സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹാപേക്ഷ, പിന്നാലെ ഹിന്ദുവായ വനിത എസ്‌ഐയേയും മുസ്ലീം വ്യാപാരിയേയും കാണാതായി

0
232

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹം കഴിക്കാനായി സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റിന്റെ ഓഫീസില്‍ അപേക്ഷ നല്‍കിയ വനിത എസ്‌ഐയേയും മുസ്ലീം യുവാവിനേയും കാണാതായതായി പരാതി. ഉത്തര്‍പ്രദേശിലെ ബെറേലിയിലാണ് സംഭവം. ഇതര മതസ്ഥനെ വിവാഹം കഴിക്കാനായി സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം വനിതാ എസ്‌ഐ ജോലിക്ക് ഹാജരായിട്ടില്ലെന്ന് പൊലീസ് പറയുന്നു.

50 വയസുള്ള ഹിന്ദുമത വിശ്വാസിയായ പൊലീസ് ഉദ്യോഗസ്ഥ 30 വയസുകാരനായ ഇസ്ലാം മത വിശ്വാസിയായ യുവാവിനെയാണ് വിവാഹം കഴിക്കാന്‍ ബെറെയ്‌ലി എസ്ഡിഎമ്മിന് മുന്നില്‍ അപേക്ഷ നല്‍കിയത്. വെള്ളിയാഴ്ച അപേക്ഷ നല്‍കിയതിന് ശേഷം ഇരുവരേയും കാണാനില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഇതരമത വിശ്വാസികളാണെന്നും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരാവാന്‍ താല്‍പര്യപ്പെടുന്നുവെന്ന് സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഓഫീസില്‍ അറിയിച്ച ഇരുവരും വിവാഹ ശേഷം മതം മാറില്ലെന്നും വ്യക്തമാക്കിയിരുന്നു. വിവാഹ അപേക്ഷ ലഭിച്ചതോടെ എസ്ഡിഎം ഓഫീസ് ചട്ടപ്രകാരമുള്ള നടപടി തുടങ്ങിയെന്ന് പറയുന്നു.

പ്രാദേശിക മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വന്നതിന് പിന്നാലെ ഇരുവരേയും കാണാതായി എന്നാണ് റിപ്പോര്‍ട്ട്. വനിത എസ്‌ഐ ജോലിക്ക് ഹാജരാകാത്തതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. എസ്‌ഐയുടെ സഹോദരന്‍ മീററ്റില്‍ നിന്ന് ബെറെയ്‌ലിയില്‍ എത്തി സഹോദരിയുടെ തിരോധാനം സംബന്ധിച്ച് എഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ട്. തന്റെ പെങ്ങളുടെ തിരോധാനത്തിന് പിന്നില്‍ വിവാഹ അപേക്ഷ നല്‍കിയ മുസ്ലീം വ്യാപാരിയാണെന്നും ഭീഷണിപ്പെടുത്തിയാണ് വിവാഹത്തിന് ശ്രമിച്ചതെന്നും ഇയാള്‍ ആരോപിക്കുന്നു.

തൊട്ടടുത്ത പൊലീസ് സ്റ്റേഷനില്‍ ജോലി ചെയ്യുമ്പോഴായിരുന്നു തടിവ്യാപാരിയായ മുസ്ലീം യുവാവുമായി സഹോദരി ഇഷ്ടത്തിലായതെന്നും എന്നാല്‍ ഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നതെന്നും എസ്‌ഐയുടെ സഹോദരന്‍ ആരോപിക്കുന്നുണ്ട്. ഇതര മതസ്ഥനുമായുള്ള വിവാഹത്തില്‍ നിന്ന് സഹോദരിയെ രക്ഷിക്കാന്‍ മേലധികാരികളോട് വനിത എസ്‌ഐയെ ട്രാന്‍സ്ഫര്‍ ചെയ്യിക്കാന്‍ പോലും താന്‍ ശ്രമിച്ചിരുന്നുവെന്നും ഇയാള്‍ പറയുന്നു.

പൊലീസ് ഉദ്യോഗസ്ഥയുടെ വ്യക്തി ജീവിതത്തില്‍ ഇടപെടാന്‍ തങ്ങളില്ലെന്നും എന്നാല്‍ സേനയെ അറിയിക്കാതെ ജോലിയില്‍ നിന്ന് വിട്ടുനിന്നതില്‍ വിശദീകരണം ചോദിക്കുമെന്നും ബെറേലി പൊലീസ് മേധാവി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here