പൈവളികെ കളായിലെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്നുപേർ കൂടി അറസ്റ്റിൽ

0
219

മഞ്ചേശ്വരം: പൈവളിഗെ കൊമ്മങ്കളയിൽ യുവാവിനെ വിറകുപുരയിലെ മച്ചിൽ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ക്വട്ടേഷൻ സംഘാംഗങ്ങളായ മൂന്നുപേർകൂടി അറസ്റ്റിൽ. മഞ്ചേശ്വരം കളത്തൂർ സ്വദേശികളായ മുഹമ്മദ് ഷെരീഫ് (41), അമ്മി എന്ന ഹമീദ് (41), സലീം എന്ന അബ്ദുൾ കരീം (47) എന്നിവരെയാണ് പിടിച്ചത്. മലപ്പുറം കൊണ്ടോട്ടിയിൽനിന്ന് പിടിച്ച പ്രതികളെ മഞ്ചേശ്വരത്തെത്തിച്ച് തെളിവെടുത്തു. കൊലയ്ക്കുപയോഗിച്ച ആയുധങ്ങളും കണ്ടെത്തി. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയുടെ സഹോദരൻ ജയറാം നോണ്ട (47), മൊഗ്രാൽപുത്തൂരിലെ ഇസ്മയിൽ (28), അട്ടഗോളിയിലെ ഖാലിദ് (35) എന്നിവരെ ഞായറാഴ്ച അറസ്റ്റ് ചെയ്തിരുന്നു.

സ്ഥിരം കുറ്റവാളികളാണ് പിടിയിലായവരെന്ന് പോലീസ് പറഞ്ഞു. സലീം ക്വട്ടേഷൻ ഏറ്റെടുത്തയാളാണെന്നും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ് തിങ്കളാഴ്ച അറസ്റ്റിലായ മൂന്നുപേരുമെന്നും പോലീസ് വ്യക്തമാക്കി. കൊലപാതകത്തിനുശേഷം ജില്ല വിട്ട പ്രതികൾ നേരേ കൊണ്ടോട്ടിയിലേക്ക് പോയി. പ്രതികളിലൊരാളായ മുഹമ്മദ് ഷെരീഫിന്റെ സഹോദരൻ താമസിക്കുന്ന കൊണ്ടോട്ടിയിലെ വാടകമുറിയിലായിരുന്നു മൂവരും. ആദ്യം പിടിയിലായ മൊഗ്രാൽപുത്തൂരിലെ ഇസ്മയിലിന്റെ ഫോണിലേക്കുള്ള സലീമിന്റെ വിളിയിലൂടെയാണ് പ്രതികൾ ഒളിവിലുള്ള സ്ഥലം തിരിച്ചറിഞ്ഞത്.

തിങ്കളാഴ്ച ഉച്ചയോടെയാണ് പ്രതികളെ തെളിവെടുപ്പിനെത്തിച്ചത്. കളത്തൂരിലെ ആളൊഴിഞ്ഞ പറമ്പിൽനിന്നാണ് കൊലയ്ക്ക് ഉപയോഗിച്ച വാളുൾപ്പെടെയുള്ള ആയുധങ്ങൾ കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ആയുധങ്ങൾ. നടപടിക്രമങ്ങൾ പൂർത്തിയായശേഷം അഞ്ച് പ്രതികളെയും കാസർകോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി. റിമാൻഡ് ചെയ്തു. ജയറാം നോണ്ടയെ ഞായറാഴ്ച റിമാൻഡ് ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെയാണ് കൊമ്മങ്കളയിലെ പ്രഭാകര നോണ്ടയെ വീടിനോട് ചേർന്നുള്ള വിറകുപുരയുടെ മച്ചിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒളിവിൽപോയ സഹോദരൻ ജയറാം നോണ്ടയെ കർണാടകയിൽനിന്ന് പിടികൂടുകയായിരുന്നു. അയാളുടെ മൊഴിയിൽനിന്നാണ് ക്വട്ടേഷൻ കൊലപാതകമാണെന്ന് വ്യക്തമായത്. ഡിവൈ.എസ്.പി. പി.കെ. സുധാകരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here