പറക്കും പറവയായി മുരുഗന്‍ അശ്വിന്‍, കൈയിലൊതുക്കിയത് അവിശ്വസനീയ ക്യാച്ച്-വീഡിയോ

0
204

ചെന്നൈ: തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ അവിശ്വസനീയ ക്യാച്ച് കൈയിലൊതുക്കി മധുരൈ പാന്ഥേഴ്സ് താരം മുരുഗന്‍ അശ്വിന്‍. ഡിണ്ടിഗല്‍ ഡ്രാഗണ്‍സിനെതിരായ മത്സരത്തിലായിരുന്നു മുരുഗന്‍ അശ്വിന്‍ പറന്നുപിടിച്ചത്. ഡിണ്ടിഗല്‍ ബാറ്ററായ എസ് അരുണിനെയാണ് പുറകിലേക്ക് ഓടി അശ്വിന്‍ മുഴുനീള ഡൈവിലൂടെ കൈയിലൊതുക്കിയത്.

തമിഴ്നാട് പ്രീമിയര്‍ ലീഗിന്‍റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്നാണിതെന്നാണ് ആരാധകര്‍ പറയുന്നത്. പക്ഷെ മുരുഗന്‍ അശ്വിന്‍റെ പറക്കും ക്യാച്ചിനും മത്സരത്തില്‍ മധുരൈ പാന്ഥേഴ്സിനെ ജയിപ്പിക്കാനായില്ലെന്ന് മാത്രം. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മധുരൈ 20 ഓവറില്‍ 123 റണ്‍സെടുത്തപ്പോള്‍ ഡിണ്ടിഗല്‍ 14.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. ആദ്യം ബാറ്റ് ചെയ്ത മധുരൈക്കായി ജഗദീശന്‍ കൗശിക്(34 പന്തില്‍ 45), ക്യാപ്റ്റന്‍ ഹരി നിഷാന്ത്(26 പന്തില്‍ 24) എന്നിവര്‍ മാത്രമെ പൊരുതിയുള്ളു.

ഡിണ്ടിഗലിനായി സുബോദ് ബാട്ടി 19 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റെടുത്തു. മറുപടി ബാറ്റിംഗില്‍ തുടക്കത്തില്‍ 32-3ലേക്ക് തകര്‍ന്നെങ്കിലും ബാബാ ഇന്ദ്രജിത്തിന്‍റെ വെടിക്കെട്ട് ബാറ്റിംഗും(48 പന്തില്‍ 78) ആദിത്യ ഗണേഷിന്‍റെ പിന്തുണയും(22 പന്തില്‍ 22) ആയപ്പോള്‍ ഡിണ്ടിഗല്‍ അനായാസ ജയം നേടി. മധുരൈക്കായി പന്തെറിഞ്ഞ ഇന്ത്യന്‍ താരം വാഷിംഗ്ടണ്‍ സുന്ദര്‍ ഒരോവറില്‍ 26 റണ്‍സ് വഴങ്ങി.

തമിഴ്നാട് പ്രീമിയര്‍ ലീഗില്‍ എട്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ രണ്ട് കളികളില്‍ രണ്ടു ജയവുമായി ഇന്ത്യന്‍ താരം ആര്‍ അശ്വിന്‍റെ നേതൃത്വത്തിലിറങ്ങുന്ന ഡിണ്ടിഗല്‍ ആണ് പോയന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. കളിച്ച രണ്ട് മത്സരങ്ങളും തോറ്റ മധുരൈ പാന്ഥേഴ്സ് അവസാന സ്ഥാനത്താണ്.

LEAVE A REPLY

Please enter your comment!
Please enter your name here