സഞ്ജു ടെസ്റ്റ് ടീമിലെത്താതിരിക്കാന്‍ വ്യക്തമായ നീക്കം, അവസരം മുളയിലെ നുള്ളി സെലക്ടര്‍മാര്‍

0
170

മലയാളി താരം സഞ്ജു സാംസണിന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്കെത്താനുള്ള അവസരമായിരുന്നു വരാനിരിക്കുന്ന ദുലീപ് ട്രോഫി ടൂര്‍ണമെന്റ്. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ സഞ്ജുവിന് ഇടം ലഭിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായിട്ടാണ് സൗത്ത് സോണ്‍ ടീമില്‍ നിന്നും അദ്ദേഹം ഒഴിവാക്കപ്പെട്ടത്. കാരണം 2022-23ലെ രഞ്ജി ട്രോഫിയില്‍ സഞ്ജു മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്.

രഞ്ജി ട്രോഫിയില്‍ കേരള ടീമിനെ നയിച്ച സഞ്ജു 56.80 എന്ന മികച്ച ശരാശരിയില്‍ 284 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്തത്. മൂന്നു ഫിഫ്റ്റികളുള്‍പ്പെടെയായിരുന്നു ഇത്. ഇന്ത്യന്‍ ടെസ്റ്റ് ടീമിലെത്താന്‍ സഞ്ജുവിനു മുന്നിലുള്ള നല്ലൊരു അവസരമായിരുന്നു ദുലീപ് ട്രോഫി. എന്നാല്‍ സഞ്ജുവിന്റെ ഈ നീക്കം സെലക്ടര്‍മാര്‍ മുളയിലെ നുള്ളി എന്നു വേണം മനസിലാക്കാന്‍.

രഞ്ജി ട്രോഫിയിലെ പ്രകടനം കണക്കിലെടുക്കുമ്പോള്‍ ദുലീപ് ട്രോഫിയില്‍ സൗത്ത് സോണിന്റെ ഫസ്റ്റ് ചോയ്സ് വിക്കറ്റ് കീപ്പറായി സഞ്ജു സാംസണ്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിച്ചിരുന്നു. എന്നാല്‍ ടീമില്‍ ഇടംലഭിക്കാതെ വന്നതോടെ ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ കടന്നുകൂടാനുള്ള സഞ്ജുവിന്റെ ശ്രമങ്ങള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ജൂണ്‍ 13 ചൊവ്വാഴ്ച ഗോവയില്‍ നടന്ന യോഗത്തിലാണ് സൗത്ത് സോണ്‍ അസോസിയേഷനുകള്‍ 15 അംഗ ടീമിനെ തിരഞ്ഞെടുത്തത്. ടെസ്റ്റില്‍ ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്ററായിരുന്ന ഹനുമാ വിഹാരിയാണ് ദുലീപ് ട്രോഫിയില്‍ സൗത്ത് സോണ്‍ ടീമിനെ നയിക്കുന്നത്. മറ്റൊരു മുന്‍ ഇന്ത്യന്‍ താരം മായങ്ക് അഗര്‍വാളിനെ വൈസ് ക്യാപ്റ്റനുമാക്കിയിരിക്കുകയാണ്.

അടുത്തിടെ ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ മത്സരിച്ച ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ കെഎസ് ഭരത്, ആന്ധ്രാ ടീമംഗം റിക്കി ഭുയിക്കൊപ്പം വിക്കറ്റ് കീപ്പറായി സൗത്ത് സോണ്‍ ടീമില്‍ ഇടം നേടി.

തമിഴ്നാട്ടില്‍ നിന്ന് വാഷിംഗ്ടണ്‍ സുന്ദര്‍, സായ് സുദര്‍ശന്‍, പ്രദോഷ് രഞ്ജന്‍ പോള്‍, സായ് കിഷോര്‍ എന്നിവരെ തിരഞ്ഞെടുത്തു. സായ് സുദര്‍ശന്‍ 2022-23 ആഭ്യന്തര സീസണില്‍ തമിഴ്നാടിന്റെ മികച്ച ബാറ്റ്‌സ്മാനാണ്. കൂടാതെ ഗുജറാത്ത് ടൈറ്റന്‍സിനെ ഐപിഎല്‍ ഫൈനലിലെത്തിക്കാനും അദ്ദേഹം സഹായിച്ചു. മായങ്ക് അഗര്‍വാളിനൊപ്പം കര്‍ണാടക ടോപ് ഓര്‍ഡര്‍ ബാറ്റര്‍ രവികുമാര്‍ സമര്‍ത്തും പേസ് ബൗളര്‍ വൈശാഖ് വിജയ്കുമാറും 15 അംഗ ടീമിലുണ്ടാകും. വിജയകരമായ ഐപിഎല്‍ സീസണില്‍ നിന്ന് മടങ്ങിയെത്തിയ സായ് സുദര്‍ശന്‍, തിലക് വര്‍മ്മ എന്നിവരും സൗത്ത് സോണിലേക്കുള്ള സെലക്ഷനില്‍ ഇടംപിടിച്ചു.

2023 ദുലീപ് ട്രോഫിക്കുള്ള സൗത്ത് സോണ്‍ ടീം: ഹനുമ വിഹാരി (സി), മായങ്ക് അഗര്‍വാള്‍ (വിസി), കെ എസ് ഭരത് (ഡബ്ല്യുകെ), റിക്കി ഭുയി (ഡബ്ല്യുകെ), സായ് സുദര്‍ശന്‍, വാഷിംഗ്ടണ്‍ സുന്ദര്‍, ആര്‍ സമര്‍ത്, തിലക് വര്‍മ്മ, സച്ചിന്‍ ബേബി, സായ് കിഷോര്‍, വി കവേരപ്പ, വൈശാഖ് വിജയകുമാര്‍, പ്രദോഷ് രഞ്ജന്‍ പോള്‍, കെ വി ശശികാന്ത്, ദര്‍ശന്‍ മിസല്‍

LEAVE A REPLY

Please enter your comment!
Please enter your name here