ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങൾ കാണുന്നതിനായി സഞ്ചാരികളുമായി പോയി കാണാതായ അന്തർവാഹിനിയിൽ പാകിസ്ഥാനിലെ ഏറ്റവും വലിയ പണക്കാരിൽ ഒരാളും മകനും. ഞായറാഴ്ച കാണാതായ അന്തർവാഹിനിയിലെ അഞ്ച് യാത്രക്കാരിലാണ് ഷഹ്‌സാദ ദാവൂദ്, മകൻ സുലൈമാൻ എന്നിവർ ഉൾപ്പെടുന്നത്.
അറ്റ്ലാന്റിക് സമുദ്രത്തിൽ കാണാതായ അന്തർവാഹിനിയിൽ ബ്രിട്ടീഷ് കോടീശ്വരനും വ്യവസായിയും പൈലറ്റും ബഹിരാകാശ വിനോദസഞ്ചാരിയുമായ ഹാമിഷ് ഹാർഡിംഗ്, ഫ്രഞ്ച് മുങ്ങൽ വിദഗ്ധനും ടൈറ്റാനിക് വിദഗ്ധനുമായ പോൾ-ഹെൻറി നർജിയോലെറ്റ്, പാകിസ്ഥാൻ വ്യവസായിയായ ഷഹ്‌സാദ ദാവൂദും മകൻ സുലൈമാൻ ദാവൂദും എന്നിവർ ഉൾപ്പെട്ടിരിക്കുന്നു എന്ന് സ്ഥിരീകരിച്ചു.
പ്രിൻസ് ട്രസ്റ്റ് ചാരിറ്റിയുടെ യുകെ ആസ്ഥാനമായുള്ള ബോർഡ് അംഗമാണ് ഷഹ്‌സാദ ദാവൂദ് എന്ന 48 -കാരൻ. മകൻ സുലൈമാന് 19 വയസാണ്. ഷഹ്‌സാദയുടെ ഭാര്യ ക്രിസ്റ്റീനും മകൾ അലീനയും ഉൾപ്പെടെ കുടുംബം ഇപ്പോൾ ഇരുവരെയും കുറിച്ചുള്ള എന്തെങ്കിലും വാർത്തകൾക്കായുള്ള കാത്തിരിപ്പിലാണ്. കറാച്ചി ആസ്ഥാനമായ എൻഗ്രോയുടെ വൈസ് ചെയർമാൻ കൂടിയാണ് ഷഹ്സാദ ദാവൂദ്. എനർജി, കൃഷി, പെട്രോകെമിക്കൽസ്, ടെലികമ്മ്യൂണിക്കേഷൻ എന്നിവയിൽ എൻഗ്രോയ്ക്ക് വലിയ നിക്ഷേപമാണുള്ളത്. 2022 അവസാനത്തോടെ, സ്ഥാപനം 350 ബില്യൺ രൂപയുടെ വരുമാനം പ്രഖ്യാപിച്ചിരുന്നു.
ഷഹ്സാദയുടെ പിതാവായ ഹുസ്സൈൻ ദാവൂദ് സ്ഥിരമായി പാകിസ്ഥാനിലെ ധനികരുടെ പട്ടികയിൽ ഉൾപ്പെടുന്ന ആളാണ്. ഷഹ്സാദയുടെ കുടുംബത്തിന് യുകെയുമായി ശക്തമായ ബന്ധമുണ്ട്. ഭാര്യയ്ക്കും മകൾക്കും മകനും ഒപ്പം ഷഹ്‌സാദ സറേയിലെ ഒരു ബംഗ്ലാവിലാണ് താമസിക്കുന്നത്. അദ്ദേഹം ജനിച്ചത് പാകിസ്ഥാനിലാണെങ്കിലും, യുകെയിലേക്ക് താമസം മാറുകയായിരുന്നു. അവിടെ അദ്ദേഹം ബക്കിംഗ്ഹാം സർവകലാശാലയിൽ നിയമം പഠിച്ചു. അമേരിക്കയിലും ഷഹ്സാദ പഠിച്ചിട്ടുണ്ട്.
അതേ സമയം കാണാതായ അന്തർവാഹിനിക്ക് വേണ്ടിയുള്ള തെരച്ചിൽ ഊർജ്ജിതമായി തുടരുകയാണ്. ഇനി വെറും ഒരു ദിവസത്തേക്കുള്ള ഓക്സിജൻ മാത്രമാണ് അതിൽ ശേഷിച്ചിരിക്കുന്നത്. ഓഷൻഗേറ്റ് കമ്പനിയുടെ പേരിലുള്ള 6.5 മീറ്റർ വരുന്ന അന്തർവാഹിനി ഞായറാഴ്ചയാണ് യാത്ര തുടങ്ങിയത്. എന്നാൽ, പുറപ്പെട്ട് വെറും രണ്ട് മണിക്കൂർ കഴിഞ്ഞതോടെ ഇതിൽ നിന്നുമുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. തെരച്ചിൽ തുടരുകയാണ് എങ്കിലും ഇതുസംബന്ധിച്ച് ഒരു വിവരവും കിട്ടിയിട്ടില്ല. നല്ല വാര്‍ത്തകള്‍ക്ക് വേണ്ടി കാത്തിരിക്കുകയാണ് എല്ലാവരും.