റയല്‍ വിട്ട ബെന്‍സിമ അല്‍ ഇത്തിഹാദില്‍; സൗദിയില്‍ ഇനി ബെന്‍സിമ – ക്രിസ്റ്റിയാനോ പോര്

0
171

റിയാദ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു. റയല്‍ വിട്ട താരം സൗദി ലീഗിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത കായിക മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.

കരാറിലെ പ്രധാന കാര്യങ്ങളില്‍ താരവും ക്ലബ്ബും തമ്മില്‍ ധാരണയിലെത്തിയതായും 2025 വരെയാകും ക്ലബ്ബുമായുള്ള ബെന്‍സിമയുടെ കരാറെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ബെന്‍സിമയ്ക്ക് മുന്നില്‍ നേരത്തെ തന്നെ ക്ലബ്ബ് വമ്പന്‍ ഓഫര്‍ വെച്ചിരുന്നു. ഒരു സീസണില്‍ 200 ദശലക്ഷം യൂറോ, എകദേശം 882 കോടി രൂപയാണ് ക്ലബ്ബ് താരത്തിന് വാഗ്ദാനം ചെയ്തിരുന്നത്.

സൗദി പ്രോ ലീഗിലെ ഇത്തവണത്തെ ചാമ്പ്യന്‍മാരാണ് അല്‍-ഇത്തിഹാദ്. ഇതോടെ സൗദി ലീഗില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ – ബെന്‍സിമ പോരിന് കളമൊരുങ്ങി. ലീഗില്‍ അല്‍ നസ്‌റിന്റെ താരമാണ് ക്രിസ്റ്റ്യാനോ.

ബാലണ്‍ദ്യോര്‍ ജേതാവുകൂടിയായ ബെന്‍സിമ നീണ്ട 14 വര്‍ഷത്തിനുശേഷമാണ് റയല്‍ വിട്ടത്. 2009-ല്‍ ഒളിമ്പിക് ലിയോണില്‍നിന്ന് റയലിലെത്തിയ ബെന്‍സിമ ക്ലബ്ബിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗും നാല് ലാലിഗ കിരീടങ്ങളും സ്വന്തമാക്കി. മഡ്രിഡിനൊപ്പം 25 പ്രധാന ട്രോഫികള്‍ നേടിയെന്ന റെക്കോഡും താരത്തിന്റെ പേരിലാണ്.

LEAVE A REPLY

Please enter your comment!
Please enter your name here