‘ഗര്‍ഭം ധരിച്ച പുരുഷൻ’; വിചിത്രമായ അവസ്ഥയിലൂടെ ജീവിച്ച ഒരാള്‍…

0
347

ഒരു സ്ത്രീയെ പോലെ പുരുഷൻ ഗര്‍ഭം ധരിക്കുക. കേള്‍ക്കുമ്പോള്‍ തന്നെ ഏവര്‍ക്കും ഇത് തീര്‍ച്ചയായും അവിശ്വസനീയമായി തോന്നും. പുരുഷന് ഗര്‍ഭധാരണം സാധ്യമല്ലല്ലോ എന്ന തീര്‍ത്തും സ്വാഭാവികമായ മറുചോദ്യവും നിങ്ങള്‍ ചോദിക്കാം. എന്നാല്‍ ‘ഗര്‍ഭം ധരിച്ച പുരുഷാ…’ എന്ന വിളി കേട്ട് മൂന്ന് പതിറ്റാണ്ടിലധികം ജീവിച്ച ഒരാളുണ്ട്.

നാഗ്പൂര്‍ സ്വദേശിയായ ഭഗത് എന്ന വ്യക്തിയെ കുറിച്ചാണ് പറയുന്നത്. അപൂര്‍വങ്ങളില്‍ അപൂര്‍വമായ ‘ഫീറ്റസ് ഇൻ ഫീറ്റു’ എന്ന അവസ്ഥയിലൂടെയായിരുന്നു ഭഗത് കടന്നുപൊയ്ക്കൊണ്ടിരുന്നത്. എന്നാലിക്കാര്യം ഇദ്ദേഹമോ മറ്റുള്ളവരോ അറിഞ്ഞില്ല.

യൗവനത്തിലേക്ക് കടക്കും മുമ്പ് തന്നെ ഭഗതിന്‍റെ വയര്‍ വീര്‍ത്തുവരാൻ തുടങ്ങിയിരുന്നു. ഗ്യാസിന്‍റെ ബുദ്ധിമുട്ടാണ് എന്ന നിഗമനത്തില്‍ ഇദ്ദേഹം തുടര്‍ന്നു. എന്നാല്‍ പ്രായമേറും തോറും വയര്‍ വീര്‍ത്തുവരുന്നതും കൂടാൻ തുടങ്ങി. ജീവിതപ്രാരാബ്ധങ്ങള്‍ക്കിടയില്‍ ആശുപത്രിയില്‍ പോയി ചികിത്സ തേടുന്നതിനും ഭഗത് മുതിര്‍ന്നില്ല.

ഗര്‍ഭിണിയായ സ്ത്രീയുടെ വയറിന് സമാനമായ വയറുമായി നടക്കാൻ തുടങ്ങിയതോടെയാണ് ഭഗതിനെ നാട്ടുകാര്‍ ‘പ്രെഗ്നന്‍റ് മാൻ’ അഥവാ ‘ഗര്‍ഭം ധരിച്ച പുരുഷാ…’ എന്ന് വിളിക്കാൻ തുടങ്ങിയത്. ഒടുവില്‍ വയര്‍ കാരണം ശ്വാസം തടസപ്പെടുന്ന അവസ്ഥ ആയതോടെയാണ് ഭഗത് ആശുപത്രിയില്‍ പോയത്.

ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ആദ്യകാഴ്ചയില്‍ തന്നെ ഇതൊരു ട്യൂമര്‍ കേസ് ആയിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തു. ശേഷം സര്‍ജറി പെട്ടെന്ന് നിശ്ചയിച്ചു. എന്നാല്‍ സര്‍ജറിയില്‍ ഇദ്ദേഹത്തിന്‍റെ വയര്‍ തുറന്ന ഡോക്ടര്‍മാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിപ്പോയി എന്നാണ് പറയുന്നത്. ഭഗതിന്‍റെ വയറിനകത്ത് നിന്ന് ആദ്യം കാലുകള്‍ പോലെ എന്തോ കണ്ടു. പിന്നെ മുടി, ജനനേന്ദ്രിയത്തിന് സമാനമായ ഭാഗം അങ്ങനെ മനുഷ്യന്‍റെ വിവിധ അവയവങ്ങളെ തോന്നിപ്പിക്കുന്ന ഗര്‍ഭസ്ഥ ശിശുവിന്‍റെ രൂപം.

എന്താണിത് എന്ന അമ്പരപ്പും ഭയവും ഡോക്ടര്‍മാരെ പിടികൂടി. പക്ഷേ പിന്നീടവര്‍ക്ക് മനസിലായി, ലക്ഷക്കണക്കിന് പേരില്‍ ഒരാള്‍ക്ക് എന്ന നിലയില്‍ പോലും കാണാൻ സാധിക്കാത്ത അത്രയും അപൂര്‍വമായ ‘ഫീറ്റസ് ഇൻ ഫീറ്റു’ എന്ന അവസ്ഥയാണിത്.

ഇരട്ടകളില്‍ ഒരു കുഞ്ഞ് മറ്റൊന്നിന്‍റെ അകത്ത് തന്നെ വളരുന്ന അവസ്ഥയാണിതെന്ന് ലളിതമായി പറയാം. ഭഗതിന്‍റെ കേസില്‍ ഭഗതിന്‍റെ ഇരട്ട അദ്ദേഹത്തിന്‍റെ ഉള്ളിലാണ് ഉണ്ടായിരുന്നത്. അദ്ദേഹം വളരുന്നതിന് അനുസരിച്ച് എല്ലാ പരിമിതിയോടും കൂടി ഈ ഭ്രൂണവും വളരുകയായിരുന്നു. ഒരിക്കലും ഇതൊരു മനുഷ്യക്കുഞ്ഞായി രൂപപ്പെടുകയില്ല. ജീവനുള്ള കോശങ്ങളുള്ളതിനാല്‍ ഇതിനും ജീവനുണ്ടെന്ന് കണക്കാക്കാമെന്ന് മാത്രം. അതേസമയം സര്‍ജറിയിലൂടെ നീക്കം ചെയ്തുകഴിഞ്ഞാല്‍ ഇതിന് നിലനില്‍പ് ഇല്ലാതെയാകും.

എന്തായാലും ഭഗതിന്‍റെ വ്യത്യസ്തമായ ജീവിതകഥ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ്. ധാരാളം പേര്‍ ഭഗതിന്‍റെ അനുഭവത്തിലൂടെയാണ് ഇങ്ങനെയൊരു അപൂര്‍വമായ അവസ്ഥയുണ്ട് എന്നത് തന്നെ തിരിച്ചറിയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here