കാസര്‍കോട്: ജില്ലയില്‍ സ്കൂളുകളില്‍ കേന്ദ്രീകരിച്ച് മോഷണങ്ങള്‍. കുട്ടികള്‍ സ്വന്തന പെട്ടിയില്‍ നിക്ഷേപിച്ച പണം ഉള്‍പ്പടെ മോഷ്ടിച്ചു. രണ്ട് സ്കൂളുകളിലാണ് മോഷണം നടന്നത്. സ്കൂളിലെ സഹായ നിധിയായ സാന്ത്വന പെട്ടിയില്‍ വരെ കാസര്‍കോട്ടെ കള്ളന്മാര്‍ കൈയിട്ട് വാരുകയാണ്. കാസര്‍കോട് നഗരത്തിലെ ഗവ. യുപി സ്കൂളിലും സമീപമുള്ള ബിഇഎം ഹയര്‍സെക്കൻഡറി സ്കൂളിലുമാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്.
ഗവ യുപി സ്കൂളിലെ ഓഫീസ് മുറി കുത്തി തുറന്ന് അകത്ത് കയറിയ കള്ളന്മാര്‍ സാന്ത്വന പെട്ടിയില്‍ ഉണ്ടായിരുന്ന പണം കവര്‍ന്നു. മൂവായിരത്തോളം രൂപയാണ് ഇതിലുണ്ടായിരുന്നത്. അലമാരയും കുത്തി തുറന്നിട്ടുണ്ട്. ബിഇഎം ഹയർ സെക്കൻഡറി സ്കൂളില്‍ ഹൈസ്ക്കൂള്‍ വിഭാഗം ഓഫീസിലിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 30,000 രൂപ കള്ളന്മാര്‍ കൊണ്ടുപോയി.
ഹയർ സെക്കൻഡറി വിഭാഗം ഓഫീസില്‍ നിന്ന് രണ്ടായിരം രൂപയും മോഷ്ടിച്ചു. അലമാരകളെല്ലാം കുത്തിപ്പൊളിച്ചു. സ്കൂളില്‍ സ്ഥാപിച്ച നിരീക്ഷണ ക്യാമറകളുടെ ഹാര്‍ഡ് ഡിസ്ക്കുമായാണ് കള്ളന്മാര്‍ സ്ഥലം വിട്ടത്. രാവിലെ സ്കൂളുകള്‍ തുറക്കാന്‍ എത്തിയപ്പോഴാണ് മോഷണ വിവരം പുറത്തറിയുന്നത്. ടൗണ് പൊലീസ് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് നിഗമനം.