പൂർണാനന്ദ പീഡിപ്പിച്ചത് അനാഥ പെൺകുട്ടിയെ, ആശ്രമത്തിലെ മുറിയിൽ ചങ്ങലയിൽ കെട്ടിയിട്ടു; ഞെട്ടിക്കുന്ന വിവരങ്ങൾ

0
235

വിശാഖപട്ടണം:  പ്രായപൂർത്തിയായ പെണ്‍കുട്ടിയെ  പീഡിപ്പിച്ച കേസിൽ ആള്‍ ദൈവം പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. അറസ്റ്റിലായ വിശാഖപട്ടത്തെ ജ്ഞാനാനന്ദ ആശ്രമത്തിലെ സ്വാമി പൂർണാനന്ദ പീഡിപ്പിച്ചത് അനാഥയായ പെണ്‍കുട്ടിയെ ആണെന്ന് പൊലീസ്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കിടപ്പുമുറിയില്‍ കെട്ടിയിട്ടായിരുന്നു കൊടിയ പീഡനമെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. കഴിഞ്ഞ ദിവസമാണ് പീഡനക്കേസിൽ പൂർണാനന്ദ പിടിയിലാകുന്നത്.

ആശ്രമത്തിനു കീഴിലെ അനാഥാലയത്തില്‍ പഠിക്കുന്ന പെണ്‍കുട്ടിയാണ് പൂർണാനന്ദയ്ക്കെതിരെ പൊലീസിൽ പരാതി നല്‍കിയത്. കഴിഞ്ഞ രണ്ടു വർഷമായി ഇവിടെ താമസിച്ച് പടിക്കുകയായിരുന്നു അനാഥയായ പെണ്‍കുട്ടി. വിശാഖപട്ടണത്തെ പ്രമുഖരെല്ലാം പതിവായി എത്തുന്ന ആശ്രമത്തിൽ താൻ നേരിട്ടത് കൊടിയ പീഡനമാണെന്ന് പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കി. 2016 മുതൽ ആശ്രമത്തിൽ താമസിക്കുന്ന പെൺകുട്ടിയെ ഇക്കഴിഞ്ഞ ജൂൺ 13 ന് കാണാതായിരുന്നു. അന്വേഷണം നടക്കവെയാണ് സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന ‘ദിശ’യില്‍ പെണ്‍കുട്ടി ഹാജരായി പീഡനവിവരം വെളിപ്പെടുത്തിയത്.

ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമുന്ദ്രി സ്വദേശിയായ പതിനഞ്ചുകാരി മാതാപിതാക്കള്‍ മരിച്ചതിനു പിന്നാലെയാണ് ആശ്രമത്തിലെത്തിയത്. ബന്ധുക്കളാണ് പെണ്‍കുട്ടിയെ ആശ്രമത്തിലാക്കിയത്. ഇവിടെ വന്നത് മുതൽ മഠാധിപതിയായ സ്വാമി പൂർണാനന്ദ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. തുടക്കത്തിൽ അനാഥാലയത്തില്‍ നിന്ന് രാത്രി കാലങ്ങളില്‍ സ്വാമിയുടെ കിടപ്പുമുറിയിലേക്കു പെണ്‍കുട്ടിയെ വിളിച്ചുവരുത്തിയായിരുന്നു പീഡനം. എന്നാൽ കഴിഞ്ഞ ഒരു വര്‍ഷമായി താൻ സ്വാമിയുടെ കിടപ്പുമുറിയില്‍ തടവിലായിരുന്നുവെന്ന് പെണ്‍കുട്ടി മൊഴി നല്‍കി. പെണ്‍കുട്ടിയുടെ കാലിൽ ചങ്ങലയിട്ട് ആശ്രമത്തിലെ മുറിയിൽ കെട്ടിയിട്ടാണ് പൂർണാനന്ദ പുറത്ത് പോയിരുന്നതെന്നും ജീവനക്കാരുടെ സഹായത്തോടെയാണ് രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞു.

വൈദ്യ പരിശോധനയിൽ പീഡനം തെളിഞ്ഞതോടെയാണ് കഴിഞ്ഞ ദിവസം രാത്രി ആശ്രമം വളഞ്ഞ് പൊലീസ് സ്വാമിയെ അറസ്റ്റ് ചെയ്തത്. 2012ൽ ഇതേ സന്ന്യാസിക്കെതിരെ പ്രായപൂർത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടി പീഡന പരാതി നല്‍കിയിരുന്നു. ഈ കേസിൽ വിചാരണ നടക്കുകയാണ്. സന്ന്യാസിക്കെതിരെ ബലാത്സംഗക്കേസിൽ വിചാരണ നടക്കുമ്പോൾ എങ്ങനെയാണ് ആശ്രമത്തിൽ പെണ്‍ കുട്ടികൾ ഉണ്ടായതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. ആശ്രമത്തിൽ കുട്ടികളെ താമസിപ്പിക്കാൻ ലൈസൻസ് ഉണ്ടോ എന്നതടക്കം പൊലീസ് പരിശോധിക്കുന്നുണ്ട്. പന്ത്രണ്ട് കുട്ടികളാണ് പൂർണാനന്ദയുടെ ആശ്രമത്തിൽ താമസിച്ച് വന്നിരുന്നത്. ഇവരിൽ നാലുപേർ പെൺകുട്ടികളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here