തടസ്സങ്ങളെല്ലാം മറികടന്ന് ശിഹാബ് ചോറ്റൂര്‍ മക്കയിലെത്തി. ഇത്തവണ ഹജ്ജിന് പ്രാരംഭംകുറിക്കുമ്പോള്‍ ശിഹാബിനും ആ പുണ്യകര്‍മത്തില്‍ പങ്കെടുക്കാം.
മലപ്പുറത്തെ വളാഞ്ചേരിക്കടുത്തുള്ള ചോറ്റൂരില്‍നിന്ന് ഒരുവര്‍ഷംമുമ്പ് കാല്‍നടയായി മക്കയിലേക്ക് തിരിച്ച ചേലമ്പാടന്‍ ശിഹാബ് എന്ന 29-കാരനാണ് മക്കയിലെത്തി പ്രാര്‍ഥനാപൂര്‍വം കാത്തിരിക്കുന്നത്. മക്കയില്‍ ഹജ്ജ് മന്ത്രാലയത്തിന്റെ അതിഥിയായാണ് ശിഹാബ് ഹജ്ജിനു തിരഞ്ഞെടുക്കപ്പെട്ടത്. അതിനാല്‍ ചെലവുകളെല്ലാം മന്ത്രാലയം വഹിക്കും. ഹറമിനുസമീപം സുഹൃത്തുക്കള്‍ക്കൊപ്പമാണ് അദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്.
”ദുല്‍ഹജ്ജ് മാസം ഏഴിന് ഇവിടെനിന്ന് കര്‍മം നടക്കുന്നിടത്തേക്ക് തിരിക്കും. എട്ടിന് ഹജ്ജിന്റെ വിവിധഘട്ടങ്ങള്‍ തുടങ്ങും. ഉമ്മയ്ക്ക് ആദ്യമായി ഹജ്ജ് നിര്‍വഹിക്കാന്‍ അവസരമൊരുക്കാനായതിന്റെ സന്തോഷവുമുണ്ട് ഇപ്പോള്‍. എന്റെ ചെലവുകള്‍ മന്ത്രാലയം വഹിക്കുന്നതുകാരണം എനിക്കായി കരുതിയ പണം ഉമ്മയ്ക്കു നല്‍കാനായി. ഉമ്മ വിമാനമാര്‍ഗം ഇവിടെ എത്തിച്ചേര്‍ന്നിട്ടുണ്ട്…” -ശിഹാബിന്റെ മുഖത്ത് ആഹ്ലാദം നിറഞ്ഞു.
കഴിഞ്ഞവര്‍ഷം ജൂണ്‍ രണ്ടിനാണ് ശിഹാബ് ചോറ്റൂരില്‍നിന്ന് കാല്‍നടയായി യാത്ര തുടങ്ങിയത്. പാകിസ്താന്‍, ഇറാന്‍, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്കുകടന്ന് എണ്ണായിരത്തിലേറെ കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യാത്ര. വാഗാ അതിര്‍ത്തിയില്‍ പാകിസ്താനില്‍നിന്നുള്ള അനുമതി ലഭിക്കാത്തതുമൂലം യാത്ര തടസ്സപ്പെട്ട് നാലുമാസത്തിലേറെ അവിടെ തങ്ങേണ്ടിവന്നു.