പൗരത്വ ഭേദഗതിക്കെതിരായ നാടകം; രാജ്യദ്രോഹ കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

0
178

ബെംഗളൂരു: 2020ലെ പൗരത്വ ഭേദഗതിക്കെതിരെ കര്‍ണാടകയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ നാടകം അവതരിപ്പിച്ച സംഭവത്തില്‍ എടുത്ത രാജ്യദ്രോഹ കേസ് കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. സ്‌കൂള്‍ മാനേജ്‌മെന്റ് ഭാരവാഹികള്‍ക്കും അധ്യാപകര്‍ക്കും എതിരെ എടുത്ത കേസാണ് കല്‍ബുര്‍ഗി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയത്. രാജ്യദ്രോഹക്കുറ്റം ചുമത്തിയതിനെതിരെ സമര്‍പ്പിച്ച ഹരജിയിലാണ് കോടതിയുടെ വിധി.

ജസ്റ്റിസ് ഹേമന്ത് ചന്തന്‍ഗൗഡയുടേതാണ് വിധി. ഇവര്‍ക്കെതിരെ ചുമത്തിയിരുന്ന സെക്ഷന്‍ 504, 505(2), 124A, 153 A എന്നീ വകുപ്പുകളും കോടതി റദ്ദാക്കി. ഹരജിക്കാര്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ അമീത് കുമാര്‍ ദേശ്പാണ്ഡെ ആണ് ഹാജരായത്.

2020 ജനുവരി 21 നായിരുന്നു കര്‍ണാടകയില്‍ ബീദറിലെ ഷഹീന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നു സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ നാടകം അവതരിപ്പിച്ചത്. ഇതിനെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തി കല്‍ബുര്‍ഗി പൊലീസ് കേസെടുത്തിരുന്നത്. നാല്, അഞ്ച്, ആറ് ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചേര്‍ന്നാണ് സ്‌കൂളില്‍ നാടകം അവതരിപ്പിച്ചത്.

സാമൂഹിക പ്രവര്‍ത്തകന്‍ നീലീഷ് രക്ഷാലിന്റെ പരാതിയിലായിരുന്നു പൊലീസ് കേസെടുത്തത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച നാടകം വൈറല്‍ ആയിരുന്നു. സ്‌കൂള്‍ അധികൃതര്‍ കുട്ടികളെ നാടകത്തിനായി ഉപയോഗിച്ചുവെന്ന് കാട്ടിയായിരുന്നു പരാതി നല്‍കിയിരുന്നത്.

നേരത്തെ, കേസില്‍ കുട്ടികളെയടക്കം ചോദ്യം ചെയ്തിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഹെഡ്മിസ്ട്രസായ ഫരീദ ബീഗത്തെയും നാടകത്തില്‍ അഭിനയിച്ച കുട്ടിയുടെ അമ്മയെയും അന്ന് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇവരെ റിമാന്‍ഡ് ചെയ്യുകയും 14 ദിവസത്തോളം ഇവര്‍ക്ക് ജയിലില്‍ കഴിയേണ്ടി വരുകയും ചെയ്തു.

കേസില്‍ പിന്നീട് ഇരുവര്‍ക്കും ജാമ്യം ലഭിച്ചു. സെഷന്‍സ് കോടതി വിശദമായി വാദം കേട്ടതിന് ശേഷം ഇവരെ രണ്ട് പേരെയും പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ ബാക്കി നാല് പേര്‍ക്കെതിരെ നിലനിന്നിരുന്ന രാജ്യദ്രോഹക്കുറ്റത്തിനെതിരെ നല്‍കിയ ഹരജിയിലാണ് ഇപ്പോള്‍ കര്‍ണാടക ഹൈക്കോടതിയിലെ കല്‍ബുര്‍ഗി ബെഞ്ചിന്റെ വിധി.

LEAVE A REPLY

Please enter your comment!
Please enter your name here