എയര്‍ ക്രാഫ്റ്റിന്‍റെ കോക്‍പിറ്റിന് ഉള്‍വശമാണെന്ന് വ്യക്തമാകും. പക്ഷി എയര്‍ ക്രാഫ്റ്റിന്‍റെ മുന്‍വശത്തെ ഗ്ലാസില്‍ വന്നിടിച്ച് അകത്തേക്ക് കയറിയതാണ്. പക്ഷിയുടെ കാലുകള്‍ അടക്കമുള്ള ശരീരത്തിന്‍റെ പിന്‍ഭാഗം എയര്‍ ക്രാഫ്റ്റിന്‍റെ കോക്‍പിറ്റിന് ഉള്ളിലാണ്. ഇതിനിടെ പൈലറ്റ് ക്യാമറ സ്വന്തം മുഖത്തേക്കും തിരിക്കുന്നു. അദ്ദേഹത്തിന്‍റെ മുഖത്തും കൈകളിലും രക്തം ഒലിച്ചിറങ്ങിയത് കാണാം. പക്ഷി എയര്‍ ക്രാഫ്റ്റിന്‍റെ ചില്ലില്‍ വന്ന് ഇടിച്ചപ്പോള്‍ പൊട്ടിത്തെറിച്ച ഗ്ലാസ് ചില്ലുകള്‍ തറച്ചാണ് പൈലറ്റിന് പരിക്കേറ്റത്. അദ്ദേഹത്തിന്‍റെ കൈകളിലും രക്തക്കര കാണാം. എന്നാല്‍, മനോധൈര്യം വിടാതെ അദ്ദേഹം ആ ചെറു വിമാനം നിയന്ത്രിച്ചു. ഒപ്പം എന്താണ് സംഭവിച്ചതെന്നതിന്‍റെ വീഡിയോ തന്‍റെ മൊബൈലില്‍ പകര്‍ത്തുകയും ചെയ്തു.

“ഇക്വഡോറിലെ ലോസ് റിയോസ് പ്രവിശ്യയിലെ വിൻസെസിൽ, വായുവിലെ ഒരു ക്രോപ്പ് ഡസ്റ്റർ വിമാനത്തിന്‍റെ വിൻഡ്‌ഷീൽഡില്‍ ഒരു വലിയ പക്ഷി ഇടിച്ചു. ഭാഗ്യവശാൽ, പൈലറ്റ് ഏരിയൽ വാലിയന്‍റേയ്ക്ക് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ കഴിഞ്ഞു,” FL360aero എന്ന ട്വിറ്റര്‍ ഐഡിയില്‍ നിന്നും വീഡിയോ പങ്കുവച്ചു കൊണ്ട് കുറിച്ചു. ഭയപ്പെടുത്തുന്ന വീഡിയോ ഇതിനകം അഞ്ചര ലക്ഷത്തിലധികം ആളുകള്‍ കണ്ട് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പുമായെത്തിയത്. ചിലര്‍ വീഡിയോ പ്രേത സിനിമ പോലുണ്ടെന്ന് എഴുതി. അത്രയും അപകടം സംഭവിച്ചിട്ടും പൈലറ്റ് ഭയങ്കര കൂളാണെന്ന് ചിലര്‍. ഭക്ഷണ സമയം എന്നായിരുന്നു വെറേ ചിലര്‍ തമാശയായി പറഞ്ഞത്. മറ്റ് ചിലര്‍ പൈലറ്റുമാരുടെ പ്രാരംഭ പരിശീലനത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും അവര്‍ക്ക് ഉണ്ടായിരിക്കേണ്ട മനധൈര്യത്തെ കുറിച്ചും എഴുതി.

LEAVE A REPLY

Please enter your comment!
Please enter your name here