ഹിന്ദുരാഷ്ട്രത്തെ പിന്തുണക്കുന്നവർക്ക് മാത്രം 2024ൽ വോട്ട് നൽകണം; വർഗീയ ആഹ്വാനവുമായി ഹിന്ദുത്വ തീവ്രവാദ സംഘടന

0
179

ന്യൂഡൽഹി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഹിന്ദു രാഷ്ട്രത്തെ പിന്തുണയ്ക്കുകയും ഹിന്ദു താൽപര്യങ്ങൾ സംരക്ഷിക്കുന്നതിനുള്ള നടപടികൾ പ്രഖ്യാപിക്കുകയും ചെയ്യുന്ന സ്ഥാനാർഥികൾക്ക് വോട്ട് ചെയ്യണമെന്ന് ഹിന്ദുത്വ തീവ്രവാദ സംഘടന. ഗോവയിലെ പഞ്ചിമിൽ നടന്ന ഹിന്ദു ജനജാഗ്രതി സമിതി (എച്ച്.ജെ.എസ്) കൺവെൻഷനിൽ ആണ് വർഗീയമായ ആഹ്വാനങ്ങൾ ഉണ്ടായതെന്ന് ‘ദി വയർ’ റിപ്പോർട്ട് ചെയ്തു. സൗജന്യ വൈദ്യുതി, ലാപ്‌ടോപ്പ്, മറ്റ് സൗജന്യങ്ങൾ തുടങ്ങിയ വാഗ്ദാനങ്ങൾ നൽകുന്നവർക്ക് വഴങ്ങരുതെന്നും, രാജ്യവ്യാപകമായി കന്നുകാലി കശാപ്പ് നിരോധനം, മതപരിവർത്തന നിരോധന നിയമം എന്നിവയെ അനുകൂലിക്കുന്നവരെ മാത്രം പിന്തുണയ്‌ക്കണമെന്നും എച്ച്‌.ജെ.എസ് ദേശീയ ഗൈഡ് ചാരുദത്ത പിംഗലെ ഹിന്ദു വോട്ടർമാരോട് അഭ്യർഥിച്ചു.

ഹിന്ദു ദൈവങ്ങളെയും ധർമ്മത്തെയും ജീവിതരീതിയെയും പരിഹസിക്കുന്നവരെ ശിക്ഷിക്കണമെന്നും കൺവെൻഷനിൽ ആവശ്യം ഉയർന്നു. ആരാധനാ സ്വാതന്ത്ര്യ നിയമം, വഖഫ് നിയമം തുടങ്ങിയ “പിന്നോക്ക നിയമങ്ങൾ” റദ്ദാക്കുന്നതിനെ പിന്തുണയ്ക്കുന്ന സ്ഥാനാർഥികളെ ഹിന്ദുക്കൾ പിന്തുണയ്ക്കുന്നതായും ചാരുദത്ത പിംഗലെ പറഞ്ഞു,

ക്ഷേത്ര പരിസരം മദ്യ, മാംസ വിമുക്തമാക്കണമെന്ന് മഹാരാഷ്ട്ര മന്ദിർ മഹാസംഘ് കോ-ഓർഡിനേറ്റർ സുനിൽ ഘൻവത് കൺവെൻഷനിൽ പറഞ്ഞു. ക്ഷേത്രങ്ങൾ സന്ദർശിക്കുന്നവർക്ക് ഡ്രസ് കോഡ് നിർബന്ധമായും നടപ്പാക്കണമെന്നും മഹാരാഷ്ട്രയിലെ 131 ക്ഷേത്രങ്ങളിൽ ക്ഷേത്രസംസ്‌കാരം സംരക്ഷിക്കുന്നതിന് ഡ്രസ് കോഡ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കാൻ ബന്ധപ്പെട്ട അധികാരികളിൽ സമ്മർദ്ദം ചെലുത്തണമെന്നും ഘൻവത് ഹിന്ദുക്കളോട് ആവശ്യപ്പെട്ടു.

എച്ച്‌.ജെ.എസിന്റെ പ്രാഥമിക ലക്ഷ്യം ഹിന്ദു രാഷ്ട്രം സ്ഥാപിക്കുകയാണ്. ‘മതേതര’ ജനാധിപത്യം കാരണം, സമൂഹത്തിന്റെയും രാഷ്ട്രത്തിന്റെയും ധർമ്മത്തിന്റെയും അവസ്ഥ തകർച്ചയിലാണ്. ധർമ്മത്തിൽ അധിഷ്ഠിതമായ ഭരണസംവിധാനം, അതായത് ഹിന്ദു രാഷ്ട്രം സ്ഥാപിക്കൽ, ഹിന്ദുക്കളുടെ പ്രശ്നങ്ങൾക്ക് പരിഹാരം എന്ന നിലയിൽ കാലഘട്ടത്തിന്റെ ആവശ്യമാണ്. അതിനാൽ, ധർമ്മത്തെക്കുറിച്ചുള്ള വിദ്യാഭ്യാസം, ധർമ്മത്തിന്റെ ഉണർവ്, സംരക്ഷണം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ഹിന്ദു ജനജാഗൃതി സമിതി ഹിന്ദുക്കളുടെ രാജ്യവ്യാപകമായ ഐക്യത്തിന്റെ ദൗത്യം ഏറ്റെടുത്തിരിക്കുന്നു’എന്നാണ് ഈ തീവ്രവാദ സംഘടനയുടെ വെബ്‌സൈറ്റ് പറയുന്നത്.

ഗോവയിൽ ആറു ദിവസം നീണ്ടുനിൽക്കുന്ന വൈശവിക് ഹിന്ദു രാഷ്ട്ര മഹോത്സവമാണ് ഹിന്ദു ജനജാഗ്രിതി സമിതി സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയിൽ പ​ങ്കെടുക്കവേ മുസ്‍ലിം സമൂഹത്തെ സാമ്പത്തികമായി ബഹിഷ്‍കരിക്കണമെന്ന് വി.ഡി.സവർക്കറുടെ ചെറുമകൻ രഞ്ജിത് സവർക്കർ ആവശ്യം ഉന്നയിച്ചിരുന്നു. ഹിന്ദുക്കൾ ഹിന്ദുക്കളുമായി മാത്രമേ വ്യാപാരം നടത്താവു എന്നും അദ്ദേഹം പറഞ്ഞു. സനാതൻ സൻസ്ത എന്ന ഹിന്ദു തീവ്ര സംഘടനയോട് ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് ഹിന്ദു ജനജാഗ്രിതി സമിതി. നരേന്ദ്ര ​ധബോൽക്കർ വധത്തിൽ പ്രതികളായത് സനാതൻ സൻസ്തയുടെ പ്രവർത്തകരാണ്.

LEAVE A REPLY

Please enter your comment!
Please enter your name here