ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

0
163

അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. വൈദ്യുതക്കാറിന്റെ
നിര്‍മാണപ്ലാന്റ് സ്ഥാപിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ വ്യക്തമാക്കി. ഭൂമി അടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ കര്‍ണാടക തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

ഇന്ത്യയില്‍ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്ല ഇന്‍ കോര്‍പ്പറേറ്റിന്റെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് കഴിഞ്ഞദിവസം അമേരിക്കയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ചയില്‍ അറിയിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് കര്‍ണാടക അതിവേഗം നീക്കങ്ങള്‍ നടത്തുന്നത്. ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ ലിങ്ക് ഉള്‍പ്പെടെയുള്ള മറ്റുസ്ഥാപനങ്ങളുമായി സഹകരിക്കാനും സംസ്ഥാനം തയ്യാറാണെന്ന് അദ്ദേഹം കുറിച്ചു. ടെക്നോളജിയുടെയും മാനുഫാക്ചറിങ്ങിന്റെയും ഹബ്ബായിമാറാനാണ് കര്‍ണാടകത്തിന്റെ ശ്രമമെന്നും പറഞ്ഞു.

ഇന്ത്യയിലെ കര്‍ണാടകയില്‍ അതിന്റെ വലിയ സാധ്യതകളും കഴിവുകളുമുള്ള ഒരു പ്ലാന്റ് സ്ഥാപിക്കുമെന്ന് ടെസ്ല പരിഗണിക്കുകയാണെങ്കില്‍, അത് ”ദി ഡെസ്റ്റിനേഷന്‍ ആണെന്ന് ഞാന്‍ പറയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ ഇലക്ട്രിക് കാര്‍ കമ്പനി കഴിയുന്നത്ര വേഗത്തില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ നോക്കുകയാണെന്ന് ടെസ്ല സിഇഒ പറഞ്ഞിരുന്നു. അടുത്ത വര്‍ഷം ഇന്ത്യ സന്ദര്‍ശിക്കാന്‍ താന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്പേസ് എക്സ് വികസിപ്പിച്ചെടുത്ത സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനമായ സ്റ്റാര്‍ലിങ്ക് കൊണ്ടുവരാന്‍ താന്‍ പദ്ധതിയിടുകയാണെന്നും മസ്‌ക് പ്രദാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയില്‍ പറഞ്ഞിരുന്നു.

കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ ഭൂമിയില്‍ എവിടെയും അതിവേഗം, കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് എത്തിക്കുന്ന സ്‌പെയ്‌സ് എക്‌സിന്റെ പദ്ധതിയാണ് സ്റ്റാര്‍ലിങ്ക്. ഇന്ത്യയുടെ വിദൂരഗ്രാമങ്ങളിലേക്ക് ഇന്റര്‍നെറ്റ് എത്തിക്കാനുള്ള കമ്പനിയുടെ ശേഷിയും മസ്‌ക് മോദിയോട് വിവരിച്ചു. അടുത്ത വര്‍ഷം ഇന്ത്യയില്‍ എത്തുമെന്നും മസ്‌ക് പറഞ്ഞു. ടെസ്ല പ്ലാന്റുകള്‍ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് കമ്പനി നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇതു കഴിയുന്നത്ര വേഗത്തിലാക്കും. മോദിയുടെ ആരാധകനെന്ന് ആദ്യം തന്നെ വ്യക്തമാക്കിയ മസ്‌ക് ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ വലിയ താല്‍പര്യമുണ്ടെന്നും അറിയിച്ചു. ഇന്ത്യയുടെ പുരോഗതിയില്‍ ക്രിയാത്മകമായി സംഭാവന ചെയ്യും. ലോകത്തിലെ മറ്റു വലിയ രാജ്യങ്ങളെക്കാള്‍ സാധ്യതകളുള്ള രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ഭാവിയെക്കുറിച്ചോര്‍ക്കുമ്പോള്‍ തനിക്ക് ആവേശമാണെന്നും മസ്‌ക് പറഞ്ഞു. ഹെഡ്ജ് ഫണ്ട് സ്ഥാപകന്‍ റേ ഡാലിയോ, നൊബേല്‍ സമ്മാന ജേതാവു കൂടിയായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ പോള്‍ റോമര്‍ തുടങ്ങിയവരുമായും മോദി കൂടിക്കാഴ്ച നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here