‘ഞാന്‍ അത് നേടി, ഇനി ഒരങ്കത്തിനില്ല’; 2026 ലോകകപ്പ് കളിക്കില്ലെന്ന് മെസി

0
219

യുഎസ്എ-കാനഡ-മെക്‌സിക്കോ എന്നീ മൂന്നു രാജ്യങ്ങളിലായി നടക്കുന്ന 2026 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന ജഴ്‌സിയില്‍ താനുണ്ടാകില്ലെന്ന് ഇതിഹാസ താരം ലയണല്‍ മെസി. അര്‍ജന്റീന ദേശീയ ടീമിനൊപ്പം ചൈനയില്‍ പര്യടനം നടത്തുന്ന മെസി ഒരു ചൈനീസ് മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യാന്തര കരിയര്‍ 2026 ലോകകപ്പ് വരെ തുടരുമോയെന്ന ചോദ്യത്തിനു മറുപടി പറയുകയായിരുന്നു താരം. ”എന്നെ സംബന്ധിച്ച് തീര്‍ച്ചയായും ഉണ്ടാകില്ല. ഖത്തറില്‍ കഴിഞ്ഞതാണ് എന്റെ അവസാന ലോകകപ്പ്. കാര്യങ്ങള്‍ എങ്ങനെ പോകുന്നുവെന്നു നോക്കട്ടെ. പക്ഷെ എന്റെ വിശ്വാസപ്രകാരം ഞാന്‍ 2026 ലോകകപ്പിന് പോകില്ല” – എന്നായിരുന്നു മെസി നല്‍കിയ മറുപടി.

ഏഴു തവണ ബാലണ്‍ ഡി ഓര്‍ ജേതാവായ മെസിയുടെ മികവിലാണ് ഖത്തറില്‍ സമാപിച്ച 2022 ഫുട്‌ബോള്‍ ലോകകപ്പില്‍ അര്‍ജന്റീന മുത്തമിട്ടത്. ടൂര്‍ണമെന്റിന്റെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മികച്ച രണ്ടാമത്തെ ടോപ്‌സ്‌കോറര്‍ക്കുള്ള സില്‍വര്‍ ബൂട്ടും മെസിക്കായിരുന്നു. 36 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു അര്‍ജന്റീനയുടെ കിരീടധാരണം.

അതേസമയം മെസി ടീമില്‍ തുടരണമെന്നാണ് തന്റെ ആഗ്രഹമെന്ന് അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണി പ്രതികരിച്ചു. ”ഞങ്ങള്‍ അദ്ദേഹത്തിനായി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. തീരുമാനമെടുക്കേണ്ടത് മെസിയാണ്. അദ്ദേഹം നോ പറഞ്ഞാല്‍ മാത്രമേ മറ്റൊരു ഓപ്ഷന്‍ ഞങ്ങള്‍ നോക്കൂ. അടുത്ത ലോകകപ്പിലും അദ്ദേഹം ഉണ്ടാകുമെന്നാണ് എന്റെ പ്രതീക്ഷ. പക്ഷേ ഇപ്പോള്‍ എന്റെ ചിന്തയില്‍ അടുത്ത ലോകകപ്പിന് യോഗ്യത നേടുകയെന്നതു മാത്രമാണ്” – സ്‌കലോണി പറഞ്ഞു.

അര്‍ജന്റീനയ്ക്കു വേണ്ടി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിക്കുകയും കൂടുതല്‍ ഗോളുകള്‍ നേടുകയും ചെയ്ത താരമാണ് മെസി. 2005-ല്‍ ദേശീയ ടീമില്‍ അരങ്ങേറിയ ശേഷം ഇതുവരെ 174 മത്സരങ്ങളില്‍ നിന്ന് 102 ഗോളുകളും 56 അസിസ്റ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചിട്ടണ്ട്. ലോകകപ്പ് കിരീടം, കോപ്പാ അമേരിക്ക, ഫൈനലിസിമ, ഒളിമ്പിക് സ്വര്‍ണം എന്നിവയും അര്‍ജന്റീനയ്ക്കായി നേടിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here