കര്‍ണാടകയില്‍ മതപരിവര്‍ത്തന നിരോധന നിയമം റദ്ദാക്കി; ആര്‍.എസ്.എസ് സ്ഥാപകനെ കുറിച്ചുള്ള പാഠങ്ങളും ഒഴിവാക്കി

0
214

ബംഗളൂരു: ബി.ജെ.പി സർക്കാർ നടപ്പാക്കിയ മതപരിവർത്തന നിരോധന നിയമം റദ്ദാക്കി കർണാടക. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തില്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

നിർബന്ധിത മതപരിവർത്തനം തടയുക എന്ന പേരിലാണ് കർണാടകയിലെ ക്രിസ്ത്യൻ മതപ്രബോധന പ്രവർത്തനങ്ങളെ ലക്ഷ്യമിട്ട് മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ നിയമം കൊണ്ടുവരുന്നത്. 2021 ഡിസംബറിലാണ് നിയമം നിയമസഭയിൽ അവതരിപ്പിച്ചത്. പിന്നീട് ഓർഡിനൻസിലൂടെ നിയമം കൊണ്ടുവരികയായിരുന്നു. 2022 മേയ് 17ന് കർണാടക ഗവർണർ തവാർചന്ദ് ഗെഹ്ലോട്ട് ഓർഡിനൻസിന് അംഗീകാരവും നൽകി.

നിയമത്തിനെതിരെ കോൺഗ്രസ് അടക്കം പ്രതിപക്ഷം ശക്തമായി രംഗത്തുണ്ടായിരുന്നു. ബി.ജെ.പിയുടെ ന്യൂനപക്ഷ വിരുദ്ധ വേട്ടയുടെ ഭാഗമാണ് നിയമമെന്നായിരുന്നു കോൺഗ്രസ് ആരോപിച്ചത്. സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ പുതിയ കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരമേറ്റതിനു പിന്നാലെ മുൻ ബി.ജെ.പി സർക്കാരിൻരെ നിരവധി നിയമങ്ങൾ പുനഃപരിശോധിക്കാൻ തീരുമാനമെടുത്തിരുന്നു. സ്ഥാപകനേതാവ് കെ.ബി ഹെഡ്‌ഗെവാർ ഉൾപ്പെടെയുള്ള ആർ.എസ്.എസ് നേതാക്കളെക്കുറിച്ചുള്ള പാഠങ്ങൾ പാഠ്യപദ്ധതിയിൽനിന്ന് നീക്കം ചെയ്യാൻ മന്ത്രിസഭ ദിവസങ്ങൾക്കുമുൻപ് തീരുമാനിച്ചിരുന്നു. സംസ്ഥാനത്തെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഭരണഘടനാ ആമുഖം വായിക്കൽ നിർബന്ധമാക്കുകയും ചെയ്തിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here