റിലീസിന് പിന്നാലെ ‘ആദിപുരുഷ്’ വീണ്ടും വിവാദത്തില്‍. സിനിമയ്‌ക്കെതിരെ ഹിന്ദു സേന രംഗത്തെത്തി. ശ്രീരാമനെയും രാമായണത്തെയും സംസ്‌കാരത്തെയും പരിഹസിക്കുന്നതാണ് ചിത്രം എന്ന് ആരോപിച്ച് സംഘടന സിനിമയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി നല്‍കി.
ചിത്രത്തിന്റെ പ്രദര്‍ശനം റദ്ദാക്കണമെന്നും സെന്‍സര്‍ ബോര്‍ഡ് ഇടപ്പെട്ട് ചിത്രം നിരോധിക്കണമെന്നുമാണ് സംഘടനയുടെ ആവശ്യം. നേതാവ് വിഷ്ണു ഗുപ്തയുടെ നേതൃത്വത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ആദിപുരുഷിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്.
ചിത്രത്തിലെ വിഎഫ്എക്സ് രംഗങ്ങള്‍ക്ക് നിലവാരമില്ലെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടക്കുന്നുണ്ട്. അതേസമയം, റിലീസ് ദിവസം പല കാരണങ്ങള്‍ കൊണ്ടും സിനിമ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു. മോശം അഭിപ്രായം പറഞ്ഞ പ്രേക്ഷകനെ പ്രഭാസ് ആരാധകര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.
സിനിമയെ കുറിച്ച് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് യുവാവിനെ പ്രഭാസ് ആരാധകര്‍ കൂട്ടംചേര്‍ന്ന് ആക്രമിച്ചത്. രാമായണ കഥ കേള്‍ക്കാന്‍ ഹനുമാന്‍ എത്തുമെന്നും ഒരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിടുമെന്നും റിലീസിന് മുമ്പ് തന്നെ നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചിരുന്നു.
റിലീസ് ദിവസം മിക്ക തിയേറ്ററുകളിലും ഹനുമാന് വേണ്ടി സീറ്റ് ഒഴിച്ചിട്ടിരുന്നു. ഹനുമാന്റെ സീറ്റില്‍ ഒരാള്‍ ഇരുന്നുവെന്ന് പറഞ്ഞ് ഹൈദരാബാദിലെ ഒരു തിയേറ്ററില്‍ സംഘര്‍ഷം നടന്നിരുന്നു. സിനിമ പ്രദര്‍ശിപ്പിക്കാന്‍ വൈകിയ തിയേറ്ററും ഫാന്‍സുകാര്‍ അടിച്ച് തകര്‍ത്തിരുന്നു.