കോഴിക്കോട്: പ്രസവശസ്ത്രക്രിയയെത്തുടർന്ന് കത്രികക്ക് സമാനമായ സർജിക്കൽ ഇൻസ്ട്രുമെന്റ് വയറ്റിൽ കുടുങ്ങിയ ഹർഷിനയുടെ നീതിക്കായി ഉപവാസ സമരം അനുഷ്ഠിച്ച് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കള്‍. നീതി വേണമെന്നാവശ്യപ്പെട്ട് മെഡിക്കൽ കോളേജിനു മുന്നിൽ ആരംഭിച്ച രണ്ടാംഘട്ട സമരത്തിന്റെ ഇരുപത്തി അഞ്ചാം ദിവസമാണ് വിമൻ ജസ്റ്റിസ് സംസ്ഥാന നേതാക്കൾ സമരപ്പന്തലിൽ ചേർന്ന് നിൽപ്പ് എന്ന പേരിൽ ഉപവാസ സമരം നടത്തിയത്.
രോഗിയെ അങ്ങേയറ്റം ദ്രോഹിക്കുന്ന ഞെട്ടിക്കുന്ന സംഭവമാണ് മെഡിക്കൽ കോളേജിന്റെ ഭാഗത്ത് നിന്നുണ്ടായ അപകടകരമായ അശ്രദ്ധയെന്ന് ഉദ്ഘാടന പ്രഭാഷണത്തിൽ സംസ്ഥാന പ്രസിഡന്റ് വി.എ.ഫായിസ പറഞ്ഞു. ഹർഷിനക്ക് ഇത്തരമൊരു ദുരിത ജീവിതം വിതച്ചതിന് ഉത്തരവാദി കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതർ തന്നെയാണ് എന്ന് മനസിലാക്കിയ ആരോഗ്യമന്ത്രി തന്ത്രപൂർവ്വം സമരപ്പന്തലിലെത്തി കപട വാഗ്ദാനം നൽകുകയായിരുന്നു എന്ന് അവർ കൂട്ടിച്ചേർത്തു. ഹർഷിനക്ക് നീതി വേണമെന്നും കുറ്റക്കാർക്കെതിരെ മാതൃകാപരമായ ശിക്ഷ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട അവർ അഞ്ച് വർഷത്തിലേറെയായി നരകയാതനയനുഭവിച്ചവൾക്ക് അർഹമായ നഷ്ടപരിഹാരം നൽകാൻ സർക്കാർ തയാറാവണമെന്നും കൂട്ടിച്ചേർത്തു.