തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളില്‍ വാഹനങ്ങളുടെ വേഗപരിധി പുതുക്കുവാൻ തീരുമാനിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. ദേശീയ വിജ്ഞാപനത്തിന് അനുസൃതമായിട്ടാണ് സംസ്ഥാന സര്‍ക്കാരിന്‍റെയും നീക്കം. സംസ്ഥാനത്ത് എ.ഐ. ക്യാമറകൾ പ്രവർത്തന സജ്ജമായതിനെത്തുടർന്നാണ് വേഗപരിധി പുനര്‍ നിശ്ചയിക്കുവാൻ തീരുമാനിച്ചത്. ഗതാഗതമന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ചേർന്ന ഉന്നതല യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനം എടുത്തത്. സംസ്ഥാനത്ത് 2014-ൽ നിശ്ചയിച്ചിരുന്ന വേഗപരിധിയാണ് നിലവിലുള്ളത്. ഇരുചക്ര വാഹനങ്ങളും കാറുകളും ഉള്‍പ്പെടെയുള്ള എല്ലാ വാഹനങ്ങളുടെയും നിയമാനുസൃതമായ വേഗപരിധി പുതുക്കി നിശ്‍ചയിച്ചിട്ടുണ്ട്. ഇരുചക്രവാഹനങ്ങളുടെ വേഗപരിധി കുറച്ചതിനൊപ്പം കാറുകള്‍ ഉള്‍പ്പെടെയുള്ള യാത്രാവാഹനങ്ങളുടെ വേഗപരിധി കൂട്ടി എന്നതും ശ്രദ്ധേയമാണ്. ഈ ജൂലൈ ഒന്നു മുതല്‍ പുതുക്കിയ വേഗ പരിധി നിലവില്‍ വരും. ഇതാ ഇതിനേക്കുറിച്ച് അറിയേണ്ടതെല്ലാം
പുതുക്കിയ വേഗപരിധിയും നിലവിലുള്ള വേഗപരിധിയും ചുവടെ
ഇരുചക്ര വാഹനങ്ങള്‍ക്ക്
പരമാവധി വേഗപരിധി 70 കിലോമീറ്ററില്‍ നിന്നും 60 ആയി കുറച്ചു. നാലുവരി പാതയിൽ മാത്രമായിരുന്നു 70 കിലോമീറ്റർ വേഗത അനുവദിച്ചിരുന്നത്. ഇതാണ് 60ലേക്ക് ചുരുക്കിയത്. നഗരസഭ/കോർപറേഷൻ പ്രദേശങ്ങൾ, സംസ്ഥാന പാതകൾ, മറ്റു പാതകൾ എന്നിവിടങ്ങളിൽ 50 കിലോമീറ്ററാണ് നിലവില്‍ ഇരുചക്ര വാഹനങ്ങള്‍ക്കുള്ള വേഗപരിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അരികെ 30, മലമ്പാതകൾ 45 എന്നിങ്ങനെയും ദേശീയപാതയിൽ 60 കിലോമീറ്ററുമായിരുന്നു അനുവദിച്ചിരുന്ന പരമാവധി വേഗം. സംസ്ഥാനത്ത് റോഡപകടങ്ങളില്‍ ഭൂരിഭാഗവും ഇരുചക്ര വാഹനങ്ങളായതിനാലാണ് വേഗപരിധി കുറച്ച ഈ തീരുമാനം.
ഒമ്പത് സീറ്റ് വരെയുള്ള വാഹനങ്ങള്‍ക്ക്
- ആറ് വരി ദേശീയ പാതയിൽ 110 കിലോമീറ്റർ
- നാല് വരി ദേശീയ പാതയിൽ 100 കിമി – (നിലവില്‍ 90)
- മറ്റ് ദേശീയപാത, എം.സി. റോഡ്, 4 വരി സംസ്ഥാന പാത എന്നിവയിൽ 90 കിമി (നിലവില്‍ 85 കിലോമീറ്റർ)
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും നിലവിലെ 80 കിമി പരിധി തുടരും
- മറ്റു റോഡുകളിൽ 70 കിമി, നഗര റോഡുകളില്‍ 50 കിമി എന്ന നിലവിലെ വേഗപരിധി തന്നെ തുടരും.
ഒമ്പത് സീറ്റിനു മുകളിലുള്ള ലൈറ്റ് -മീഡിയം ഹെവി മോട്ടോർ യാത്ര വാഹനങ്ങൾക്ക്
- ആറ് വരി ദേശീയ പാതയിൽ 95 കിലോമീറ്റർ
- നാല് വരി ദേശീയ പാതയിൽ 90 കിമി (നിലവില്‍ 70)
- മറ്റ് ദേശീയപാത, എം സി റോഡ്, നാല് വരി സംസ്ഥാന പാത എന്നിവയിൽ 85 കിമി (നിലവില്‍ 65 കിലോമീറ്റർ)
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 80 കിമി (നിലവില്‍ 65)
- മറ്റു റോഡുകളിൽ 70 കിമി (നിലവില്‍ 60)
- നഗര റോഡുകളില്‍ 50 കിലോമീറ്റർ പരിധി തുടരും
ലൈറ്റ് മീഡിയം ഹെവി വിഭാഗത്തിൽപ്പെട്ട ചരക്ക് വാഹനങ്ങൾക്ക്
- ആറ് വരി, നാല് വരി ദേശീയപാതകളിൽ 80 കിമി (നിലവില്‍ 70 കിലോമീറ്റര്‍)
- മറ്റ് ദേശീയപാതകളിലും നാല് വരി സംസ്ഥാന പാതകളിലും 70കിമി (നിലവില്‍65കിലോമീറ്റര്‍)
- മറ്റ് സംസ്ഥാനപാതകളിലും പ്രധാന ജില്ലാ റോഡുകളിലും 65 കിമി (നിലവില്‍60 കിലോമീറ്റര്‍)
- മറ്റ് റോഡുകളിൽ 60 കിമി (നിലവില്‍60) കിലോമീറ്റര്‍)
- നഗര റോഡുകളില്‍ 50 കിമി(നിലവില്‍ 50 കിലോമീറ്റർ)
ഓട്ടോറിക്ഷകള്‍, സ്‍കൂള്‍ ബസുകള്‍ എന്നിവയ്ക്ക്
മുച്ചക്ര വാഹനങ്ങളുടെയും സ്‍കൂൾ ബസുകളുടെയും പരമാവധി വേഗപരിധി നിലവിലുള്ള 50 കിലോമീറ്ററായി തുടരും.