കര്‍ണാടക ആര്‍ടിസിയുടെ നട്ടെല്ല് ഒടിച്ച് സര്‍ക്കാരിന്റെ ശക്തി സ്‌കീം. സര്‍ക്കാര്‍ പദ്ധതി ആരംഭിച്ച് മൂന്നു ദിവസത്തിനുള്ളില്‍
21 കോടി രൂപയാണ് കര്‍ണാടക ആര്‍ടിസിക്ക് ചെലവായത്. പദ്ധതിക്കായി ആരംഭിച്ച ചൊവ്വാഴ്ച 10.82 കോടിയും ആദ്യ മൂന്ന് ദിവസങ്ങളില്‍ 21.05 കോടിയും ചെലവായി. ഈ പദ്ധതിക്ക് സര്‍ക്കാരിന് പ്രതിവര്‍ഷം ഏകദേശം 4,000 കോടി രൂപ അധിക ബാധ്യത വരുമെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ശക്തി സ്‌കീമിന് കീഴിലുള്ള 13.97 ലക്ഷം ഉള്‍പ്പെടെ 38.27 ലക്ഷമാണ് കര്‍ണാടക ആര്‍ടിസി യാത്രക്കാരുടെ എണ്ണം. യഥാക്രമം 11.08 ലക്ഷം, 5.89 ലക്ഷം എന്നിങ്ങനെ എന്‍.ഡബ്ലിയൂ. കെ.ആര്‍.ടി.സി. 22.53 ലക്ഷവും കെ.കെ.ആര്‍.ടി.സി 15.67 ലക്ഷവും യാത്രക്കാരാണ് പദ്ധതിക്ക് കീഴില്‍ യാത്ര നടത്തിയത്.
തെരഞ്ഞെടുപ്പിന് മുമ്പ് കോണ്‍ഗ്രസ് നടത്തിയ അഞ്ച് പ്രധാന വാഗ്ദാനങ്ങളില്‍ ആദ്യത്തേതാണ് സര്‍ക്കാര്‍ നിറവേറ്റിയിരിക്കുന്നത്. എല്ലാ നോണ്‍ എസി സര്‍ക്കാര്‍ ബസുകളിലും സംസ്ഥാനത്തുടനീളം സ്ത്രീകള്‍ക്ക് സൗജന്യമായി യാത്രാ ചെയ്യാന്‍ കഴിയുന്നതാണ് ഈ പദ്ധതി.
എന്താണ് ‘ശക്തി’ പദ്ധതി ?
ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ ഏതുമില്ലാതെ സംസ്ഥാനത്തെ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ എല്ലാ സ്ത്രീകള്‍ക്കും സൗജന്യ ബസ് യാത്ര വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണ് ‘ശക്തി’. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരു മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ (BMTC) ഒഴികെ ബാക്കിയുള്ള മൂന്ന് സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളില്‍ ( KSRTC, NWKRTC, KKRTC) 50 ശതമാനം സീറ്റുകള്‍ പുരുഷന്മാര്‍ക്കായി സംവരണം ചെയ്യും.
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള നാല് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളിലായി (KSRTC, BMTC, NWKRTC, KKRTC) നിലവിലുള്ള 18,609 ബസുകളില്‍, സിറ്റി ട്രാന്‍സ്‌പോര്‍ട്ട്, ഓര്‍ഡിനറി, എക്‌സ്പ്രസ് ബസുകളില്‍ ഉള്‍പ്പെടെ സ്ത്രീകള്‍ക്ക് ഈ സൗജന്യ യാത്രാസേവനം ലഭിക്കും.
ആശയക്കുഴപ്പം ഒഴിവാക്കാനായി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ബസുകളില്‍ ‘സ്ത്രീകള്‍ക്ക് സൗജന്യ യാത്ര’ എന്ന പോസ്റ്ററുകളും ഒട്ടിക്കും. പദ്ധതി അനുസരിച്ച് സ്ത്രീകള്‍ക്ക് ബസുകളില്‍ സംസ്ഥാനത്തിനകത്ത് 20 കിലോമീറ്റര്‍ വരെ സൗജന്യമായി യാത്ര ചെയ്യാം.
ശക്തി സ്‌കീം സ്ഥിരമായ ആവശ്യം സൃഷ്ടിക്കുന്നതിനാല്‍, ബസ് ഷെഡ്യൂളുകള്‍ വര്‍ദ്ധിപ്പിക്കുകയോ യുക്തിസഹമാക്കുകയോ ചെയ്യുന്ന കാര്യം ബിഎംടിസി പരിഗണിക്കുമെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ട്രാന്‍സ്പോര്‍ട്ടര്‍ ചൊവ്വാഴ്ച 5,555 ബസ് ഷെഡ്യൂളുകളും ബുധനാഴ്ച 5,554 ബസ് ഷെഡ്യൂളുകളും സര്‍വീസ് നടത്തിയിട്ടുണ്ട്. സൗജന്യ ബസ് സര്‍വീസ് പ്രതിദിനം 41.8 ലക്ഷത്തിലധികം സ്ത്രീ യാത്രക്കാര്‍ ഉപയോഗിക്കുമെന്നാണ് കണക്ക് കൂട്ടുന്നത്. സംസ്ഥാന ഖജനാവിന് പ്രതിവര്‍ഷം ഏകദേശം 4,051.56 കോടി രൂപയുടെ ചെലവ് വരുമെന്നും ഗതാഗത വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.