ഒരിക്കൽ കൂടി ‘വൈഎസ്ആര്‍’ ആകാൻ മമ്മൂട്ടി; ‘യാത്ര 2’ൽ നടന്റെ പ്രതിഫലം ഇങ്ങനെ

0
351

മമ്മൂട്ടിയുടേതായി റിലീസ് ചെയ്ത് ഏറെ നിരൂപക പ്രേക്ഷക പ്രശംസകൾ ഏറ്റുവാങ്ങിയ ചിത്രമാണ് യാത്ര. മുന്‍ ആന്ധ്രപ്രദേശ് മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ ജീവിതം പറഞ്ഞ ചിത്രം ബോക്സ് ഓഫീസിലും മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. 26 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി അഭിനയിച്ച തെലുങ്ക് ചിത്രം കൂടിയായിരുന്നു ഇത്. അടുത്തിടെ ചിത്രത്തിന്റെ രണ്ടാം ഭാ​ഗം വരുന്നുവെന്ന വാർത്തകൾ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ യാത്ര 2വുമായി ബന്ധപ്പെട്ട പുതിയ റിപ്പോർട്ടുകളാണ് സിനിമാപ്രേക്ഷകർക്ക് ഇടയിലെ ചർച്ചാ വിഷയം.

വൈഎസ് രാജശേഖർ റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് യാത്ര ഒരുക്കിയതെങ്കിൽ, വരാനിരിക്കുന്ന ചിത്രം അദ്ദേഹത്തിന്റെ മകൻ വൈഎസ് ജഗൻ മോഹൻ റെഡ്ഡിയുടെ കഥയാണ് പറയുന്നതെന്നാണ് വിവരം. രാജശേഖര റെഡ്ഡിയും ജഗനും ഇല്ലാതെ വൈഎസ്ആറിന്റെ കഥ അപൂർണ്ണമാണെന്നും യാത്ര 2 അവരുടെ കഥ പൂർത്തിയാക്കുമെന്നും നേരത്തെ സംവിധായകൻ മഹി വി രാഘവ് മുൻപ് ട്വീറ്റ് ചെയ്തിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം രണ്ടാം ഭാഗത്തിലും മമ്മൂട്ടി ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.

വൈഎസ് ജഗൻ മോഹൻ റെഡ്ഡിയായി ജീവ ആണ് എത്തുന്നതെന്നാണ് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. രാജശേഖര റെഡ്ഡിയുടെ വിയോ​ഗത്തിൽ നിന്നുമാണ് രണ്ടാം ഭാ​ഗം തുടങ്ങുന്നതെന്നാണ് വിവരം. അങ്ങനെയെങ്കിൽ മമ്മൂട്ടി സിനിമയുടെ തുടക്കത്തിൽ ഉണ്ടാകുമെന്നും സിനിമയമായി ബന്ധപ്പെട്ട വ്യക്തികളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.

അതേസമയം, യാത്ര 2വിനായി മമ്മൂട്ടി വാങ്ങിക്കുന്ന പ്രതിഫലം 14 കോടിയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നത്. സിനിമയുമായി ബന്ധപ്പെട്ട് ഔദ്യോ​ഗിക വിവരങ്ങൾ ഒന്നും തന്നെ പുറത്തു വന്നിട്ടില്ല. എന്നാൽ ജ​ഗൻ മോഹൻ റെഡ്ഡിയാകാൻ ജീവ കരാറിൽ ഒപ്പിട്ടുവെന്നാണ് പല തെലുങ്ക് മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

2019ൽ ആണ് യാത്ര എന്ന സിനിമ പുറത്തിറങ്ങുന്നത്. 2004ല്‍ കോണ്‍ഗ്രസിനെ അധികാരത്തിലെത്താന്‍ സഹായിച്ച, വൈഎസ്ആര്‍ നയിച്ച 1475 കി മീ പദയാത്രയെ ആസ്പദമാക്കി ആയിരുന്നു ചിത്രം. 70 എംഎം എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ വിജയ് ഛില്ല, ശശി ദേവിറെഡ്ഡി എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും മഹി വി രാഘവ് ആണ്. സത്യന്‍ സൂര്യന്‍ ഛായാഗ്രഹണം. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗ്.

LEAVE A REPLY

Please enter your comment!
Please enter your name here