ഭർത്താവ് മരണപ്പെട്ടതോടെ പുണ്യഭൂമിയിൽ തനിച്ചായി സുബൈദ; മകന് പ്രത്യേക ഹജ് വിസ അനുവദിച്ച് അരികിലേക്ക് അയച്ചു; അപൂർവ സംഭവമെന്ന് ഹജ് കമ്മിറ്റി

0
299

കരിപ്പൂർ: ഹജ്ജ് കർമ്മത്തിനായി ഒരുമിച്ച് പുറപ്പെട്ട ഭർത്താവ് മരിച്ചതോടെ പുണ്യഭൂമിയിൽ ഒറ്റപ്പെട്ട സുബൈദയ്ക്ക് തണലായി മകൻ ഉടനെത്തു. ഹജ് കമ്മിറ്റിയുടെ സമയോചിതമായ ഇടപെടലിൽ മകൻ ജംഷീദിന് പ്രത്യേക വിസ അനുവദിച്ചു. സംസ്ഥാന ഹജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച്, അപേക്ഷ പോലും നൽകാത്ത മകൻ ജംഷീദിനു പ്രത്യേക ഹജ് വീസ അനുവദിക്കുകയായിരുന്നു.

ജംഷീദ് ഇന്നു രാവിലെ 8.50നുള്ള വിമാനത്തിൽ ഉമ്മയ്ക്കു കൂട്ടാകാൻ തിരിച്ചു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു ജൂൺ അഞ്ചിനു പുലർച്ചെ 4.25നുള്ള വിമാനത്തിലായിരുന്നു കോഴിക്കോട് കുന്ദമംഗലം സ്വദേശി ഉണ്ടോടിയിൽ അതൃമാനും ഭാര്യ സുബൈദയും യാത്ര തിരിച്ചത്.

എന്നാൽ സൗദിയിലെത്തി പിറ്റേന്നു ഹൃദയാഘാതംമൂലം അതൃമാൻ (70) മരിച്ചു. ഭാര്യ ഒറ്റപ്പെടുകയും ചെയ്തു. ഇതോടെ സുബൈദ (60). സഹായത്തിനായി മകനെ എത്തിച്ചുനൽകണമെന്നു സംസ്ഥാന ഹജ് കമ്മിറ്റിയോട് അപേക്ഷിക്കുകയായിരുന്നു.

തുടർന്ന് മന്ത്രി വി അബ്ദുറഹ്‌മാനും ഹജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ വിവരമറിയിച്ചു പ്രത്യേക പരിഗണനയിൽ ഹജ് വീസ അനുവദിക്കേണ്ട കാര്യങ്ങൾ നീക്കി.

സൗദിയിലെ സംസ്ഥാന ഹജ് നോഡൽ ഓഫിസർ ജാഫർ മലിക് മക്കയിൽനിന്ന് ഇന്ത്യൻ ഹജ് മിഷനുമായും സംസ്ഥാന ഹജ് കമ്മിറ്റി ഓഫിസിൽനിന്നു മുംബൈയിലേ കേന്ദ്ര ഹജ് കമ്മിറ്റിയുമായും ബന്ധപ്പെട്ട് അനുബന്ധ കാര്യങ്ങൾ പൂർത്തിയാക്കി. ഇതോടെയാണ് വ്യാഴാഴ്ച കരിപ്പൂരിൽനിന്നു രാവിലെ 8.50നു പുറപ്പെടുന്ന അവസാന ഹജ് വിമാനത്തിൽ ജംഷീദ് മക്കയിലേക്കു പുറപ്പെട്ടത്.

അതേസമയം, ഇത്തരത്തിൽ ഹജ് യാത്രയ്ക്ക് അനുമതി നൽകുന്നത് അപൂർവമാണ്. ജംഷീദിന് ഇന്നലെ രാത്രി ഒൻപതിനു ഹജ് ക്യാംപിൽ പ്രത്യേക യാത്രയയപ്പും നൽകിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here