എഐ ക്യാമറയിൽ കുടുങ്ങാതെ രക്ഷപ്പെട്ടെന്ന് കരുതിയോ, പണി പിന്നാലെ വരുന്നുണ്ട്! ‘അഭ്യാസം’ പാളുമെന്ന് പൊലീസ്

0
236

തിരുവനന്തപുരം: എ ഐ ക്യാമറയടക്കമുള്ള നിരത്തുകളിലെ ട്രാഫിക്ക് ക്യാമറകളിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് അഭ്യാസം കാണിക്കുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവർക്കാണ് കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിച്ചുകൊണ്ട് നിയമലംഘനം മറയ്ക്കാമെന്നത് വ്യാമോഹം മാത്രമാണെന്നാണ് പൊലീസ് പറയുന്നത്. ഇത്തരം നിയമ ലംഘനങ്ങൾക്കുള്ള ‘പണി’ പിന്നാലെ വരുമെന്ന് സാരം. ഇരുചക്രവാഹങ്ങളുടെ പിന്നിലിരുന്ന് നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കാൻ ശ്രമിക്കുന്നത് അപകടകരമായ അഭ്യാസമാണെന്നും പൊലീസ് ഓ‌ർമ്മിപ്പിച്ചു.

കേരള പൊലീസിന്‍റെ കുറിപ്പ് ഇപ്രകാരം

നിരത്തുകളിലെ ക്യാമറയിൽ പെടാതിരിക്കാൻ ഇരുചക്രവാഹങ്ങളുടെ  പിന്നിലിരുന്നു നമ്പർ പ്ലേറ്റുകൾ മറച്ചു പിടിക്കുന്നവരുടെ ശ്രദ്ധയ്ക്ക് !! അപകടകരമായ അഭ്യാസമാണ് നിങ്ങൾ കാണിക്കുന്നത്. പിറകിലേക്ക് മറിഞ്ഞു വീണു അപകടം ഉണ്ടാകാനിടയുള്ള ഈ ഉദ്യമം കൊണ്ട്  നിയമലംഘനം മറയ്ക്കാമെന്നത് നിങ്ങളുടെ വ്യാമോഹം മാത്രമാണെന്നത് വിനീതമായി ഓർമിപ്പിക്കുന്നു

അതേസമയം മറ്റൊരു കുറിപ്പിലൂടെ ഹസാർഡ് ലൈറ്റ് സംബന്ധിച്ചുള്ള സംശയങ്ങൾക്കും കേരള പൊലീസ് കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിരുന്നു.

ഹസാർഡ് ലൈറ്റ് സംബന്ധിച്ച അറിയിപ്പ്

നാലുംകൂടിയ കവലയിൽ നേരേ പോകാനുള്ള സിഗ്നലല്ല ഹസാർഡ് ലൈറ്റ്: തെറ്റിദ്ധാരണകൾ തിരുത്താം…
യാത്രയ്ക്കിടെ ‘റോഡിൽ വാഹനം നിര്‍ത്തേണ്ട അടിയന്തര സാഹചര്യമുണ്ടായാൽ മാത്രം’ പുറകെ വരുന്ന വാഹനങ്ങൾക്ക് സൂചന നല്കുന്നതിലേയ്ക്കാണ് ഹസാര്‍ഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കേണ്ടത്. ലൈൻ മാറ്റം, തിരിവുകൾ തുടങ്ങിയ മറ്റ് അവസരങ്ങളിൽ ഈ സിഗ്നൽ ഉപയോഗിക്കുന്നത് പുറകെ വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കും. പല റോഡുകൾ ചേരുന്ന ജംഗ്‌ഷനുകളിൽ നേരെ പോകുന്നതിലേക്കായി ഹസാർഡ് വാർണിംഗ് ലൈറ്റ് ഉപയോഗിക്കരുത് എന്ന് സാരം.

LEAVE A REPLY

Please enter your comment!
Please enter your name here