ബംഗളൂരു: ഗോരക്ഷകര്‍ക്കും വര്‍ഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കടുത്ത നടപടി സ്വീകരിക്കാന്‍ പൊലിസിന് നിര്‍ദേശം നല്‍കി കര്‍ണാടക സര്‍ക്കാര്‍. ‘ശാളു’മണിഞ്ഞ് ആളായി നിയമം കയ്യിലെടുക്കാന്‍ വരുന്നവര്‍ ആരായാലും അവരെ തോണ്ടിയെടുത്ത് അകത്തിടാനാണ് നിര്‍ദ്ദേശം. സിദ്ധരാമയ്യ സര്‍ക്കാരില്‍ ഗ്രാമീണവികസന മന്ത്രിയായ പ്രിയങ്ക് ഖാര്‍ഗെയാണ് കഴിഞ്ഞ ദിവസം കലബുര്‍ഗി ജില്ലയില്‍ പൊലിസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്ത് കര്‍ശന നിര്‍ദേശം നല്‍കിയത്. ബലിപെരുന്നാള്‍ അടുത്ത സാഹചര്യത്തില്‍ ഗോരക്ഷാ പ്രവര്‍ത്തനം എന്ന പേരില്‍ ആര് നിയമം കൈയിലെടുത്താലും അവരെ പിടിച്ച് അകത്തിടണമെന്ന് അദ്ദേഹം പൊലപസിനോട് ആവശ്യപ്പെട്ടു.
ബലിപെരുന്നാളാണ് വരുന്നത്. മുഴുവന്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍മാരും സുപ്രണ്ടുമാരും കേള്‍ക്കണം. ആ ദളില്‍നിന്നാണ്, മറ്റേ ദളില്‍നിന്നാണെന്നൊക്കെ പറഞ്ഞ് ഗോരക്ഷാ സംഘങ്ങള്‍ വരും. അവര്‍ക്ക് കര്‍ഷകരുടെ ബുദ്ധിമുട്ട് അറിയില്ല. ചിലര്‍ ഓരോ ഷാള്‍ ധരിച്ച് ആ ദളുകാരനാണെന്നും ഇന്ന സംഘടനക്കാരനാണെന്നുമെല്ലാം പറഞ്ഞ് നിയമം കൈയിലെടുത്താല്‍ അവരെ പിടിച്ച് ജയിലിലിടണം-ഖാര്‍ഗെ ഉത്തരവിട്ടു.
ഷാള്‍ ധരിച്ച് നിയമം കയ്യിലെടുത്തു തങ്ങള്‍ ഇക്കാലത്താണെന്നു പറയുന്നവരെ തോണ്ടിയെടുത്ത് ജയിലില്‍ എറിയണം. സ്വയം പ്രഖ്യാപിത നേതാവായി വര്‍ഗീയ പ്രശ്‌നങ്ങളുടെ പേരില്‍ വിഷം ചീറ്റുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്കെതിരെ നടപടിയെടുക്കണം. എനിക്ക് അനാവശ്യ വര്‍ഗീയ കലാപങ്ങള്‍ വേണ്ട. കന്നുകാലികളെ കൊണ്ടുപോകുന്നതില്‍ നിയമം വളരെ വ്യക്തമാണ്. അവര്‍ക്ക് ശരിയായ രേഖകള്‍ ഉണ്ടെങ്കില്‍ അവരെ ഉപദ്രവിക്കരുത്- അദ്ദേഹം വ്യക്തമാക്കി.
നഗരത്തിലാണെങ്കിലും ഗ്രാമത്തിലാണെങ്കിലും കന്നുകാലികളെ കൊണ്ടുപോകുന്നതിന് ഒരേ നിയമമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രേഖകളും അനുമതിയുമെല്ലാമുണ്ടെങ്കില്‍ അവരെ പീഡിപ്പിക്കാന്‍ നില്‍ക്കരുത്. ഗോരക്ഷകരെ പണിയേല്‍പിച്ച് നിങ്ങള്‍ പൊലിസ് സ്റ്റേഷനില്‍ ഇരിക്കുകയാണോ? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് ഈ പുതിയ പീഡനം തുടങ്ങിയിരിക്കുന്നത്.”
കഴിഞ്ഞ തവണ ഇക്കൂട്ടര്‍ കര്‍ഷകരുടെ വീടുകളില്‍ ചെന്നാണ് മൃഗങ്ങള്‍ പിടിച്ചുകൊണ്ടുപോയത്. നിയമം അനുസരിച്ച് പ്രവര്‍ത്തിക്കണം. ആര് നിയമം കൈയിലെടുത്താലും അവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം. കന്നുകാലിയോ എന്തു തന്നെയായാലും ആരെങ്കിലും അനധികൃതമായി മൃഗങ്ങളെ കടത്തിയാല്‍ അവരെ പിടിച്ച് അകത്തിടണം. അതില്‍ വിട്ടുവീഴ്ചയില്ല. എന്നാല്‍, എല്ലാ അനുമതിയുമുള്ള ആരെങ്കിലും പീഡനത്തിനിരയാകുന്നുണ്ടെങ്കില്‍, നിയമം കൈയിലെടുക്കാന്‍ നിങ്ങള്‍ ആരാണെന്ന് ഈ (ഗോരക്ഷാ) സംഘത്തോട് ചോദിക്കണം-അദ്ദേഹം നിര്‍ദേശിച്ചു.
അതേസമയം, പ്രിയങ്ക് ഖാര്‍ഗെയ്‌ക്കെതിരെ സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മകന്‍ കൂടിയാണ് പ്രിയങ്ക്. ഇക്കാര്യം കൂടി ചേര്‍ത്താണ് കോണ്‍ഗ്രസിന്റെ ഹിന്ദുവിരുദ്ധ നയത്തിന്റെ ഭാഗമാണ് പ്രിയങ്കിന്റെ നിര്‍ദേശമെന്ന് സംഘ്പരിവാര്‍ പ്രൊഫൈലുകള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുന്നത്.