കര്‍ണാടകയില്‍ കയറി കളിക്കാന്‍ മില്‍മ; ക്ഷീരകര്‍ഷകരെ കൈയിലെടുക്കും; ക്ഷണിക്കപ്പെടാതെ എത്തിയ നന്ദിനിയെ പ്രതിരോധിക്കാന്‍ മറുതന്ത്രം; സിദ്ധരാമയ്യയ്ക്ക് മുന്നറിയിപ്പ്

0
200

കേരളത്തിലെ വിപണയിലേക്ക് മുന്നറിയിപ്പില്ലാതെ കടന്നുവന്ന നന്ദിനിക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ മില്‍മ. കര്‍ണാടകയിലെ നന്ദിനി കേരളത്തില്‍ വന്നു പാല്‍ വില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ണാടകയില്‍ പോയി പാല്‍ സംഭരണം നടത്തുമെന്നാണ് മില്‍മ അറിയിച്ചിരിക്കുന്നത്. മില്‍മ കര്‍ണാടകയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് പാല്‍ ശേഖരിക്കുമെന്നാണ് ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഇക്കാര്യം വ്യക്തമാക്കിയുള്ള മുന്നറിയിപ്പ് നല്‍കി മില്‍മ എറണാകുളം മേഖലാ യൂണിയന്‍ ചെയര്‍മാന്‍ എം.ടി. ജയന്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്ക് കത്തയച്ചു.

മില്‍മ കേരളത്തിലെ ക്ഷീരകര്‍ഷകന് നല്‍കുന്നതിനെക്കാള്‍ കുറഞ്ഞ വിലയിലാണ് കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ കര്‍ഷകരില്‍നിന്ന് പാല്‍ എടുക്കുന്നത്. കൂടിയവിലയില്‍ കര്‍ണാടകയിലെ കര്‍ഷകരില്‍നിന്ന് നേരിട്ടു പാലെടുക്കാന്‍ മില്‍മയ്ക്ക് സാധിക്കുമെന്നും മില്‍മ വ്യക്തമാക്കി.മില്‍മ 43 രൂപ കര്‍ഷകന് സംഭരണ വില നല്‍കുമ്പോള്‍ നന്ദിനി അവിടെ 35 രൂപ മാത്രമാണു നല്‍കുന്നത്. കേരളത്തിലെ വില കര്‍ണാടകത്തില്‍ കൊടുത്താല്‍ കൂടുതല്‍ പാല്‍ സംഭരിക്കാന്‍ കഴിയുമെന്ന് മില്‍മ പറയുന്നത്. സ്വകാര്യ സംരംഭകരുടെ വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ മില്‍മ ഏത് വെല്ലുവിളികളെയും നേരിടാന്‍ ശക്തമാണ്. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ പാല്‍ വില്‍ക്കാനുള്ള ശ്രമത്തെയും ചെറുത്തുതോല്‍പ്പിക്കുമെന്നും മില്‍മ മേഖലാ ചെയര്‍മാന്‍ എം.ടി.ജയന്‍ പറഞ്ഞു.

ആവശ്യമായഘട്ടങ്ങളില്‍ കേരളത്തിലെ വില്‍പ്പനവിലയെക്കാള്‍ കൂടിയവിലയ്ക്കാണ് കര്‍ണാടക അടക്കമുള്ള അന്യസംസ്ഥാനങ്ങളിലെ സഹകരണ ഫെഡറേഷനുകളില്‍നിന്ന് പാല്‍ കൊണ്ടുവരുന്നത്. അവിടത്തെ കര്‍ഷകരില്‍നിന്ന് നേരിട്ട് പാല്‍ സംഭരിക്കാന്‍ മില്‍മ ഇതുവരെ ശ്രമിച്ചിട്ടില്ല. കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ അനാരോഗ്യകരമായ പ്രവണത തുടര്‍ന്നാല്‍ കേരളത്തിലെ കര്‍ഷകരില്‍നിന്ന് സംഭരിക്കുന്നതിനുപുറമേ ആവശ്യംവരുന്ന പാല്‍ കര്‍ണാടകയിലെ കര്‍ഷകരില്‍നിന്ന് നേരിട്ട് സംഭരിക്കുമെന്നും മില്‍മ വ്യക്തമാക്കിയിട്ടുണ്ട്.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കര്‍ണാടക മില്‍ക്ക് ഫെഡറേഷന്റെ കീഴിലുള്ള ‘നന്ദിനി’ ഔട്ലെറ്റ് തുറക്കുന്നതില്‍ എതിര്‍പ്പുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. തുടര്‍ന്ന് നന്ദിനിയുടെ നീക്കത്തില്‍ ദേശീയ ക്ഷീര വികസന ബോര്‍ഡിന് സര്‍ക്കാര്‍ പരാതി നല്‍കി. സംസ്ഥാനത്തെ ക്ഷീര കര്‍ഷകരെ വലിയരീതിയില്‍ ബാധിക്കുമെന്നതിനാല്‍ നന്ദിനി പാല്‍ നേരിട്ട് വില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

കേരളത്തിലെ മില്‍മയുടെ വിപണി കര്‍ണാടക ബ്രാന്‍ഡായ നന്ദിനി വളരെ പെട്ടന്ന് തന്നെ പിടിച്ചടക്കിയിരുന്നു. കേരളത്തിലെ ചെറിയ സ്റ്റോറുകളില്‍ വരെ നന്ദിനി ബ്രാന്‍ഡ് എത്തിയതോടെയാണ് മില്‍മയ്ക്ക് തലവേദനയായത്. അതിര്‍ത്തി കടന്നുള്ള പാല്‍വില്‍പന തിരഞ്ഞെടുപ്പിന് ശേഷം നന്ദിനി കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കൊച്ചിയിലും രണ്ടും മഞ്ചേരിയിലും തിരൂരിലും പന്തളത്തും തലനാടും നന്ദിനി പുതിയ ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്.

രാജ്യത്തെ പാല്‍വിപണന രംഗത്തെ ഒന്നാമനായ ഗുജറാത്ത് ബ്രാന്‍ഡ് അമുലും രണ്ടാം സ്ഥാനക്കാരായ നന്ദിനിയും തമ്മിലുള്ള മത്സരം കര്‍ണാടകയ്ക്ക് പുറത്തേക്ക് വ്യാപിക്കുകയാണ്. കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും നന്ദിനി ഔട്ട്‌ലറ്റുകള്‍ തുറന്നിട്ടുണ്ട്. പക്ഷേ, തമിഴ്‌നാടിനെ ഇതുവലിയ തോതില്‍ ബാധിച്ചിട്ടില്ല. മില്‍മയെക്കാള്‍ ഏഴുരൂപ വരെ കുറച്ചാണ് നന്ദിനി കേരളത്തില്‍ പാലും പാലുത്പന്നങ്ങളും വില്‍ക്കുന്നത്. കര്‍ണാടക കോഓപറേറ്റിവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷന്റെ പാലും പാലുല്‍പന്നങ്ങളുമാണ് നന്ദിനി എന്ന ബ്രാന്‍ഡില്‍ വില്‍ക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here