മഅദനിയുടെ രോഗവിവരം തിരക്കിയ മാധ്യമപ്രവർത്തകയ്ക്ക് അശ്ലീല സന്ദേശം, നിരന്തര ശല്യം; പിഡിപി നേതാവിനെതിരെ കേസ്

0
189

കൊച്ചി: കൊച്ചിയിൽ മാധ്യമപ്രവര്‍ത്തകയോട് ലൈംഗിക ചുവയുള്ള സന്ദേശമയച്ച രാഷ്ട്രീയ നേതാവിനെതിരെ പൊലീസ് കേസെടുത്തു. പിഡിപി സംസ്ഥാന ജനറല്‍ സെക്രട്ടറി നിസാര്‍ മേത്തറിനെതിരെയാണ് കടവന്ത്ര പൊലീസ് കേസെടുത്തത്. അര്‍ദ്ധരാത്രിയും പുലര്‍ച്ചെയുമായി നിരന്തരം അശ്ലീല സന്ദേശങ്ങൾ അയച്ചതോടെ മാധ്യമപ്രവർത്തക പൊലീസിൽ പരാതി നൽകുകയായിരുന്നു.

സ്ത്രീകൾക്കെതിരെ അശ്ലീല ചുവയോടെയുള്ള സംസാരം, ഓൺലൈൻ വഴിയുള്ള അധിക്ഷേപം എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. അബ്ദുൽ നാസർ മദനിയുടെ ആരോഗ്യവിവരങ്ങൾ മാധ്യമങ്ങളുമായി പങ്ക് വയ്ക്കാൻ പിഡിപി ചുമതലപ്പെടുത്തിയ വ്യക്തിയാണ് നിസാർ മേത്തർ. കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മദനിയുടെ ആരോഗ്യ വിവരങ്ങൾ ചോദിച്ചറിയാൻ ഫോണിൽ ബന്ധപ്പെട്ടപ്പോഴായിരുന്നു മാധ്യമപ്രവർത്തകയ്ക്ക് ദുരനുഭവം ഉണ്ടായത്.

ജാമ്യത്തില്‍ ഇളവ് നേടി കേരളത്തിലെത്തിയ മഅദനിയുടെ ആരോഗ്യവിവരങ്ങള്‍ തിരക്കിയാണ് മാധ്യമപ്രവർത്തക നിസാർ മേത്തറിനെ ബന്ധപ്പെടുന്നത്. ഇതിന് പിന്നാലെയാണ് ഇയാള്‍ ലൈംഗിക ചുവയുള്ള സന്ദേശം അയച്ച് തുടങ്ങിയത്. മാധ്യമപ്രവർത്തക താക്കീത് നല്‍കിയെങ്കിലും നിസാർ അശ്ലീല സന്ദേശങ്ങള്‍ അയക്കുന്നത് തുടർന്നു. ഇതോടെയാണ് മാധ്യമപ്രവർത്തക പൊലീസിസിൽ പരാതി നല്‍കിയത്.  നിസാര്‍ അയച്ച സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും പുറത്തുവന്നിട്ടുണ്ട്. രാത്രിയെന്നോ പകലെന്നോ ഇല്ലാതെ നിസാർ നിരന്തരം ലൈംഗിക ചുവയുള്ള സന്ദേശമയച്ചുവെന്നാണ് മാധ്യമപ്രവർത്തകയുടെ പരാതിയിൽ പറയുന്നത്.

സുപ്രീംകോടതിയുടെ പ്രത്യേക അനുമതിയിൽ ബെംഗളൂരുവിൽ നിന്ന് തിങ്കളാഴ്ച്ച രാത്രിയോടെയാണ് മഅദനി കേരളത്തിലെത്തിയത്.  12 ദിവസത്തേക്കാണ് മഅദനിക്ക്  ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്. അതേസമയം കേരളത്തിലെത്തിയ അബ്ദുൾ നാസർ മഅദനി കൊച്ചിയില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ സ്ഥിതി മോശമായതിനാല്‍ സ്വദേശമായ അൻവാർശ്ശേരിയിലേക്ക് പോകുന്നതിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെയാണ് കൊച്ചിയിൽ വെച്ച് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടത്. ഉയർന്ന രക്ത സമ്മർദ്ദവും രക്തത്തിൽ ക്രിയാറ്റിന്റെ അളവ് കൂടിയതുമാണ് മഅദനിയുടെ ആരോഗ്യ സ്ഥിതി മോശമാക്കിയത്.

LEAVE A REPLY

Please enter your comment!
Please enter your name here