ഒന്നര ദശലക്ഷം ഹിന്ദു യുവതികളുടെ വിവരങ്ങൾ ഓൺലൈൻ ഷോപ്പിങ് പോർട്ടലിൽനിന്ന് ചോർത്തി മുസ്‍ലിംകൾക്ക് നൽകിയെന്ന് സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ രാജസ്ഥാൻ സ്വദേശി സഞ്ജയ് സോണി എന്നയാളാണ് പൊലീസ് പിടിയിലായത്.
കഴിഞ്ഞ മേയ് 16നാണ് ‘സൈബർ ഹണ്ട്സ്’ എന്ന ട്വിറ്റർ അക്കൗണ്ടിൽ ഇങ്ങനെയൊരു വിവരം പ്രത്യക്ഷപ്പെട്ടത്. സ്ത്രീകളുടെ ഉൾവസ്ത്രങ്ങൾ വിൽക്കുന്ന സിവാമി എന്ന വെബ്സൈറ്റിൽനിന്ന് ഹിന്ദു പെൺകുട്ടികളുടെ പേര്, ഫോൺ നമ്പർ, അഡ്രസ് എന്നിവ മുസ്‍ലിംകൾക്ക് കൈമാറിയെന്നായിരുന്നു ആരോപണം. കൈമാറിയ വിവരങ്ങളെന്ന് ആരോപിക്കുന്ന ഒരു സ്ക്രീൻ ഷോട്ടും പേര് മറച്ച നിലയിൽ ട്വീറ്റിനൊപ്പം നൽകിയിരുന്നു. ബി.ജെ.പി നേതാവും വിദ്വേഷ പ്രസംഗങ്ങൾക്ക് പേരുകേട്ടയാളുമായ കപിൽ മിശ്രയെ ടാഗ് ചെയ്തുള്ള ട്വീറ്റിൽ വിവരങ്ങൾ അദ്ദേഹത്തിന് കൈമാറിയിട്ടുണ്ടെന്നും പറഞ്ഞിരുന്നു. സംഘ്പരിവാർ ഹാൻഡിലുകൾ ഇത് വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. ഒരു ദശലക്ഷത്തിലധികം പേരാണ് ഈ ട്വീറ്റ് കണ്ടത്. ഒമ്പതിനായിരത്തോളം ലൈക്കും ആറായിരത്തോളം റി-ട്വീറ്റും ഇതിന് ലഭിച്ചു.
ഇക്കാര്യം ശ്രദ്ധയിൽപെട്ട ദേശീയ വനിത കമീഷൻ, സിവാമി സ്ഥാപക റിച്ച കൗറിന് നോട്ടിസ് അയച്ചു. ലൗ ജിഹാദ്, പെൺവാണിഭം, തട്ടിക്കൊണ്ടുപോകൽ എന്നിവ ലക്ഷ്യമിടുന്ന ഇസ്‍ലാമിക ഗ്രൂപ്പുകൾക്ക് 1.5 ദശലക്ഷം ഹിന്ദു പെൺകുട്ടികളുടെ സുപ്രധാന വിവരങ്ങൾ കൈമാറിയെന്ന രീതിയിൽ ട്വീറ്റിൽ വിവരങ്ങളുണ്ടെന്നും അതിനാൽ മേയ് 29ന് കമീഷൻ മുമ്പാകെ ഹാജരാകണമെന്നും ആവശ്യപ്പെട്ടായിരുന്നു നോട്ടിസ്.
സിവാമിയുടെ 1500 ഉപയോക്താക്കളുടെ ഡാറ്റ സഞ്ജയ് സോണി ഷാഡോ ഹാക്കർ എന്ന ടെലഗ്രാം ചാനലിലും കൺട്രോൾ സി ഡോട്ട് കോം എന്ന വെബ്സൈറ്റിലും വിൽപനക്ക് വെച്ചതായി ‘ബൂം ലൈവ്’ എന്ന ഫാക്ട് ചെക്ക് വെബ്സൈറ്റ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. എന്നാൽ, ഇതിൽ ഹിന്ദു പെൺകുട്ടികളുടെ മാത്രമല്ല, മുസ്‍ലിം പെൺകുട്ടികളുടേതടക്കം വിവരങ്ങൾ ഉണ്ടായിരുന്നു. നേരത്തെ സഞ്ജയ് സോണി ട്വീറ്റ് ചെയ്തിരുന്ന പേരുകളിൽ ആദ്യത്തേത് മുസ്‍ലിം പേരും രണ്ടാമത്തേത് ഹിന്ദു പേരുമാണെന്നും പരിശോധനയിൽ വ്യക്തമായി. 1500 പേരിൽ നൂറിലധികം പേരുകൾ മുസ്‍ലിം, സിഖ് വിഭാഗക്കാരുടേതായിരുന്നു.
റിലയൻസ് ഉടമ മുകേഷ് അംബാനിക്ക് ഓഹരിയുള്ള കമ്പനി കൂടിയാണ് സിവാമി. റിലയൻസ് റീട്ടെയിലിലെ രണ്ട് ജീവനക്കാരാണ് പരാതിയുമായി രംഗത്തെത്തിയത്. സൈബർ ഹണ്ട്സ് എന്ന പേരിലുള്ള ട്വിറ്റർ അക്കൗണ്ട് സഞ്ജയ് സോണി എന്നയാളുടേതാണെന്ന് അന്വേഷണത്തിൽ വ്യക്തമാവുകയും ഡാറ്റ മോഷണത്തിനും ഇരുവിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കിയതിനും മതവികാരം വ്രണപ്പെടുത്തിയതിനും രാജസ്ഥാൻ പൊലീസ് കേസെടുത്ത് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ഏപ്രിൽ 24ന് ഹാക്കർ ഫോണിൽ വിളിച്ച് കമ്പനിയുടെ ഇ-മെയിൽ ഐ.ഡി ചോദിച്ചെന്നും സെർവർ ഹാക്ക് ചെയ്ത് തങ്ങളുടെ 9.2 ദശലക്ഷം ഉപഭോക്താക്കളിൽ 1.5 ദശലക്ഷം പേരുടെ വിവരങ്ങൾ ചോർത്തിയെന്നും സഞ്ജയ് സോണി അവകാശപ്പെട്ടതായി ജീവനക്കാരുടെ പരാതിയിൽ പറയുന്നു. ഹിന്ദു പെൺകുട്ടികളുടെ വിവരങ്ങൾ പുറത്തുവിടാതിരിക്കാൻ പണം നൽകണമെന്നാവശ്യപ്പെട്ട് പിന്നീട് പലതവണ ഭീഷണിപ്പെടുത്തിയെന്നും ഇവരുടെ പരാതിയിൽ പറയുന്നു. സഞ്ജയ് സോണിക്കെതിരെ മുംബൈയിലും ബംഗളൂരുവിലുമായി അഞ്ചോളം സൈബർ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഉദയ്പൂരിലെ സ്വകാര്യ കോളജിൽനിന്ന് കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരുദം നേടിയ പ്രതി മൂന്ന് വർഷം ഗൾഫ് രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം ഓൺലൈനിൽ തീവ്ര ദേശീയവാദിയും ഹിന്ദുത്വ പ്രവർത്തകനുമായി പ്രത്യക്ഷപ്പെടാൻ തുടങ്ങി. ലഖ്‌നൗവിലും രാജസ്ഥാനിലുമടക്കം നാല് ക്രിമിനൽ കേസുകളും ഇയാൾക്കെതിരെയുണ്ട്. സൈബർ ഹണ്ട്സ് എന്ന പേരിലുള്ള ഇയാളുടെ ട്വിറ്റർ അക്കൗണ്ടിന് 42,000ത്തിലധികം ഫോളോവേഴ്സുണ്ട്. ഇയാളുടെ ട്വീറ്റുകളിലധികവും ബി.ജെ.പിയെയും അതിന്റെ നേതാക്കളെയും പിന്തുണക്കുന്നവയും മുസ്‍ലിംകൾക്കെതിരായ വിദ്വേഷം പ്രചരിപ്പിക്കുന്നതുമാണ്. നേരത്തെ ഇന്ത്യൻ റെയിൽവേസ് കാറ്ററിങ് ആൻഡ് ടൂറിസം കോർപറേഷൻ (ഐ.ആർ.സി.ടി.സി) വെബ്സൈറ്റിൽനിന്ന് 40 ലക്ഷം ഹിന്ദു സ്ത്രീകളുടെ വിവരം ചോർന്നെന്നും ഇവ വിവിധ മുസ്‍ലിം രാജ്യങ്ങൾക്കും മറ്റും കൈമാറിയെന്നുമുള്ള ട്വീറ്റുമായും ഇയാൾ രംഗത്തുവന്നിരുന്നു.
ഫാക്ട് ചെക്ക് വെബ്സൈറ്റായ ആൾട്ട് ന്യൂസ് സ്ഥാപകൻ മുഹമ്മദ് സുബൈറിന് കഴിഞ്ഞ റമദാനിൽ പന്നിയിറച്ചി കൊറിയർ ചെയ്തതിലൂടെ ‘സൈബർ ഹണ്ട്സ്’ വാർത്തകളിൽ ഇടംനേടിയിരുന്നു. പന്നിയിറച്ചി അയക്കുന്നതായി സുബൈറിന്‍റെ അഡ്രസ് സഹിതം ട്വീറ്റ് ചെയ്യുകയും ചെയ്തു. ബംഗളൂരു പൊലീസ് കേസെടുത്തതോടെ ഈ ട്വീറ്റ് ഡിലീറ്റ് ചെയ്യുകയായിരുന്നു.