ഇന്ത്യയിൽ 2 പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ ലഹരി വേട്ട, വലയിൽ കേരളവും; 6 പേർ അറസ്റ്റിൽ

0
377

ന്യൂഡൽഹി∙ ഇന്ത്യയിൽ രണ്ടു പതിറ്റാണ്ടിനിടെയുള്ള ഏറ്റവും വലിയ ലഹരി വേട്ടയുമായി നർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി). 15,000 എൽഎസ്ഡി ബ്ലോട്ടുകളും 2.5 കിലോ ഇറക്കുമതി ചെയ്ത മരിജുവാനയും 4.65 ലക്ഷം രൂപയും എൻസിബി പിടിച്ചെടുത്തു. വിവിധ അക്കൗണ്ടുകളിലായി നിക്ഷേപിച്ച 20 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. ഇന്ത്യ മുഴുവനുമായി പടർന്നു കിടക്കുന്ന ശൃംഖലയുടെ ഭാഗമായ ആറു പേരെ അറസ്റ്റ് ചെയ്തു. ഇന്ത്യയിലെ വിവിധ നഗരങ്ങളിൽനിന്നാണ് ഇവരെ പിടികൂടിയത്. സംഘത്തിലെ പ്രധാനിയെ ജയ്പുരിൽ നിന്നാണ് പിടികൂടിയത്.

‘‘ഡാർക് നെറ്റ് ഉപയോഗിച്ചായിരുന്നു ഇവരുടെ ഇടപാടുകൾ. ഓൺലൈനായുള്ള ഇടപാടുകളിൽ പണം അടച്ചിരുന്നത് ക്രിപ്റ്റോ കറൻസിയായോ ക്രിപ്റ്റോ വാലറ്റ് ഉപയോഗിച്ചോ ആണ്. ലഹരി വിൽക്കുന്നവരും വാങ്ങുന്നവരും തമ്മിൽ നേരിട്ട് യാതൊരു ഇടപാടുകളുമില്ല.’ – എൻസിബി ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഗ്യാനേശ്വർ സിങ് വിശദീകരിച്ചു. ലഹരി ശൃംഖല പോളണ്ട്, നെതർലൻഡ്സ്, യുഎസ്എ, ഡൽഹി, രാജസ്ഥാൻ, മഹാരാഷ്ട്ര, തമിഴ്നാട്, ഉത്തർപ്രദേശ് എന്നിവിടങ്ങൾക്കു പുറമെ കേരളത്തിലും പടർന്നു കിടക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

ഇന്റർനെറ്റിലെ അധോലോകമെന്നാണ് ഡാർക് വെബ് അറിയപ്പെടുന്നത്. ലഹരിക്കടത്തുകാർ മുതൽ രാജ്യാന്തര കള്ളക്കടത്തുകാരും കൊലപാതകികളും വിഹരിക്കുന്ന ഇടമാണത്. സംശയകരമായി കണ്ട ചില സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ ലഭിച്ച വിവരം അനുസരിച്ചാണ് ഈ ലഹരി സംഘത്തെ വലയിലാക്കിയതെന്നും അദ്ദേഹം വെളിപ്പെടുത്തി. ശ്രദ്ധയിൽപെടാതിരിക്കാൻ സ്വകാര്യ മെസേജിങ് ആപ്പുകളും രഹസ്യ വെബ്സൈറ്റുകളുമാണ് ഇവർ ഉപയോഗിക്കുന്നത്. പിടിയിലായ ആറു പേരും ടെക്‌നിക്കൽ കാര്യങ്ങളിൽ മിടുക്കുള്ളവരാണെന്നും എൻസിബി വെളിപ്പെടുത്തി.

ലൈസർജിക് ആസിഡ് ഡൈതൈലമൈഡ് എന്ന ലഹരിവസ്തുവിന്റെ ചുരുക്കപ്പേരാണ് എൽഎസ്ഡി. ഒരു കിലോയിൽ താഴെവരെ കഞ്ചാവ് കൈവശം വയ്ക്കുന്നതു ജാമ്യം കിട്ടാവുന്ന കുറ്റമാണ്. എന്നാൽ, എൽഎസ്ഡി .002 ഗ്രാമിലധികം കയ്യിൽ വച്ചാൽ ജാമ്യം കിട്ടില്ല. പിടിച്ചെടുത്ത എൽഎസ്ഡിക്കു മാത്രം 10 കോടിയിലധികം രൂപ വില വരും.

ഇൻസ്റ്റഗ്രാമിലൂടെ യുവാക്കളെ കണ്ടെത്തി വലയിലാക്കുന്നതായിരുന്നു സംഘത്തിന്റെ പ്രവർത്തന രീതി. വലയിൽ വീഴ്ത്തിക്കഴിഞ്ഞാൽ ഇവരുമായുള്ള ഇടപാടുകൾ ചില സ്വകാര്യ മെസേജിങ് ആപ്പുകൾ വഴിയാക്കും.

LEAVE A REPLY

Please enter your comment!
Please enter your name here