റിയാദ്: ഏകീകൃത സന്ദര്‍ശക വിസയും ടൂറിസം കലണ്ടറും ഏര്‍പ്പെടുത്താന്‍ രണ്ട് ഗള്‍ഫ് രാജ്യങ്ങള്‍ തത്വത്തില്‍ അംഗീകാരം നല്‍കി. സൗദി അറേബ്യയും ഒമാനുമാണ് ഏകീകൃത ജിസിസി സന്ദര്‍ശക വിസ എന്ന ആശയത്തിലേക്ക് ഒരു പടി കൂടി മൂന്നോട്ട് നീങ്ങുന്നത്. അടുത്തിടെ ഒമാന്‍ സന്ദര്‍ശിച്ച സൗദി ടൂറിസം മന്ത്രി അഹ്‍മദ് അല്‍ ഖത്തീബ്, ഒമാന്‍ ഹെറിറ്റേജ് ആന്റ് ടൂറിസം മന്ത്രി സലീം അല്‍ മഹ്‍റൂഖിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്.
ഇരു രാജ്യങ്ങള്‍ക്കും താത്പര്യമുള്ള നിരവധി സംയുക്ത ടൂറിസം പദ്ധതികളെക്കുറിച്ച് സൗദി അറേബ്യയുടെയും ഒമാന്റെയും ടൂറിസം മന്ത്രിമാര്‍ ചര്‍ച്ച ചെയ്‍തു. അന്താരാഷ്ട്ര വിനോദസഞ്ചാരികള്‍, ഗള്‍ഫ് രാജ്യങ്ങളിലെ പൗരന്മാരും പ്രവാസികളും തുടങ്ങിയവരെയെല്ലാം ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികള്‍ ആവിഷ്‍കരിക്കുന്നതെന്ന് സൗദി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. സൗദി അറേബ്യയ്ക്കും ഒമാനും ഇടയില്‍ ടൂറിസം സീസണുകളിലെ യാത്രകള്‍ സംബന്ധിച്ചും ചര്‍ച്ചകള്‍ നടന്നു. ടൂറിസം രംഗത്തെ വാണിജ്യ, നിക്ഷേപ സഹകരണ സാധ്യതകളെക്കുറിച്ചും രണ്ട് രാജ്യങ്ങളിലെയും ടൂറിസം മേഖലകള്‍ക്ക് താത്പര്യമുള്ള നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ചര്‍ച്ചകളില്‍ വിഷയമായി. ഷെങ്കന്‍ വിസ മാതൃകയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഏകീകൃത സന്ദര്‍ശക വിസ ഏര്‍പ്പെടുത്തന്ന കാര്യം നേരത്തെ ജിസിസി തലത്തില്‍ ചര്‍ച്ച ചെയ്‍തിരുന്നു.