കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചെന്നൈ വിമാനത്താവളത്തില്‍ എത്തിയതിന് പിന്നാലെ വൈദ്യുതി മുടങ്ങിയ സംഭവത്തില്‍ രാഷ്ട്രീയ വിവാദം. തമിഴ്‌നാട്ടില്‍ പവര്‍ കട്ട് ഉണ്ടായതോടെ റോഡ് മുഴുവന്‍ ഇരുട്ടിലായിരുന്നു.
അമിത് ഷാ വഹിച്ച കാറുകള്‍ കടന്നുപോകുമ്പോള്‍ റോഡുകള്‍ ഇരുട്ടിലാണ്ടത് ഡിഎംകെ ഭരിയ്ക്കുന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ വീഴ്ചയാണെന്നും ഇത് സുരക്ഷാ വീഴ്ചയുടെ ഭാഗമാണെന്നും ആരോപിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തി.
എന്നാല്‍ പവര്‍കട്ട് മനഃപൂര്‍വമല്ലെന്ന് ഡിഎംകെ വക്താവ് ടി.കെ.എസ് ഇളങ്കോവന്‍ വ്യക്തമാക്കി. വിമാനത്താവളം ഉള്‍പ്പെടെ നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും വൈദ്യുതി തടസപ്പെട്ടെന്നും ഹൈടെന്‍ഷന്‍ ലൈനിലുണ്ടായ പ്രശ്‌നമാണെന്നും വൈദ്യുതി വകുപ്പ് വിശദീകരിച്ചു.
അമിത് ഷാ ഗിണ്ടിയിലുള്ള ഹോട്ടലിലേക്ക് പോകുമ്പോള്‍ പൊടുന്നനെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. ഇത് മനപൂര്‍വ്വം ചെയ്തതാണെന്ന് ചെന്നൈ വിമാനത്താവളത്തിന് മുമ്പിലെത്തിയ ബിജെപി നേതാക്കള്‍ ആരോപിച്ചു.
ഗുജറാത്ത്, തമിഴ്‌നാട്, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് അമിത് ഷാ ചെന്നൈയില്‍ എത്തിയത്. അതേസമയം, വെല്ലൂരില്‍ അമിത് ഷാ പ്രസംഗിക്കുന്നതിനിടെ ഫ്‌ളെക്‌സ് ബോര്‍ഡ് തകര്‍ന്നുവീണതും ആശങ്ക സൃഷ്ടിച്ചിരുന്നു.