ന്യൂദല്‍ഹി: മാനസിക സമ്മര്‍ദമില്ലാതെ തീര്‍ത്ഥാടകരെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ട് സുപ്രീം കോടതി. ചില സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് സംഘാടകരുടെ രജിസ്‌ട്രേഷന്‍ നിര്‍ത്തി വെച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിയിലെ അപ്പീല്‍ പരിഗണിക്കവേയാണ് സുപ്രീം കോടതിയുടെ പരാമര്‍ശം.
ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കാനും സുപ്രീം കോടതി തയ്യാറായില്ല. ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് എം.എം. സുന്ദരേഷ് എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചിന്റേതാണ് തീരുമാനം.
സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളെ തുടരാന്‍ അനുവദിച്ചാല്‍ തീര്‍ത്ഥാടകര്‍ ആത്യന്തികമായി ദുരിതമനുഭവിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ എ.എസ്.ജി സഞ്ജയ് ജെയ്ന്‍ വാദിച്ചത്.
സൗദി അറേബ്യ ഹജ്ജ് കമ്മിറ്റിക്ക് 80 ശതമാനം ക്വോട്ട അനുവദിച്ചു. ബാക്കിയുള്ളത് ഹജ്ജ് ഗ്രൂപ്പ് സംഘാടകര്‍ വഴിയുമാണ്. സംഘാടകര്‍ക്ക് ചില മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതുണ്ട്. മെയ് മാസത്തില്‍ ഗ്രൂപ്പുകളില്‍ ചിലര്‍ക്കെതിരെ നമുക്ക് പരാതി ലഭിച്ചു. അവര്‍ അതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചു.
കേന്ദ്ര സര്‍ക്കാരിന് തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിപ്പിക്കണമെന്നില്ല. അവര്‍ അധികം പണം നല്‍കേണ്ടതുമില്ല. അവരുടെ യാത്ര മറ്റുള്ള ഗ്രൂപ്പുകള്‍ക്ക് നല്‍കുമായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ അവര്‍ക്ക് സാമ്പത്തിക ഉറപ്പ് നല്‍കും.
ഹൈക്കോടതിയുടെ ആവശ്യവും തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കാതിരിക്കലാണ്. ഹജ്ജ് ഗ്രൂപ്പുകള്‍ നിലവാരം പുലര്‍ത്തിയില്ലെങ്കില്‍ തീര്‍ത്ഥാടകര്‍ സൗദി അറേബ്യയില്‍ ബുദ്ധിമുട്ട് നേരിടേണ്ടി വരും, ജെയ്ന്‍ പറഞ്ഞു.
എന്നാല്‍ വിഷയം ദല്‍ഹി ഹൈക്കോടതി ജൂലൈ ഏഴിന് വീണ്ടും പരിഗണിക്കുമെന്ന് നിരീക്ഷിച്ച സുപ്രീം കോടതി ഇതില്‍ ഇടപെടേണ്ടതില്ലെന്ന് വ്യക്തമാക്കി. അതേസമയം ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്ന വ്യവഹാരങ്ങളുടെ മാനസിക സമ്മര്‍ദമില്ലാതെ തീര്‍ത്ഥാടകരെ ഹജ്ജിന് പോകാന്‍ അനുവദിക്കണമെന്നും സുപ്രീം കോടതി ആവശ്യപ്പെട്ടു.
ഈ വാദങ്ങളൊക്കെയും ഹൈക്കോടതി പരിഗണിക്കും. നടന്നുകൊണ്ടിരിക്കുന്ന വ്യവഹാരങ്ങളില്‍ മാനസിക സമ്മര്‍ദമില്ലാതെ ഹജ്ജ് ചെയ്യാന്‍ തീര്‍ത്ഥാടകരെ അനുവദിക്കണം.
ഹജ്ജിന് പോയവര്‍ തിരിച്ച് വരുന്നത് വരെ ഹജ്ജ് ഗ്രൂപ്പുകള്‍ക്കെതിരെ നടപടിയെടുക്കാതിരിക്കുന്നതാണ് നല്ലത്. അവര്‍ക്ക് ഒരുപാട് കാലം സൗദി അറേബ്യയില്‍ നില്‍ക്കാന്‍ സാധിക്കില്ല, സൂര്യ കാന്ത് പറഞ്ഞു.
ഹജ്ജ്-2023ന്റെ ഏകീകൃത ലിസ്റ്റില്‍ (consolidated list) തങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റും കോട്ടയും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതിനെ തുടര്‍ന്ന് ചില സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ ദല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
ഹജ്ജ് യാത്ര പൂര്‍ത്തിയാക്കുന്നത് തടസപ്പെടുത്താതിരിക്കാന്‍ ഈ വര്‍ഷം അനുവദിച്ച കോട്ട അവസാന നിമിഷം കേന്ദ്ര സര്‍ക്കാര്‍ റദ്ദാക്കിയത് ദല്‍ഹി ഹൈകോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
ആയിരത്തിലേറെ മലയാളികളടക്കം 17 സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്രക്കൊരുങ്ങിയ തീര്‍ത്ഥാടകരുടെ ഹജ്ജ് അവസാന നിമിഷം അനിശ്ചിതത്വത്തിലാക്കുന്നതായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നടപടി.
ഈ വര്‍ഷം സ്വകാര്യ ഹജ്ജ് ക്വോട്ടക്ക് മന്ത്രാലയവുമായി ബന്ധപ്പെട്ടവര്‍ വന്‍ തുക ആവശ്യപ്പെട്ടെന്ന ആരോപണമുണ്ടായിരുന്നു. അതിനിടയിലാണ് വര്‍ഷങ്ങളായി ഹജ്ജ് തീര്‍ത്ഥാടകരെ കൊണ്ടുപോകുന്ന 17 സ്വകാര്യ ഗ്രൂപ്പുകള്‍ക്ക് അനുവദിച്ച കോട്ടയും ലൈസന്‍സും റദ്ദാക്കുന്നത്.