ഉപ്പള ∙ കിണറ്റിൽ വീണ 9 പന്നിക്കുഞ്ഞുങ്ങളെ വനം വകുപ്പ് അധികൃതരും നാട്ടുകാരും ചേർന്നു രക്ഷപ്പെടുത്തി. കഴിഞ്ഞ ദിവസം രാത്രി പ്രതാപ്നഗർ ചിമ്പരം അങ്കണവാടിക്കു സമീപത്തെ സ്വകാര്യ വ്യക്തിയുടെ ചുറ്റുമതിലില്ലാത്ത കാടുപിടിച്ചു കിടന്ന കിണറ്റിലാണു കൂട്ടമായെത്തിയ പന്നികുഞ്ഞുങ്ങൾ വീണത്.
കരച്ചിൽ കേട്ടു നാട്ടുകാരെത്തി നോക്കിയപ്പോഴാണു പന്നിക്കുഞ്ഞുങ്ങളെ കിണറ്റിൽ കണ്ടത്. തുടർന്നു പഞ്ചായത്ത് അംഗം സുധാ ഗണേഷ് വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. നാട്ടുകാരുടെ സഹായത്തോടെ വനം വകുപ്പ് ജീവനക്കാർ കിണറ്റിലിറങ്ങി പന്നികളെ കൂട്ടിലാക്കി പുറത്തെടുക്കുകയായിരുന്നു. തുടർന്നു വാഹനത്തിൽ കയറ്റി കാട്ടിൽ വിട്ടു. വനം വകുപ്പ് ജീവനക്കാരായ അമൽ, നിവേദ് എന്നിവരാണു കിണറ്റിലിറങ്ങിയത്. ഈ പ്രദേശത്തു കാട്ടുപന്നി ശല്യം രൂക്ഷമാണെന്നു പരാതിയുണ്ട്.