മഞ്ചേശ്വരം: പൈവളികെ പ്രഭാകര നൊണ്ട കൊലക്കേസിൽ മൂന്ന് പേർ അറസ്റ്റിൽ. സഹോദരൻ ജയറാം നൊണ്ട, മൊഗ്രാൽ പുത്തൂർ സ്വദേശി ഇസ്മയിൽ, അട്ടഗോളി സ്വദേശി ഖാലിദ് എന്നിവരാണ് പിടിയിലായത്. ആറ് പേരാണ് കൊലപാതക സംഘത്തിലുള്ളതെന്നാണ് കണ്ടെത്തൽ. ഇവരിൽ മൂന്ന് പേർ ഒളിവിലാണ്. സ്വത്ത് വീതംവയ്പ്പിനെ ചൊല്ലിയുള്ള തർക്കം മൂത്തതോടെ, അനുജനെ കൊലപ്പെടുത്താൻ ജേഷ്ഠൻ ക്വട്ടേഷൻ നൽകിയെന്നാണ് പൊലീസ് കണ്ടെത്തൽ.
ശനിയാഴ്ച പുലര്‍ച്ചെയാണ് ക്രൂര കൊലപാതകമുണ്ടായത്. 40 വയസുകാരനായ മഞ്ചേശ്വരം കളായിലെ പ്രഭാകര നൊണ്ടയാണ് മരിച്ചത്. സഹോദരന്‍ ജയറാം നൊണ്ട കത്തി ഉപയോഗിച്ച് കുത്തിക്കൊല്ലുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. താമസിക്കുന്ന വീട്ടില്‍ വച്ചാണ് പ്രഭാകര നൊണ്ട കൊല്ലപ്പെട്ടത്. കഴുത്തിലും നെഞ്ചിലുമടക്കം നിരവധിയിടങ്ങളിൽ കുത്തേറ്റിരുന്നു. കൊല്ലപ്പെട്ട പ്രഭാകര നോണ്ടയും അമ്മയും ജയറാം നൊണ്ടയും മാത്രമായിരുന്നു വീട്ടില്‍ താമസിക്കുന്നത്. കൊലക്കേസില്‍ അടക്കം നിരവധി കേസുകളില്‍ പ്രതിയാണ് കൊല്ലപ്പെട്ട പ്രഭാകര നോണ്ട. പ്രതി ജയറാം നൊണ്ടയും നിരവധി കേസുകളില്‍ പ്രതിയാണ്.